തമിഴ് സിനിമയില്‍ ഏറ്റവും അധികം ആരാധകരുള്ള താരങ്ങളില്‍ ഒരാളാണ് വിജയ്. നടന്റെ ചിത്രങ്ങള്‍ക്കും സിനിമകളുടെ അപ്‌ഡേറ്റുകള്‍ക്കും സോഷ്യല്‍ മീഡിയയില്‍ വലിയ സ്വീകാര്യത ലഭിക്കാറുമുണ്ട്. നടന്റെ സിനിമകളുടെ ടീസര്‍, ട്രെയ്ലര്‍, ഗാനങ്ങള്‍ റിലീസ് ചെയ്താല്‍ ഉടന്‍ ട്രെന്‍ഡിങ് ലിസ്റ്റില്‍ ഇടം നേടാറുമുണ്ട്. ഫേസ്ബുക്കിലും ട്വിറ്ററിലും അക്കൗണ്ടുകള്‍ ഉണ്ടെങ്കിലും ഇതുവരെ നടന്റെ പേരില്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഇല്ലായിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാമിലും തന്റെ വരവ് അറിയിച്ചിരിക്കുകയാണ് വിജയ്.
വിജയ് നായകനായി അഭിനയിക്കുന്ന ലോകേഷ് കനകരാജ് ചിത്രമായ ''ലിയോ''യിലെ ലുക്കിലെ ഒരു ചിത്രവും നടന്‍ പങ്കുവെച്ചിട്ടുണ്ട്. 'ഹലോ നന്‍പാസ് ആന്‍ഡ് നന്‍പീസ്' എന്ന കുറിപ്പോടെയാണ് നടന്‍ തന്റെ ആദ്യ പോസ്റ്റ് പങ്കുവെച്ചത്. അക്കൗണ്ട് ആരംഭിച്ച് മണിക്കൂറുകള്‍ക്കുളളില്‍ നാല് മില്യണിലധികം ഫോളോവേഴ്സ് ഇതിനോടകം വന്നു കഴിഞ്ഞു.
താരങ്ങളുള്‍പ്പെടെയുളളവര്‍ നടന്റെ ഇന്‍സ്റ്റഗ്രാമിലേക്കുളള വരവ് ആഘോഷമാക്കിയിരിക്കുകയാണ്. രമ്യ പാണ്ഡ്യന്‍ ഉള്‍പ്പടെ തെന്നിന്ത്യന്‍ സിനിമയിലെ പ്രമുഖര്‍ നടനെ സ്വാഗതം ചെയ്തിട്ടുണ്ട്. 'സ്വാഗതം അണ്ണാ' എന്നാണ് 'വേലായുധം' എന്ന സിനിമയില്‍ താരത്തിനൊപ്പം അഭിനയിച്ച നടി ശരണ്യ മോഹന്‍ കുറിച്ചത്. 'ഇന്‍സ്റ്റ ലോകത്തിലേക്ക് സ്വാഗതം സഹോദരാ', എന്നാണ് പൃഥ്വിരാജ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. 'ദളപതി വിജയ് അണ്ണാ ഇന്‍സ്റ്റയിലേക്ക് സ്വാഗതം', എന്ന കുറിപ്പോടെയാണ് ചിമ്പു നടനെ എതിരേറ്റത്. വിജയ് ആദ്യമായി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രവും ഇവര്‍ പങ്കുവെച്ചിട്ടുണ്ട്.
പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ ആമസോണ്‍ പ്രൈമും നടന്റെ ഇന്‍സ്റ്റഗ്രാമിലേക്ക് വരവിന്റെ സന്തോഷം പങ്കുവെച്ചിട്ടുണ്ട്. 'വണക്കം ദളപതി' എന്നാണ് ആമസോണ്‍ പ്രൈം നടന്റെ ആദ്യ പോസ്റ്റിന് താഴെ കമന്റ് ചെയ്തത്. അല്‍ഫോന്‍സ് പുത്രന്‍, അനു സിത്താര, റെബ മോണിക്ക ജോണ്‍ തുടങ്ങി മലയാള സിനിമയില്‍ നിന്നും നിരവധി പേരും താരത്തെ സ്വാഗതം ചെയ്തിട്ടുണ്ട്.അതേസമയം ആദ്യ പോസ്റ്റിന് പിന്നാലെ കശ്മീരില്‍ നില്‍ക്കുന്ന ഒരു ചിത്രം ഇന്‍സ്റ്റ സ്റ്റോറിയായും നടന്‍ പങ്കുവെച്ചിട്ടുണ്ട്.