ഒന്നര വര്‍ഷം മുമ്പ് സംപ്രേക്ഷണം ആരംഭിച്ച് മഴവില്‍ മനോരമയിലെ ജനപ്രിയ പരമ്പരയായി മാറിയ സീരിയലാണ് മണിമുത്ത്. സ്റ്റെബിന്‍ ജേക്കബ്, അവന്തിക, ഷഫ്‌ന, ജിഷിന്‍ മോഹന്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളിലെത്തിയ പരമ്പര ചുരുങ്ങിയ കാലം കൊണ്ടു തന്നെ പ്രേക്ഷക മനസുകളില്‍ ഇടംപിടിച്ചിരുന്നു. ആരാധക മനസുകളെ ആഴത്തില്‍ സ്പര്‍ശിക്കുന്ന കഥയും ആഖ്യാനരീതിയുമായി മുന്നോട്ടു പോയ പരമ്പരയിലെ കുട്ടികള്‍ അടക്കമുള്ള താരങ്ങള്‍ വളരെ പെട്ടെന്നാണ് പ്രേക്ഷകര്‍ക്കും പ്രിയങ്കരരായി മാറിയത്. ഇപ്പോഴിതാ, മണിമുത്ത് അതിന്റെ അപ്രതീക്ഷിത ക്ലൈമാക്സിലേക്ക് കടന്നിരിക്കുകയാണെന്ന വാര്‍ത്തയാണ് പുറത്തു വന്നിരിക്കുന്നത്. പരമ്പരയുടെ ഫാന്‍സ് പേജുകളിലൂടെ പുറത്തു വന്ന വീഡിയോകള്‍ ആരാധകര്‍ക്ക് വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ലായെന്നതാണ് യാഥാര്‍ത്ഥ്യം.
മറ്റു പരമ്പരകളില്‍ നിന്നും വ്യത്യസ്തമായി രണ്ട് ബാലതാരങ്ങള്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന കുടുംബ വിഷയം ആണ് മണിമുത്ത് കൈകാര്യം ചെയ്തിരുന്നത്. ഒന്നര വര്‍ഷം മുമ്പ് മഴവില്‍ മനോരമ തങ്ങളുടെ ഏറ്റവും പുതിയ സീരിയലായ മണിമുത്തിന്റെ പ്രൊമോ വീഡിയോ പുറത്തു വിട്ടപ്പോള്‍ മുതല്‍ പ്രേക്ഷകര്‍ കാത്തിരിപ്പിലായിരുന്നു. തുടര്‍ന്ന് പരമ്പര സംപ്രേക്ഷണം ചെയ്ത നാള്‍ മുതല്‍ സീരിയലിനെ നെഞ്ചിലേറ്റുകയായിരുന്നു പ്രേക്ഷകര്‍. സ്റ്റെബിന്‍ ജേക്കബ്, ഷഫ്ന, അവന്തിക മോഹന്‍, സുജാത, ജിഷിന്‍ മോഹന്‍ എന്നിവര്‍ മണി മുത്ത് സീരിയലിലെ പ്രധാന താരങ്ങളായി എത്തിയപ്പോള്‍ കേന്ദ്ര കഥാപാത്രങ്ങളായ മണിയും മുത്തുമായി മൃണ്‍മയിയും ശിവാരാധ്യയുമാണ് എത്തിയത്.
പരമ്പരയില്‍ നായക വേഷത്തില്‍ എത്തിയത് പ്രമുഖ സീരിയല്‍ താരം സ്റ്റെബിന്‍ ജേക്കബ് ആണ്. നീര്‍മാതളം സീരിയലിലൂടെ കരിയര്‍ ആരംഭിച്ച അദ്ദേഹം പിന്നീട് സീ കേരളത്തിലെ ചെമ്പരത്തിയില്‍ ഒരു പ്രധാന വേഷം കൈകാര്യം ചെയ്തു. ചെമ്പരത്തിയില്‍ ആനന്ദ് കൃഷ്ണന്റെ വേഷം ചെയ്ത സ്റ്റെബിന്‍ ജേക്കബ് മണിമുത്തിലേക്ക് എത്തിയപ്പോള്‍ ആനന്ദ് കൃഷ്ണന്റെ ആരാധകരും ഒപ്പം വന്നുവെന്നതാണ് സത്യം. പിന്നാലെ ഫാന്‍സ് പേജുകളും സജീവമായി.
മഴവില്‍ മനോരമയിലെ ആത്മസഖി, പ്രിയപെട്ടവള്‍, ഏഷ്യാനെറ്റിലെ തൂവല്‍സ്പര്‍ശം തുടങ്ങിയ സീരിയലുകളിലെ വേഷങ്ങളിലൂടെയാണ് അവന്തിക ജനപ്രിയയായത്. തമിഴ് - തെലുങ്ക് - കന്നട സിനിമകളിലും ഭാഗ്യ പരീക്ഷണങ്ങള്‍ നടത്തിയ അവന്തിക മോഹന്‍ പക്ഷേ ശ്രദ്ധിയ്ക്കപ്പെട്ടത് സീരിയല്‍ ലോകത്തേക്ക് എത്തിയതിന് ശേഷമാണ്. സിനിമകള്‍ ചെയ്യുമ്പോള്‍ തന്നെ സീരിയലുകളിലും അവന്തിക സജീവമായിരുന്നു. സൂര്യ ടിവിയില്‍ സംപ്രേക്ഷണം ചെയ്ത ശിവകാമി എന്ന സീരിയലിലൂടെയാണ് തുടക്കം. ആത്മസഖി എന്ന സീരിയലിലൂടെ ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ടവളായി. ഏഷ്യാനെറ്റിലെ തൂവല്‍ സ്പര്‍ശം എന്ന സീരിയലിലെ ശ്രേയ നന്ദിനി എന്ന ഐപിഎസ് റോള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആ സീരിയല്‍ അവസാനിച്ചപ്പോഴാണ് നടി മണിമുത്തിലേക്ക് എത്തിയത്.
മണിമുത്ത് സീരിയലിലെ മറ്റൊരു അഭിനേതാവാണ് ഷഫ്‌ന, നിരവധി സിനിമകളിലും സീരിയലുകളിലും പ്രത്യക്ഷപ്പെട്ട ജനപ്രിയ നടിമാരില്‍ ഒരാളാണ് ഷഫ്‌ന. മഴവില്‍ മനോരമയിലെ സുന്ദരിയിലൂടെയാണ് ഷഫ്‌ന മിനി സ്‌ക്രീന്‍ അരങ്ങേറ്റം കുറിച്ചത്, പിന്നീട് നോക്കെത്താ ദൂരത്ത്, ഭാഗ്യജാതകം എന്നീ പരമ്പരകളില്‍ അഭിനയിച്ചു.