മലയാളത്തില്‍ പല കാര്യങ്ങളിലും കര്‍ക്കശമായ നിലപാട് എടുത്ത പല നടിമാരും ഇപ്പോള്‍ കാര്യമായ സിനിമകളില്‍ ഇല്ലാതെ തഴയപ്പെട്ടു കഴിഞ്ഞിരിക്കുന്നത്. മാനസിക പീഡനം മുതല്‍ കാസ്റ്റിങ്ങ് കൗച്ച് വിവാദത്തിലും, നടിയെ ആക്രമിച്ച കേസില്‍ ശരിക്കൊപ്പം നിന്നതിനുമൊക്കെ നടി പാര്‍വതിയും റിമയും രമ്യ നമ്പീശനും സിനിമാ മേഖലയില്‍ നിന്നും ഏറെ പീഡനം അനുഭവിച്ചു. ഈ അവസരത്തില്‍ ഇപ്പോള്‍ തുറന്നുപറച്ചിലുമായി നടന്‍ പൃഥിരാജ് രംഗത്തെത്തിയിരിക്കയാണ്. നടിമാര്‍ മാത്രമല്ല നടന്മാരും പീഡനത്തിന് ഇരയാകുന്നുവെന്ന വെളിപ്പെടുത്തലാണ് പൃഥി നടത്തിയിരിക്കുന്നത്.
മാധ്യമം ആഴ്ചപതിപ്പിന് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് തന്റെ നിലപാടുകള്‍ വ്യക്തമാക്കിയത്. സിനിമയില്‍ വളരെ സജീവമായിരുന്ന നടി പാര്‍വതി തന്റെ നിലപാടുകളുടെ പേരില്‍ സിനിമകളില്‍ നിന്നും ഒഴിവാക്കപ്പെട്ടത് ചൂണ്ടിക്കാട്ടിയപ്പോഴാണ് പൃഥിരാജ് താനും അത്തരത്തില്‍ അവഗണിക്കപ്പെട്ടിരുന്നു എന്ന തുറന്നുപറച്ചില്‍ നടത്തിയത്. നിലപാട് എടുത്തതിന്റെ പേരില്‍ ഒരുപാട് സിനിമകളില്‍ നിന്ന് ഒരുകാലത്ത് ഒഴിവാക്കപ്പെട്ട ആളാണ് താനെന്നും പൃഥ്വിരാജ് പറയുന്നു. ഈ പ്രസ്താവനയിലൂടെ അമ്മയെ പൃഥ്വിരാജ് അപമാനിച്ചുവെന്ന നിലപാട് ഉയരുന്നുണ്ട്. എന്നാല്‍ അമ്മയ്ക്കെതിരെ പൃഥ്വി ഒന്നും പറഞ്ഞിട്ടില്ലെന്നാണ് അമ്മയുടെ പ്രസിഡന്റ് കൂടിയായ മോഹന്‍ലാലിന്റെ നിലപാട്.
വിനയന്‍ ചിത്രത്തിന്റെ പൂജാ ചടങ്ങിലെ പൃഥിരാജിന്റെ അമ്മ മല്ലികാ സുകുമാരന്റെ പ്രസംഗം ഓര്‍മ്മപ്പെടുത്തും വിധമാണ് മാധ്യമത്തിലെ മകന്റെ അഭിമുഖം. മലയാള സിനിമയിലെ കൊള്ളരുതായ്മകയ്ക്കെതിരെ മല്ലിക ആഞ്ഞടിച്ചിരുന്നു. പൃഥിരാജിന്റെ തുടക്കകാലത്ത് നേരിട്ട അനുഭവങ്ങളാണ് മല്ലിക പങ്കുവച്ചത്. ചിത്രങ്ങള്‍ ഓരോന്നായി പരാജയപ്പെട്ടപ്പോഴാണ് അത്ഭുതദ്വീപ് എന്ന ചിത്രത്തിലൂടെ വിനയന്‍സാര്‍ പൃഥ്വിരാജിനെ വീണ്ടും സിനിമിലേക്ക് കൊണ്ടുവരുന്നത്. ഇതിന് ശേഷം അവന് തിരിഞ്ഞ് നോക്കേണ്ടിവന്നിട്ടില്ല. ഒരു വിഭാഗത്തിന്റെ ബഹിഷ്‌കരണ ആഹ്വാനത്തില്‍ മനസ്സുമടുത്ത്് വിദേശവാസത്തിനൊരുങ്ങിയ മകന്‍ പൃഥ്വിരാജിനെ സിനിമയില്‍ പിടിച്ചുനിര്‍ത്തിയതില്‍ തന്റെ ഇടപെടല്‍ മാതാവ് മല്ലിക സുകുമാരന്‍ വിവരിച്ചത് ഇങ്ങനെയാണ്. ഇതെല്ലാം ശരിയാണെന്ന് സമ്മതിക്കും വിധമാണ് പൃഥ്വിരാജിന്റെ പുതിയ അഭിമുഖവും.
