അന്തര്‍ദേശീയ ചലച്ചിത്ര പുരസ്‌കാരമായ സെപ്റ്റിമിയസ് അവാര്‍ഡ്സില്‍ നോമിനേഷന്‍ നേടിയ ഇന്ത്യന്‍ താരങ്ങളായി ടൊവിനോ തോമസും രശ്മിക മന്ദാനയും. ഏതൊരു താരവും കൊതിക്കുന്ന സ്വപ്നതുല്യമായ പുരസ്‌കാരത്തിന് അര്‍ഹത നേടുന്ന ആദ്യ ദക്ഷിണേന്ത്യന്‍ നടനായിരിക്കുകയാണ് ടൊവിനോ തോമസ്.
ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത '2018, എവരിവണ്‍ ഈസ് എ ഹീറോ' എന്ന സിനിമയിലെ പ്രകടനത്തിനാണ് ടൊവിനോ നോമിനേറ്റ് ചെയ്യപ്പെട്ടത്. മികച്ച ഏഷ്യന്‍ സിനിമ വിഭാഗത്തില്‍ 2018 നോമിനേഷന്‍ നേടിയിട്ടുണ്ട്. 200 കോടി ക്‌ളബില്‍ ഇടംപിടിച്ച ആദ്യ മലയാള സിനിമയാണ് 2018. കേരളത്തെ പിടിച്ചുകുലുക്കിയ 2018ലെ പ്രളയം ആസ്പദമാക്കിയുള്ള ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, ലാല്‍, നരേന്‍, അപര്‍ണ ബാലമുരളി, വിനീത് ശ്രീനിവാസന്‍, അജു വര്‍ഗീസ് ഉള്‍പ്പെടെ ഒരു വമ്പന്‍ താരനിര തന്നെ അണിനിരന്നിരുന്നു.
നെതര്‍ലാന്‍ഡ്സിന്റെ തലസ്ഥാനമായ ആംസ്റ്റര്‍ഡാമില്‍ വര്‍ഷാവര്‍ഷം നടക്കുന്ന അന്തര്‍ദേശീയ ചലച്ചിത്ര പുരസ്‌കാരമാണ് സെപ്റ്റിമിയസ് അവാര്‍ഡ്സ്. യൂറോപ്പ്, അമേരിക്ക, ഏഷ്യ, ആഫ്രിക്ക എന്നിങ്ങനെ ഓരോ ഭൂഖണ്ഡങ്ങളിലെയും മികച്ച നടന്‍, നടി, സിനിമ തുടങ്ങിയ വിഭാഗങ്ങള്‍ പുരസ്‌കാരത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിലാണ് ഇന്ത്യയില്‍ നിന്ന് ടൊവിനോ തോമസ്, രശ്മിക മന്ദാന, നമിത ലാല്‍ എന്നിവര്‍ ഉള്‍പ്പെട്ടിരിക്കുന്നത്. സെപ്തംബര്‍ 26നാണ് ഈ വര്‍ഷത്തെ പുരസ്‌കാരം പ്രഖ്യാപിക്കുന്നത്.