കലാലയ രാഷ്ട്രീയത്തിനിടെ ജീവന്‍ വെടിഞ്ഞ അഭിമന്യുവിന്റെ ജീവിതം ആധാരമാക്കി സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. തൃശൂര്‍ ശ്രീ കേരളവര്‍മ്മ കോളജിലാണ് 'പത്മവ്യൂഹത്തിലെ അഭിമന്യു' എന്ന ചലചിത്രത്തിന്റെ ചിത്രീകരണത്തിന് തുടക്കമായത്. മുന്‍ എസ്എഫ്ഐ നേതാവും ജീവിച്ചിരിക്കുന്ന കലാലയ രക്തസാക്ഷിയുമായ സൈമണ്‍ ബ്രിട്ടോ സ്വിച്ച്ഓണ്‍ നിര്‍വഹിച്ചു.
ലോകത്തെ മാറ്റിമറിക്കുന്ന നിശ്ചയദാര്‍ഢ്യവുമായി ഉരുകി തിളക്കുന്ന തീയായിരുന്നു തന്റെ സഹായിയും സഹചാരിയുമായിരുന്ന അഭിമന്യുവെന്ന് ബ്രിട്ടോ അനുസ്മരിച്ചു. കലാലയ രാഷ്ട്രീയത്തിന് നിരോധനങ്ങള്‍ തീര്‍ക്കുന്ന തീക്ഷ്ണകാലത്ത് ഭാവിയില്‍ ഒരു ക്യാമ്പസ് എങ്ങനെയായിരിക്കണമെന്ന് അടയാളപ്പെടുത്തിയാണ് അഭിമന്യു കടന്നുപോയത്. അഭിമന്യുവിനെ കുറിച്ചുള്ള ചലചിത്രം അണിയണപ്രവര്‍ത്തകരും അഭിനേതാക്കളും സാങ്കേതിക പ്രവര്‍ത്തകരും ചേര്‍ന്ന് നല്ലൊരു സിനിമയായി മാറ്റണമെന്ന് മാത്രമാണ് തന്റെ ആഗ്രഹമെന്നും സൈമണ്‍ ബ്രിട്ടോ പറഞ്ഞു. അഭിമന്യുവിന്റെ ചിത്രത്തില്‍ പുഷ്പാര്‍ച്ചനയും നടന്നത്തിയാണ് ചടങ്ങ് ആരംഭിച്ചത്.
വിനീഷ് ആരാധ്യയാണ് സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഷാജി ജേക്കബാണ് നിര്‍വ്വഹിക്കുന്നത്. ജേര്‍ണലിസം വിദ്യാര്‍ത്ഥിയും വയനാട് സ്വദേശിയുമായ ആകാശാണ് അഭിമന്യുവിന്റെ വേഷം കൈകാര്യം ചെയ്യുന്നത്. ഇന്ദ്രന്‍സ് അഭിമന്യുവിന്റെ പിതാവായി അഭിനയിക്കും. ചിത്രീകരണ സ്വിച്ച്ഓണ്‍ ചടങ്ങില്‍ അഭിനേതാക്കളായ അമല്‍, ആദിത്യന്‍ തിരുമന, ശ്രുതി എറണാകുളം, ഡോ.നിഖില, സംഗമിത്ര എന്നിവരും പ്രമോദ് കോട്ടപ്പിള്ളി, പ്രമോദം പാലം, അധ്യാപകരായ ദീപാ നിശാന്ത്, ആര്‍ ബിന്ദു എന്നിരും പങ്കെടുത്തിരുന്നു. ഏറെ ആവേശത്തോടെയാണ് അഭിമന്യുവിന്റെ ജീവിതം വരച്ചുകാട്ടുന്ന ചലചിത്രത്തിന്റെ ചിത്രീകരണത്തെ കേരളവര്‍മ്മ കോളജിലെ വിദ്യാര്‍ത്ഥികള്‍ വരവേറ്റത്.
ഇക്കഴിഞ്ഞ ജൂലൈ ഒന്നിനാണ് എസ്എഫ്ഐ നേതാവായ അഭിമന്യുവിനെ ഒരുസംഘം കൊലപ്പെടുത്തിയത്. കേരളം ഞെട്ടലോടെ കണ്ട കൊലപാതകവും, അഭിമന്യുവിന്റെ ജീവിതവും ഏറെ ചര്‍ച്ചയായിരുന്നു. ഇടുക്കി വട്ടവടയിലെ ആദിവാസി കുടുംബാംഗമായ ആ ഇരുപതുകാരന്‍ ഒരുപാടു സ്വപ്നങ്ങളുമായാണ് എറണാകുളത്തെ മഹാരാജാസ് കോളജിലെത്തുന്നത്. എസ്എഫ്ഐ ബുക്ക്ഡ് എന്നെഴുതിവച്ച ചുവരില്‍ ക്യാന്പസ് ഫ്രണ്ടിന്റെ ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടതും അതുമായ്ക്കാതെ തന്നെ അവിടെ 'വര്‍ഗീതയ തുലയട്ടെ' എന്നെഴുതി വയ്ക്കുകയും ചെയ്തതാണ് കലാപത്തിനു തുടക്കമായത്. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചിട്ടും നെഞ്ചിലായിരുന്നു അഭിമന്യുവിന് കുത്തേറ്റത്. തൊട്ടടുത്തെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.