സിനിമയിലെ വനിത കൂട്ടായ്മയ്ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കും വിധമാണ് പൃഥ്വിരാജിന്റെ അഭിമുഖം. നിലപാടുള്ള നടിമാര്‍ക്ക് മാത്രമല്ല നടന്മാര്‍ക്കും അത്തരം അനുഭവങ്ങള്‍ ഉണ്ടാകും.ഒരു നിലപാട് എടുത്തതിന്റെ പേരില്‍ ഒരുപാട് സിനിമകളില്‍ നിന്ന് ഒരുകാലത്ത് ഒഴിവാക്കപ്പെട്ട ഒരാളാണ് ഞാന്‍. നടന്മാര്‍ക്ക് അത്തരം അനുഭവങ്ങള്‍ ഉണ്ടാകില്ലെന്ന് പറയാന്‍ പറ്റില്ല. എനിക്കും പണ്ട് അത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. നിലപാടുകള്‍ പറഞ്ഞതിന്റെ പേരില്‍ അവസരങ്ങള്‍ നിഷേധിക്കപ്പെട്ടിട്ടുണ്ടെന്ന് പൃഥ്വിരാജ് പറഞ്ഞു. എനിക്ക് പൊയ്മുഖം അണിയുക ബുദ്ധിമുട്ടാണ്. സിനിമയില്‍ വന്നകാലം മുതല്‍ ഞാന്‍ ഞാനല്ലാത്ത ഒരാളായി ആള്‍ക്കാരോട് പെരുമാറിയിരുന്നെങ്കില്‍ ചിലപ്പോള്‍ ഈ ആരോപണങ്ങളൊന്നും എന്നെക്കുറിച്ച് ഉണ്ടാകുമായിരുന്നില്ലെന്നും താരം പറയുന്നു.
നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റിലായപ്പോള്‍ അമ്മയില്‍ നിന്ന് ദിലീപിനെ പുറത്താക്കാന്‍ കാരണമായത് പൃഥ്വിയുടെ ഇടപെടലായിരുന്നു. ഇതിന് ശേഷം സിനിമാ ലോകത്തെ പലവിധ എതിര്‍പ്പുകള്‍ പൃഥ്വിയ്ക്കെതിരെ ഉയര്‍ന്നു. അമ്മയുടെ തലപ്പത്ത് പൃഥ്വിയെത്തണമെന്ന് ഒരു വിഭാഗം ആഗ്രഹിച്ചിരുന്നു. എന്നാല്‍ അതൊന്നും നടന്നില്ല. അതിന് ശേഷം അമ്മയുമായി പൃഥ്വി സഹകരിച്ചതുമില്ല. പിന്നെയാണ് ലൂസിഫറുമായി സംവിധായകനായി മാറിയതും. അപ്പോഴും പൃഥ്വി നായകനായ സിനിമകള്‍ അണിയറയില്‍ ഒരുങ്ങുകയാണ്. സിനിമകള്‍ ചിലര്‍ കൂവി തോല്‍പ്പിക്കുന്നതായും പൃഥ്വി രാജ് അമ്മയ്ക്ക് പരാതി നല്‍കിയിരുന്നു.
ദിലീപിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന തരത്തിലായിരുന്നു ഈ പരാതി. ഇതിലൊന്നും ഒരു നടപടിയും ആരും എടുത്തില്ല. എന്നാല്‍ വിവാദങ്ങള്‍ ഒഴിവാക്കാന്‍ പരമാവധി കരുതലോടെ പ്രതികരിക്കുകയും ചെയ്തു. ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണ് തന്റെ മനസ്സെന്നും വിശദീകരിച്ചു. ഇതിന് ശേഷം നീണ്ട മൗനത്തിലായിരുന്നു പൃഥ്വി. വീണ്ടും പൃഥ്വി നിലപാട് വിശദീകരിക്കുമ്പോള്‍ അമ്മയില്‍ അത് എന്ത് ചലനമുണ്ടാക്കുമെന്നാണ് ഏവരും ഉറ്റു നോക്കുന്നത്.