നടി രാധിക ആപ്‌തെയ്ക്കും ബെനഡിക്റ്റ് ടെയ്ലറിനും അടുത്തിടെയാണ് ആദ്യ കുഞ്ഞ് പിറന്നത്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ്, നടി തന്റെ ഒരാഴ്ച പ്രായമുള്ള കുഞ്ഞിന് മുലയൂട്ടുന്ന ഒരു ചിത്രം പോസ്റ്റ് ചെയ്തപ്പോഴാണ് കുഞ്ഞെത്തിയ വിവരം പുറം ലോകം അറിയുന്നത്. ഇപ്പോളിതാ നടി പങ്ക് വച്ച മെറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങളും ശ്രദ്ധ നേടുകയാണ്.
ഗര്‍ഭകാലത്ത് താന്‍ എങ്ങനെ കാണപ്പെടുന്നുവെന്ന് ഉള്‍ക്കൊള്ളാന്‍ പാടുപെട്ടിരുന്നതായി വെളിപ്പെടുത്തിക്കൊണ്ട്, വോഗുമായി തന്റെ മെറ്റേണിറ്റി ഫോട്ടോഷൂട്ടില്‍ നിന്നുള്ള ചിത്രങ്ങളും അവര്‍ പങ്കിട്ടു. ഗര്‍ഭിണിയാണെന്ന് അറിഞ്ഞതുമുതല്‍ എല്ലാവരോടും അതു പറയാന്‍ തുടങ്ങിയെന്നും കുഞ്ഞിന് ജന്മം നല്‍കുന്നതിന് ഒരു ആഴ്ച മുമ്പ് താന്‍ ഫോട്ടോകള്‍ക്ക് പോസ് ചെയ്തതായി അവര്‍ കുറിക്കുന്നു.
'ഭൂരിഭാഗം സ്ത്രീകള്‍ക്കും ഗര്‍ഭകാലം വളരെ ബുദ്ധിമുട്ടുകള്‍ നിറഞ്ഞതായിരിക്കും. അത് നിങ്ങളുടെ ആര്‍ത്തവകാലത്തെയോ ആര്‍ത്തവ വിരാമകാലത്തെയോ പോലെ കഠിനമായിരിക്കും. ആര്‍ത്തവവിരാമത്തെയും ആര്‍ത്തവത്തെയും സംബന്ധിച്ച് നമ്മള്‍ തുറന്നു സംസാരിക്കാറുണ്ട്. ഇതെല്ലാം ചേരുന്ന ഒരു അവസ്ഥയാണ് ഗര്‍ഭകാലം. ഒരു കുഞ്ഞിനു ജന്മം നല്‍കുക എന്നത് വളരെ മനോഹരമായ കാര്യമാണ്. എന്നാല്‍ ആരും ഈകാലത്ത് നേരിടുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് സംസാരിക്കാന്‍ തയാറാകുന്നില്ല.' രാധിക പറഞ്ഞു.
യുകെയിലെ ആഷിഷ് ഗുപ്ത എന്ന ഡിസൈനറാണ് ഈ വസ്ത്രം ഡിസൈന്‍ ചെയ്തത്. പുറംഭാഗം ഓപ്പണ്‍ചെയ്ത് ശരീരത്തോട് ചേര്‍ന്ന കിടക്കുന്ന രീതിയിലാണ് ഈ വസ്ത്രം ഡിസൈന്‍ ചെയ്തിരിക്കുന്നത്. കൈപ്പത്തികൂടി മൂടുന്ന വിധം ഫുള്‍സ്ലീവാണ്. എന്നാല്‍ ഫോട്ടോകള്‍ വലിയ രീതിയിലുള്ള സാമൂഹിക മാധ്യമ അവഹേളനം നേരിട്ടുകൊണ്ടിരിക്കുകയാണ്. ഇന്ത്യന്‍ സംസ്‌കാരത്തെ അവഹേളിക്കുകയാണെന്നുപറഞ്ഞാണ് പലരും ചിത്രങ്ങള്‍ക്ക് കമന്റ് ചെയ്തിട്ടുണ്ട്.