സിനിമകളില്‍ ടോക്‌സിക് ബന്ധങ്ങളെയും അക്രമങ്ങളെയും മഹത്വവത്കരിക്കുന്ന പ്രവണതയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാധിക ആപ്തെ. ഭര്‍ത്താവിന്റെയോ പങ്കാളിയുടെയോ വാക്കുകള്‍ അനുസരിക്കുന്നത് പ്രണയമല്ലെന്നും അത് അധികാരവും നിയന്ത്രണവുമാണെന്നും അവര്‍ തുറന്നടിച്ചു. സമീപകാലത്ത് ഇത്തരം പ്രമേയങ്ങള്‍ കൈകാര്യം ചെയ്ത സിനിമകള്‍ വലിയ വിജയങ്ങള്‍ നേടുന്ന പശ്ചാത്തലത്തിലാണ് രാധികയുടെ പ്രതികരണം.
സന്ദീപ് റെഡ്ഡി വാംഗ സംവിധാനം ചെയ്ത 'ആനിമല്‍' പോലുള്ള ചിത്രങ്ങള്‍ ബോക്സ് ഓഫീസില്‍ വന്‍ വിജയം നേടിയതിന് പിന്നാലെ ബോളിവുഡില്‍ വിഷലിപ്തമായ ബന്ധങ്ങളെ ആഘോഷിക്കുന്ന സിനിമകളുടെ കുത്തൊഴുക്കുണ്ടായെന്ന് രാധിക ചൂണ്ടിക്കാട്ടി. 'നേരെ ഇഷ്‌ക് മേം' അടക്കമുള്ള സമീപകാല സിനിമകള്‍ ഇത്തരം പ്രമേയങ്ങളുടെ പേരില്‍ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. താന്‍ അഭിനയിച്ച 'സാലി മൊഹബത്ത്' എന്ന സിനിമയിലെ ഒരു കൊലപാതക രംഗത്തെക്കുറിച്ച് സംസാരിക്കവെയാണ് രാധികയുടെ അഭിപ്രായ പ്രകടനം.
ആ രംഗം പ്രണയത്തിന്റെ തീവ്രതയില്‍ സംഭവിച്ചതല്ലെന്നും, മറിച്ച് അനീതിയില്‍ നിന്നും മോശം സമീപനത്തില്‍ നിന്നുമാണ് ഉണ്ടാകുന്നതെന്നും രാധിക വിശദീകരിച്ചു. പങ്കാളിക്ക് വേണ്ടിയോ മറ്റൊരാള്‍ക്ക് വേണ്ടിയോ ചെയ്യുന്ന കുറ്റകൃത്യങ്ങളെ മഹത്വവത്കരിക്കുന്നതിനെ താന്‍ ഇഷ്ടപ്പെടുന്നില്ലെന്നും അവര്‍ പറഞ്ഞു. 'ഇവിടെയാണ് നമ്മുടെ കാഴ്ചപ്പാടുകള്‍ തെറ്റുന്നത്. ഈ സിനിമയില്‍ അത് സംഭവിക്കുന്നത് തുടര്‍ച്ചയായി മോശമായി പെരുമാറുന്നിടത്തുനിന്നുമാണ്,' രാധിക കൂട്ടിച്ചേര്‍ത്തു.
പ്രണയത്തെക്കുറിച്ചുള്ള പൊതുവായ ധാരണകളെയും രാധിക ചോദ്യം ചെയ്തു. 'നമ്മുടെ സംസ്‌കാരത്തില്‍ ഈ പ്രവര്‍ത്തികളെല്ലാം സ്‌നേഹപ്രകടനമായിട്ടാണ് കണക്കാക്കുക. നമ്മള്‍ അതിനെ പ്രണയം എന്ന് വിളിക്കും. എന്നാല്‍ മറ്റൊരാളെ സന്തോഷിപ്പിക്കാനായി നമ്മുടെ സന്തോഷത്തെ മാറ്റി വെക്കുന്നത് സ്‌നേഹമല്ല. അതിനെ പ്രണയം എന്ന് വിളിക്കാനാകില്ല. ആ ചിന്ത എനിക്ക് അംഗീകരിക്കാനാകില്ല,' അവര്‍ വ്യക്തമാക്കി. ഭര്‍ത്താവായാലും ഭര്‍ത്താവിന്റെ കുടുംബമായാലും മാതാപിതാക്കളായാലും അവര്‍ പറയുന്നത് കേള്‍ക്കുന്നതും അവര്‍ പറയുന്നത് ചെയ്യുന്നതും സ്‌നേഹമല്ലെന്നും, അത് അനുസരണയും അധികാരവുമാണെന്നും നടി നിരീക്ഷിച്ചു.
'തനിക്ക് വേണ്ടി മറ്റൊരാള്‍ അവരുടെ സന്തോഷത്തെ മാറ്റി വെക്കുമെന്ന് ഒരാള്‍ പ്രതീക്ഷിച്ചാല്‍ അത് സ്‌നേഹമല്ല. യഥാര്‍ത്ഥ സ്‌നേഹം മറ്റുള്ളവര്‍ സന്തോഷിക്കുന്നത് കാണുന്നതിലാണ്. അനുസരണം പ്രണയമല്ല. അത് അധികാരവും നിയന്ത്രണവുമാണ്. അതിനെ പ്രണയം, ബഹുമാനം എന്നൊക്കെ വിളിക്കുന്നത് കേട്ട് മടുത്തു,' രാധിക പറഞ്ഞു. 'ഇത് ഭയാനകമാണ്. ഒബ്‌സഷനെയും നിയന്ത്രണത്തെയും അധികാരത്തെയുമൊക്കെ പാഷനായി മഹത്വവത്കരിക്കുന്ന ഇത്തരം സിനിമകളും കഥകളും നിര്‍ത്തിവെക്കണമെന്ന് ഞാന്‍ കരുതുന്നു. അത് വലിയ തെറ്റാണ്,' രാധിക ആപ്തെ പറഞ്ഞു.