Latest News

ഇനി പിറന്നാളിന് ഉപ്പയില്ല..! നടനും നിര്‍മാതാവുമായ ഷഫീര്‍ വിടവാങ്ങിയത് മകന്റെ പിറന്നാള്‍ ആഘോഷിച്ച ശേഷം; ഷഫീര്‍ സേട്ടിന്റെ വിയോഗത്തില്‍ തേങ്ങി സിനിമാലോകം

Malayalilife
ഇനി പിറന്നാളിന് ഉപ്പയില്ല..! നടനും നിര്‍മാതാവുമായ ഷഫീര്‍ വിടവാങ്ങിയത് മകന്റെ പിറന്നാള്‍ ആഘോഷിച്ച ശേഷം; ഷഫീര്‍ സേട്ടിന്റെ വിയോഗത്തില്‍ തേങ്ങി സിനിമാലോകം

നിര്‍മാതാവായും നടനായും പ്രൊഡക്ഷന്‍ കണ്‍ട്രോളറായുമെല്ലാം തിളങ്ങിയ ഷഫീര്‍ സേട്ട് എന്ന 44കാരന്റെ വിയോഗം ഇന്ന് പുലര്‍ച്ച നടന്നതിന്റെ ഞെട്ടലിലാണ് സിനിമാലോകം. ഹൃദയാഘാതം മൂലം സ്വകാര്യ ആശുപത്രിയില്‍ മരിച്ച ഷഫീറിന്റെ മരണം പലര്‍ക്കും വിശ്വസിക്കാനായിട്ടില്ല.

കഴിഞ്ഞ ഇരുപതു വര്‍ഷത്തോളമായി സിനിമാ നിര്‍മാണ നിയന്ത്രണ മേഖലയില്‍ പ്രവര്‍ത്തിച്ചു വരുന്ന ഷഫീര്‍ സേട്ട് ഇരുപത്തിയഞ്ചോളം ചിത്രങ്ങളുടെ നിര്‍മാണ ചുമതല വഹിച്ചിട്ടുണ്ട്. പറക്കമുറ്റാത്ത കുഞ്ഞുങ്ങളെയും ഭാര്യയെയും തനിച്ചാക്കി മകന്റെ പിറന്നാള്‍ ആഘോഷിച്ചാണ് ഷഫീര്‍ സേട്ട് ജീവിതത്തില്‍നിന്നും വിടവാങ്ങിയത്.

 

ആരെയും പിണക്കാതെ എല്ലാവരുമായും പെട്ടന്നു സൗഹൃദത്തിലാകുന്ന സ്വഭാവമായിരുന്നു ഷഫീര്‍ സേട്ടിന്റെത്. മലയാള സിനിമയ്ക്കു പ്രിയപ്പെട്ടവനായ ഷഫീറിന്റെ മരണം താങ്ങാവുന്നതിനും അപ്പുറമാണെന്ന് സിനിമാപ്രവര്‍ത്തകര്‍ പറയുന്നു. മമ്മൂട്ടി ചിത്രം മാമാങ്കം, നാദിര്‍ഷയുടെ 'മേരാ നാം ഷാജി' ഉള്‍പ്പടെ എട്ടോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മിനിഞ്ഞാന്നായിരുന്നു ഷഫീറിന്റെ മകന്റെ അഞ്ചാം പിറന്നാള്‍ ആഘോഷം. ഇതിന്റെ ചിത്രങ്ങള്‍ ഷഫീര്‍ പോസ്റ്റ് ചെയ്തത് സൂഹൃത്തുകളെ കരയിപ്പിക്കുകയാണ്. ആ കുടുംബത്തിന്റെ ഈ ചിരിയാണ്, സ്വപ്നങ്ങളാണ് രണ്ട് ദിവസത്തിനുള്ളില്‍ മാഞ്ഞു പോയത് എന്ന് സംവിധായകന്‍ ഷൈജു അന്തിക്കാട് ഫേസ്ബുക്കില്‍ കുറിച്ചു. ഈ പിറന്നാള്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോള്‍ ആ കുഞ്ഞുമകന്‍ ഒരിക്കലും കരുതിക്കാണില്ല അടുത്ത പിറന്നാളിന് ഉപ്പ ഉണ്ടാവില്ലെന്ന്. ഇനി ഒരു പിറന്നാളിനും സമ്മാനങ്ങളുമായി ഉപ്പ വരില്ലെന്ന്. ആ കുഞ്ഞു മക്കളോട് ഒരല്‍പ്പം കരുണ കാണിക്കാമായിരുന്നു കാണാമറയത്തിരിക്കുന്ന ദൈവത്തിന്.

