പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ലൂസിഫർ ഏറെക്കാലത്തിന് ശേഷം തിയേറ്ററുകളെ ഇളക്കി മറിച്ച ചിത്രങ്ങളിലൊന്നാണ്. ചിത്രത്തിന്റെ രണ്ടാംഭാഗം വരുമെന്ന സൂചനകൾ പൃഥിരാജും ചിത്രത്തിന്റെ തിരക്കഥാകൃത്തായ മുരളി ഗോപിയും നൽകിയതോടെ അതിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഇതിനിടെയിൽ പൃഥിരാജ് ലൂസിഫറിന്റെ റഷ്യയിലെ ലൊക്കേഷനിൽ നിന്നുള്ള വീഡിയോ ആണ് വൈറലാകുന്നത്.
കൊടും മഞ്ഞിൽ ഷൂട്ടിങ്ങിനുള്ള ഉപകരണങ്ങൾ എടുത്ത് സെറ്റിലേക്ക് വരുന്ന നടൻ മോഹൻലാലിന്റെ ദൃശ്യങ്ങളാണ് സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്. ലൂസിഫറിന്റെ ചിത്രീകരണ വേളയിലാണ് തന്റെ സഹപ്രവർത്തകർക്ക് താരം കൈത്താങ്ങായത്. ലൂസിഫറിന്റെ സംവിധായകനും നടനുമായ പൃഥ്വിരാജാണ് ദൃശ്യങ്ങൾ ട്വിറ്ററിലൂടെ പങ്കുവച്ചത്.
'റഷ്യയിൽ 16 ഡി?ഗ്രി സെഷ്യൽസാണ് താപനില. ഓരോ മണൽചാക്കുകളുടേയും ഭാരം 20 കിലോയ്ക്കും മുകളിലാണ്. അദ്ദേഹത്തിന് ഇരിക്കാൻ ചൂടുള്ള ടെന്റ് ഉണ്ടായിരുന്നു. എന്നാൽ അദ്ദേഹം ഞങ്ങൾക്കൊപ്പം നിൽക്കാൻ താൽപര്യപ്പെടുകയും ഷൂട്ടിങ്ങിനുള്ള ഒരുക്കങ്ങൾക്കായി സഹായിക്കുകയും ചെയ്യുകയായിരുന്നു', പൃഥ്വിരാജ് ട്വീറ്ററിൽ കുറിച്ചു.
പൃഥ്വിരാജ് സംവിധായകനായി അരങ്ങേറ്റം കുറിച്ച 'ലൂസിഫർ' മാർച്ച് 28-ലാണ് പ്രദർശനത്തിനെത്തിയത്. നടൻ മുരളിഗോപി തിരക്കഥയൊരുക്കിയ ചിത്രം നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്.സ്റ്റീഫൻ നെടുമ്പള്ളിയായി മോഹൻലാൽ നിറഞ്ഞാടിയ ചിത്രത്തിന്റെ ക്ലൈമാക്സ് രംഗങ്ങൾ റഷ്യയിലായിരുന്നു ചിത്രീകരിച്ചത്.