ബ്രഹ്മാണ്ഡ സംവിധായകന്‍ എസ്എസ് രാജമൗലി പീഡിപ്പിക്കുന്നതായി ഉറ്റ സുഹൃത്ത് രംഗത്ത്. ഉപ്പാലപടി ശ്രീനിവാസ റാവുവാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. 1990 മുതല്‍ രാജമൗലിയുടെ അടുത്ത സുഹൃത്താണെന്ന് അവകാശപ്പെടുന്ന ഇയാള്‍ തെലുങ്ക് സിനിമയിലെ മുതിര്‍ന്ന ടെക്നീഷ്യനാണ്.
ആത്മഹത്യ ചെയ്യുകയല്ലതെ എന്റെ മുന്നില്‍ മറ്റു വഴികളൊന്നുമില്ല. 55 വയസ്സായിട്ടും ഞാന്‍ അവിവാഹിതനായി തുടരുന്നതിന് കാരണം രാജമൗലിയാണ്. യമദോംഗ എന്ന സിനിമ വരെ ഞങ്ങള്‍ ഒരുമിച്ച് ചെയ്തിരുന്നു. പക്ഷേ, ഒരു സ്ത്രീക്കുവേണ്ടി അദ്ദേഹം എന്റെ കരിയര്‍ നശിപ്പിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്.
രാജമൗലിയോട് തന്റെ സാഹചര്യം പല തവണ വിശദീകരിച്ചതായും എന്നാല്‍ ആ സ്ത്രീയുടെ സ്വാധീനത്താല്‍ സംവിധായകന്‍ തന്നെ മനസ്സിലാക്കുന്നില്ലെന്നും റാവു പറയുന്നു. വീഡിയോ പ്രസ്താവനയിലും മേട്ടു പോലീസ് സ്റ്റേഷനില്‍ വ്യാഴാഴ്ച നല്‍കിയ കത്തിലും ഇക്കാര്യം റാവു ആരോപിച്ചിട്ടുണ്ട്.
റാവുവിന്റെ പരാതിയില്‍ രാജമൗലിക്കെതിരേ പീഡനത്തിന് പോലീസ് കേസെടുത്തു. എന്നാല്‍, ഈ സംഭവങ്ങള്‍ നടക്കുമ്പോള്‍ അതില്‍ മൂന്ന് പേരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ നല്‍കാന്‍ റാവുവിന് കഴിഞ്ഞിട്ടില്ല. റാവുവിന്റെ ആരോപണങ്ങളെ പിന്തുണയ്ക്കാന്‍ അവരുടെ അടുത്ത സുഹൃത്തുക്കളൊന്നും മുന്നോട്ട് വന്നിട്ടുമില്ല.
വീഡിയോയില്‍ ശ്രീനിവാസ പറയുന്നത് ഇതാണ് ''ഇന്ത്യയിലെ ഒന്നാം നമ്പര്‍ സംവിധായകനായ എസ് എസ് രാജമൗലിയും രമാ രാജമൗലിയുമാണ് എന്റെ ആത്മഹത്യക്ക് കാരണം. പബ്ലിസിറ്റിക്ക് വേണ്ടിയാണ് ഞാന്‍ ഇത് ചെയ്യുന്നതെന്ന് നിങ്ങള്‍ കരുതിയേക്കാം, എന്നാല്‍ ഇത് എന്റെ അവസാന കത്ത് ആണ്. എംഎം കീരവാണി മുതല്‍ ചന്ദ്രശേഖര്‍ യെലേട്ടി, ഹനു രാഘവപുടി എന്നിവര്‍ക്കെല്ലാം അറിയാം, വര്‍ഷങ്ങളായി ഞാന്‍ രാജമൗലിയുമായി എത്രമാത്രം അടുപ്പത്തിലായിരുന്നുവെന്ന്. ഒരു സ്ത്രീ നമുക്കിടയില്‍ വരുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല.
സുകുമാറിന്റെ ചിത്രം ആര്യ പോലെ രാജമൗലിക്കും തനിക്കും ഒരു സ്ത്രീയുമായി 'ത്രികോണ പ്രണയകഥ' ഉണ്ടെന്നും ശ്രീനിവാസ വീഡിയോയില്‍ അവകാശപ്പെട്ടു. ''അവന്‍ എന്നോട് അവള്‍ക്കുവേണ്ടി എന്റെ പ്രണയം ത്യജിക്കാന്‍ ആവശ്യപ്പെട്ടു, ഞാന്‍ ആദ്യം സമ്മതിച്ചില്ലെങ്കിലും പിന്നീട് ഞാന്‍ ചെയ്തു. ഞാന്‍ ഇതിനെക്കുറിച്ച് ആളുകളോട് പറയുമെന്ന് രാജമൗലി കരുതി.
അതിന് ശേഷം അവന്‍ എന്നെ പീഡിപ്പിക്കാന്‍ തുടങ്ങി. 2007 യമദോംഗ വരെ ഞങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചു, പക്ഷേ അതിനുശേഷം അയാള്‍ എന്റെ ജീവിതം നശിപ്പിച്ചു. അവന്‍ വലിയ വ്യക്തി ആയതു മുതല്‍ എന്നെ വളരെയധികം പീഡിപ്പിച്ചു. എനിക്ക് 55 വയസ്സായി, അവിവാഹിതനായി ജീവിക്കുന്നു'' ഞാന്‍ പറയുന്ന കാര്യം ശരിയാണോ തെറ്റാണോ എന്ന് അറിയാന്‍ രാജമൗലിയെ നുണ പരിശോധന നടത്താന്‍ പോലീസിനോട് ശ്രീനിവാസ വീഡിയോയില്‍ ആവശ്യപ്പെട്ടു.
എന്തായാലും ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നുണ്ട്. ഇതിനോട് രാജമൗലിയോ കുടുംബമോ പ്രതികരിച്ചിട്ടില്ല.
എസ്എസ് രാജമൗലി അടുത്ത പ്രോജക്റ്റായ എസ്എസ്എംബി29ന്റെ തിരക്കിലാണ്. മഹേഷ് ബാബുവും പ്രിയങ്ക ചോപ്രയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഹൈദരാബാദില്‍ ആരംഭിച്ചതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. വിളിക്കൂ 1056