ഏറെ നാളത്തെ എതിര്‍പ്പുകള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമൊടുവില്‍ സണ്ണി ലിയോണിന്റെ ബാംഗ്ലൂരു പരിപാടിക്ക് അനുമതി. നേരത്തെ നടിയെ വിലക്കണമെന്ന് ആവശ്യപ്പെട്ട കന്നഡ ആക്ടിവിസ്റ്റുകള്‍ തങ്ങളുടെ നിലപാട് മാറ്റിയതോടെയാണ് സണ്ണിക്ക് പരിപാടി അവതരിപ്പിക്കാനുള്ള അവസരമൊരുങ്ങിയിരിക്കുന്നത്. കന്നഡ സംസ്‌കാരത്തിന് ഭീഷണിയാണ് എന്നു പറഞ്ഞുകൊണ്ട് കഴിഞ്ഞ വര്‍ഷവും കന്നഡ അനുകൂല സംഘങ്ങള്‍ ചേര്‍ന്ന് സണ്ണിയുടെ ബെംഗളൂരുവിലെ പുതുവര്‍ഷ പരിപാടിയെ എതിര്‍ത്തിരുന്നു. സണ്ണി നൈറ്റ് ഇന്‍ ബെംഗളൂരു ന്യൂഇയര്‍ ഈവ് 2018' എന്ന പേരില്‍ നൃത്തപരിപാടിക്ക് തയ്യാറെടുപ്പുകള്‍ നടത്തിയെങ്കിലും, കനത്ത പ്രതിഷേധത്തെ തുടര്‍ന്ന് പൊലീസ് അനുമതി നിഷേധിച്ചിരുന്നു. തുടര്‍ന്ന് ഇതേ പരിപാടി നവംബറില്‍ നടത്താന്‍ തീരുമാനിച്ചത്.
അനുമതി ലഭിച്ചതോടെ സണ്ണി ലിയോണ്‍ ആദ്യമായി ബംഗളൂരുവില്‍ ലൈവ് പെര്‍ഫോര്‍മന്‍സിന് ഒരുങ്ങുകയാണ്.സണ്ണിക്ക് നഗരത്തില്‍ പരിപാടി അവതരിപ്പിക്കാമെങ്കിലും ചില നിബന്ധനകള്‍ക്ക് വിധേയമാണെന്ന് ഇവര്‍ അറിയിച്ചിട്ടുണ്ട്.സണ്ണി ലിയോണ്‍ ബെംഗളൂരുവില്‍ പരിപാടി അവതരിപ്പിക്കുന്നതിനോട് ഞങ്ങള്‍ക്ക് എതിര്‍പ്പില്ലെന്നും അവര്‍ക്ക് ഇവിടെ വരാനോ പരിപാടി അവതരിപ്പിക്കാനോ യാതൊരു തടസവുമില്ലെന്നും സംഘടന അറിയിച്ചു. എന്നാല്‍ നവംബറില്‍ ഇവിടെയെത്തുമ്പോള്‍ കന്നഡയെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലാകണം, പരിപാടി നടത്തേണ്ടതെന്നാണ് ഇവരുടെ ആവശ്യം.
എന്നാല്‍ നവംബറില്‍ കന്നഡ രാജ്യോത്സവവുമായി ബന്ധപ്പെട്ട് സംസ്ഥാനമൊട്ടാകെ വിവിധ പരിപാടികള്‍ നടക്കുന്നകയാണ്. കന്നഡ പ്രചാരണവുമായി ബന്ധപ്പെട്ട് തിയറ്ററുകളില്‍ കന്നഡ ചിത്രങ്ങള്‍, പബ്ബുകളില്‍ കന്നഡ ഗാനങ്ങള്‍ എന്നിവ നവംബര്‍ മാസം നിര്‍ബന്ധമാക്കിയിട്ടുണ്ട്. അതിനാല്‍ സണ്ണി പങ്കെടുക്കുന്ന ചടങ്ങിലും കന്നഡ ഗാനങ്ങള്‍ വേണം'', കര്‍ണാടക രക്ഷണ വേദികെ അറിയിച്ചു. ഏകദേശം ഒരുവര്‍ഷത്തിനു ശേഷം ഇതേ സംഘാടകരാണ് ബെംഗളൂരുവില്‍ വീണ്ടും സണ്ണിയുടെ പരിപാടി നടത്താന്‍ മുന്നോട്ട് വന്നിരിക്കുന്നത്. നവംബര്‍ മൂന്നിന് മാന്യതാ ടെക് പാര്‍ക്കിലെ വൈറ്റ് ഓര്‍ക്കിഡ് ഹോട്ടലില്‍ വച്ചാണ് ലൈവ് പെര്‍ഫോമന്‍സ് സംഘടിപ്പിക്കുന്നത്. സംഗീത സംവിധായകന്‍ രഘു ദീക്ഷിത്തായിരിക്കും പരിപാടി നയിക്കുക. ഒരു കന്നഡ പാട്ട് ഉള്‍പ്പെടെ സണ്ണിയുടെ മൂന്ന് നൃത്തങ്ങള്‍ ഉണ്ടായിരിക്കും.