സിനിമ ഷഫീറിന് ജീവനും ജീവിതവുമായിരുന്നു. ജോഷി സാറിന്റെ സിനിമയുടെ ഷൂട്ടിങ്ങില്‍ ആയിരുന്നു ഷഫീര്‍. ഷൂട്ടിന് പുറപ്പെടുമ്പോള്‍ ചിരിയോടെ, സന്തോഷത്തോടെ പുറപ്പെട്ട വീട്ടിലേക്ക് ചേതനയറ്റ ആ ശരീരം തിരിച്ചെത്തുമ്പോള്‍ അത് താങ്ങാനുള്ള ശക്തി... മനക്കരുത്ത് ഷഫീറിന്റെ കുടുംബത്തിന് ദൈവം നല്‍കട്ടെ എന്ന് പ്രാര്‍ഥിക്കുന്നു. മരണം എപ്പോഴും നമ്മുടെ തൊട്ട്പിന്നില്‍ നടക്കുന്ന സുഹൃത്താണ്. ചിലപ്പോള്‍ ആ സുഹൃത്ത് മുന്‍പേ കയറി നടക്കും. ഇത് പക്ഷെ വളരെ മുന്‍പേ ആയിപ്പോയി, വളരെ വളരെ മുന്‍പേ. 44 വയസ് മരിക്കാനുള്ള വയസ്സായിരുന്നില്ല. ഒരുപാട് സ്വപ്നങ്ങള്‍ ബാക്കി വെച്ചുകൊണ്ടാണ് ഷഫീര്‍ മടങ്ങുന്നത്. കുടുംബത്തെക്കുറിച്ചുള്ള സ്വപ്നം, കുട്ടികളെക്കുറിച്ചുള്ളസ്വപ്നം, സിനിമയെക്കുറിച്ചുള്ള സ്വപ്നം, ജീവിതത്തെക്കുറിച്ചുള്ള സ്വപ്നം. എല്ലാം പാതി വഴിയില്‍ ഉപേക്ഷിച്ചുകൊണ്ടുള്ള മടക്കം. ആ നല്ല സുഹൃത്തിന്റെ ആത്മാവിനു നിത്യശാന്തി നല്‍കാന്‍ പ്രാര്‍ത്ഥിക്കുന്നു എന്നും ഷൈജു കുറിക്കുന്നു.

ഷഫീര്‍ സേട്ട് നമ്മളെ വിട്ട് പോയി എന്ന് വിശ്വസിക്കാനാവുന്നില്ലെന്നാണ് നടി മാലാ പാര്‍വതി കുറിച്ചത്. ഇന്നലെ വൈകുന്നേരവും തമാശ പറഞ്ഞ് പിരിഞ്ഞതാണ്. വെളുപ്പിന് 3.30ന് മരണം വന്ന് കൂട്ടി കൊണ്ട് പോയി. കൊടുങ്ങല്ലൂര്‍, ജോഷി സാറിന്റെ പടം കണ്‍ട്രോളര്‍ ആണ്. ഇന്നലെ ഷൂട്ടിങില്‍ അദ്ദേഹത്തിന്റെ രണ്ട് മക്കളും അഭിനയിച്ചിരുന്നു. ദിയ മൂന്നാം ക്ലാസ്സിലും ഇളയ മകന്‍ എല്‍കെജിയിലും. താങ്ങാനാവുന്നില്ലെന്നും മാലാ പാര്‍വതി പോസ്റ്റില്‍ പറയുന്നു. തന്റെ ജീവിതത്തില്‍ തടസമായി വന്നെങ്കിലും പിന്നീട് ജേഷ്ഠ തുല്യ സൗഹൃദത്തിലേറിയ വഴിമാറിയ ഹൃദയ ബന്ധം എന്നാണ് യുവ സംവിധായകന്‍ വിസി അഭിലാഷ് ഫേസ്ബുക്കില്‍ കുറിച്ചത്. ഷഫീറിക്ക തന്റെ ആളൊരുക്കം സിനിമയിലെ നായകനായ ഇന്ദ്രന്‍സിന്റെ ഡേറ്റ് കുമാരസംഭവത്തിന് ചോദിച്ച് വിളിച്ചു. എന്നാല്‍ അതിനോട് നോ പറഞ്ഞപ്പോള്‍ ഈര്‍ഷ്യയോടെ ഷഫീറിക്ക ഫോണ്‍ വച്ചു. പക്ഷേ ആളൊരുക്കത്തിന് അവാര്‍ഡ് കിട്ടിയതറിഞ്ഞ് അദ്ദേഹം ഒരു മാധ്യമത്തില്‍ ക്ഷമാപണകുറിപ്പ് എഴുതിയെന്നും അഭിലാഷ് കുറിച്ചു. ഈ കുറിപ്പ് വന്നതോടെ താന്‍ ഷഫീറിക്കയുടെ നമ്പര്‍ തേടി പിടിച്ച് വിളിച്ചെന്നും പിന്നീട് നല്ല സുഹൃത്തുകളായി മാറിയെന്നും അഭിലാഷ് വേദനയോടെ പറയുന്നു. നേരില്‍ കണ്ടിട്ടില്ലെങ്കിലും പ്രിയപ്പെട്ട ഷഫീറിക്കാ, എന്റെ ഹൃദയാലിംഗനം കൊണ്ട് ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് യാത്രാമൊഴി നേരുന്നു എന്നു പറഞ്ഞാ് അഭിലാഷിന്റെ കുറിപ്പ് അവസാനിക്കുന്നത്.

Read more topics: # Shafeer Sait,# memories,# film industry
Shafeer Sait memories film industry

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES