Latest News

കാലു പിടിച്ചു പറഞ്ഞിട്ടും ഇന്‍സ്റ്റയില്‍ പോസ്റ്റ് ഇടാന്‍ പോലും വിസമ്മതിച്ചു; ഷൂട്ടിന്റെ സമയത്ത് സഹകരിച്ച താരം എന്തു കൊണ്ടാണ് ഇങ്ങനെ പെരുമാറുന്നതെന്ന് മനസ്സിലാകു ന്നില്ല;'മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ബാച്ചിലര്‍' പ്രമോഷനില്‍ നായിക പങ്കെടുക്കാത്തതിനാല്‍ പ്രതിസന്ധിയിലെന്ന് സംവിധായകന്‍ ദീപു കരുണാകരന്‍

Malayalilife
കാലു പിടിച്ചു പറഞ്ഞിട്ടും ഇന്‍സ്റ്റയില്‍ പോസ്റ്റ് ഇടാന്‍ പോലും വിസമ്മതിച്ചു; ഷൂട്ടിന്റെ സമയത്ത് സഹകരിച്ച താരം എന്തു കൊണ്ടാണ് ഇങ്ങനെ പെരുമാറുന്നതെന്ന് മനസ്സിലാകു ന്നില്ല;'മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ബാച്ചിലര്‍' പ്രമോഷനില്‍ നായിക പങ്കെടുക്കാത്തതിനാല്‍ പ്രതിസന്ധിയിലെന്ന് സംവിധായകന്‍ ദീപു കരുണാകരന്‍

'മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ബാച്ചിലര്‍' ന്റെ പ്രമോഷനുമായി സഹകരിക്കാന്‍ നായിക വൈമുഖ്യം കാണിക്കുന്നുവെന്ന് ആരോപിച്ച് സംവിധായകന്‍ ദീപു കരുണാകരന്‍. അനശ്വര രാജനും ഇന്ദ്രജിത്തും നായികാനായകന്മാരാകുന്ന സിനിമയിലാണ് ഇത്തരത്തിലൊരു അനുഭവം നേരിടേണ്ടി വന്നതെന്നും കാലു പിടിച്ചു പറഞ്ഞിട്ടും ഇന്‍സ്റ്റയില്‍ ഒരു പോസ്റ്റ് ഇടാന്‍ പോലും നായിക വിസമ്മതിച്ചതെന്നും ദീപു പറയുന്നു. 

സിനിമയുടെ ഷൂട്ടിന്റെ സമയത്ത് പരിപൂര്‍ണമായി സഹകരിച്ച താരം എന്തുകൊണ്ടാണ് ഇക്കാര്യത്തില്‍ ഇങ്ങനെ പെരുമാറുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും ദീപു വിശദീകരിക്കുന്നു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ റിലീസ് പ്രഖ്യാപിച്ച സിനിമയായിരുന്നു 'മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ബാച്ചിലര്‍'. എന്നാല്‍ ചില കാരണങ്ങളാല്‍ അന്ന് സിനിമയുടെ റിലീസ് നടന്നില്ല. ഈ വര്‍ഷം സിനിമ തിയറ്ററിലെത്തിക്കാനുള്ള ശ്രമത്തിലാണ് സംവിധായകനും അണിയറപ്രവര്‍ത്തകരും. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് അര്‍ജുന്‍ ടി സത്യന്‍ ആണ്. ഹൈലൈന്‍ പിക്ചേഴ്സിന്റെ ബാനറില്‍ പ്രകാശ് ഹൈലൈനാണ് നിര്‍മാണം. 

ഡയാന ഹമീദ്, റോസിന്‍ ജോളി, ബൈജു പപ്പന്‍, രാഹുല്‍ മാധവ്, സോഹന്‍ സീനുലാല്‍, മനോഹരി ജോയ്, ജിബിന്‍ ഗോപിനാഥ്, ലയ സിംപ്സണ്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്. 

ദീപു കരുണാകരന്റെ പ്രതികരണം ചുവടെ 

ഈ സിനിമയുടെ ഷൂട്ടിങ് സമയത്ത് എന്നോട് ഏറ്റവും കൂടുതല്‍ സഹകരിച്ച വ്യക്തിയാണ് അവര്‍. പല സമയത്തും, സിനിമ നിന്നു പോകുമെന്ന അവസ്ഥ എത്തിയപ്പോള്‍ പോലും, 'സര്‍... ഞാന്‍ കൂടെ ഉണ്ട് നമുക്ക് ചെയ്തു തീര്‍ക്കാം' എന്ന് പറഞ്ഞ് ഒപ്പം നിന്നിട്ടുണ്ട്. പക്ഷേ, സിനിമയുടെ പ്രമോഷന്റെ കാര്യം പറഞ്ഞപ്പോള്‍ സഹകരിക്കാതെ വന്നത് എന്നെ അദ്ഭുതപ്പെടുത്തി. സിനിമയുടെ ഓഡിയോ റൈറ്റ്സ് ഒരു കമ്പനിക്ക് 10 ലക്ഷം രൂപയ്ക്ക് കൊടുത്തിരുന്നു. അവര്‍ പ്രധാനമായും ശ്രമിക്കുന്നത് പാട്ടിന് ഇന്‍സ്റ്റയില്‍ റീച്ച് വരുത്തുക എന്നതിലാണ്. 

സിനിമയിലെ പാട്ട് റിലീസ് ആയപ്പോള്‍ ഇന്‍സ്റ്റ പേജില്‍ ഒരു പ്രമോഷന്‍ പോസ്റ്റ് ഇടാനാണ് അവരോട് ആവശ്യപ്പെട്ടത്. പക്ഷേ, അവര്‍ അതിനു തയാറായില്ല. മ്യൂസിക് കമ്പനിയുടെ ഭാഗത്തു നിന്ന് എനിക്ക് ഭയങ്കര പ്രഷര്‍ ആയി. പ്രമോഷനു വിളിച്ചപ്പോള്‍ 'ഏതെങ്കിലും ഒരു ദിവസം നോക്കട്ടെ' എന്ന തരത്തിലായി പ്രതികരണം. 

സിനിമയിലെ നാലു പാട്ടുകള്‍ ഇറങ്ങിയിട്ടുണ്ട്. ഒന്നിനും കാര്യമായി പ്രമോഷന്‍ ഇന്‍സ്റ്റയില്‍ കൊടുക്കാന്‍ പറ്റിയില്ല. മ്യൂസിക് കമ്പനി ആവശ്യപ്പെടുന്നത് ഇന്‍സ്റ്റയിലെ റീച്ച് ആണ്. ഈ യുവതാരത്തിന്റെ ഒരു ഫെയ്സ്ബുക് അക്കൗണ്ട് ഉണ്ട്. ആരാധകര്‍ ഹാന്‍ഡില്‍ ചെയ്യുന്നൊരു പേജ്. അതില്‍ പാട്ടിന്റെ കാര്യങ്ങള്‍ പ്രൊമോട്ട് ചെയ്തു. അല്ലാതെ, അവര്‍ ഒഫിഷ്യല്‍ പേജില്‍ അതു ചെയ്തില്ല. പല സിനിമകളുടെയും പ്രമോഷന്‍ അവര്‍ സ്വന്തം പേജില്‍ ചെയ്യാറുള്ളതാണ്. ഈ സിനിമയുടേത് എന്തുകൊണ്ട് ചെയ്യുന്നില്ല എന്ന് അറിയില്ല. എന്തുകൊണ്ട് ഇങ്ങനെ എന്നത് വ്യക്തമാക്കിയതും ഇല്ല. 

പല പ്രാവശ്യം അവരുടെ അമ്മയുമായും മാനേജരുമായും സംസാരിച്ചു. കാലു പിടിച്ചു പറയേണ്ട ഒരു അവസ്ഥ പോലും ഉണ്ടായി. അപ്പോള്‍ അമ്മ പറഞ്ഞു, 'എനിക്കൊരു പരിധി കഴിഞ്ഞ് ഇതിനകത്ത് ഒന്നും പറയാന്‍ പറ്റില്ല, ആ കുട്ടിയുടെ തീരുമാനം അല്ലേ' എന്ന്. മാനേജരെ വിളിക്കുമ്പോള്‍, 'ദാ ഇപ്പോള്‍ ഇടുന്നു.... അഞ്ച് മിനിറ്റില്‍ ഇടും... പത്തു മിനിറ്റില്‍ ഇടും....' എന്നു പറയുന്നതല്ലാതെ ഒന്നും നടന്നില്ല. ഒടുവില്‍, സിനിമയിലെ ഹീറോ ആയ ഇന്ദ്രജിത്ത് അവരെ നേരിട്ടു വിളിച്ചു. 'ഈ ചെയ്യുന്നത് മോശമാണ്... നിങ്ങള്‍ പ്രമോഷന്‍ ചെയ്യണം... നമ്മുടെ സിനിമയല്ലേ' എന്നു പറഞ്ഞു. ശരിയെന്നു പറഞ്ഞ് ഇന്ദ്രജിത്തിനോട് മാത്രം സംസാരിച്ചിട്ട് അവര്‍ ഫോണ്‍ വയ്ക്കുകയായിരുന്നു. 

ഈ പടത്തിന്റെ റിലീസ് ഡേറ്റ് ഉടനെ തീരുമാനിക്കും. എന്നിട്ട് ഞാന്‍ ഒരു പ്രമോഷന്‍ വയ്ക്കും. അവര്‍ അതിനു വരുന്നുണ്ടോ ഇല്ലയോ എന്നു നോക്കാം. ഇതൊരു വിവാദമാക്കി അങ്ങോട്ടും ഇങ്ങോട്ടും ചോദിക്കുന്നതില്‍ ഒരു പരിഹാരം ഉണ്ടാകുന്നില്ലല്ലോ. ഇപ്പോഴും അവര്‍ക്ക് ഇന്‍സ്റ്റയില്‍ പോസ്റ്റ് ഇടാം. അങ്ങനെ ചെയ്ത് പ്രശ്നം അവസാനിപ്പിക്കാം. വാര്‍ത്തയിലൂടെ ഈ കാര്യം പറയേണ്ട കാര്യം എനിക്കില്ല. നേരെ അസോസിയേഷനില്‍ പറഞ്ഞു കഴിഞ്ഞാല്‍, അവര്‍ക്ക് ചെയ്യേണ്ടി വരും. ഞാന്‍ അതു ചെയ്യാത്തത്, പ്രമോഷന്റെ സമയം ആകട്ടെ എന്നു കരുതിയാണ്. അതിനാണ് ഞാന്‍ കാത്തിരിക്കുന്നത്.'


കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ റിലീസ് പ്രഖ്യാപിച്ച സിനിമയായിരുന്നു 'മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ബാച്ചിലര്‍'. എന്നാല്‍ ചില കാരണങ്ങളാല്‍ അന്ന് സിനിമയുടെ റിലീസ് നടന്നില്ല. ഈ വര്‍ഷം സിനിമ തിയറ്ററിലെത്തിക്കാനുള്ള ശ്രമത്തിലാണ് സംവിധായകനും അണിയറപ്രവര്‍ത്തകരും..
 

deepu karunakaran against anaswara rajan

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES