ബോളിവുഡില്‍ നിന്ന് ഹോളിവുഡിലേക്ക് ചേക്കേറുകയാണ് പ്രിയതാരം പ്രിയങ്ക ചോപ്ര. അമേരിക്കന്‍ ഗായകനായ നിക്ക് ജൊനാസിനെ വിവാഹം ചെയ്തതോടെയാണ് ഹോളിവുഡിലേക്കുള്ള യാത്രയിലേക്ക് പ്രിയങ്ക കടക്കുന്നത്. 2018ലാണ് പ്രിയങ്കയും നിക്കും വിവാഹിതരാകുന്നത്.
2022ല്‍ വാടക ഗര്‍ഭധാരണത്തിലൂടെ ഇവര്‍ ഒരു പെണ്‍കുഞ്ഞിന്റെ മാതാപിതാക്കളും ആയി. ഇപ്പോള്‍ വിവാഹത്തെ കുറിച്ചും, കുഞ്ഞിനെ കുറിച്ചും, വ്യക്തിജീവിതത്തിലെ പ്രധാനപ്പെട്ട പല തീരുമാനങ്ങളെ കുറിച്ചുമെല്ലാം ഒരു അഭിമുഖത്തിലൂടെ പങ്കുവച്ചിരിക്കുകയാണ് പ്രിയങ്ക.
അമേരിക്കന്‍ സംവിധായകനും നടനുമായ ഡാക്‌സ് ഷെപാര്‍ഡുമായുള്ള അഭിമുഖത്തിലാണ് പ്രിയങ്ക താനുമായി ബന്ധപ്പെട്ട ഒരുപാട് കാര്യങ്ങള്‍ പങ്കുവച്ചത്.
ഇക്കൂട്ടത്തില്‍ താന്‍ മുപ്പതുകളുടെ തുടക്കത്തില്‍ തന്നെ തന്റെ അണ്ഡം ഫ്രീസ് ചെയ്ത് സൂക്ഷിച്ചതായി പറയുന്നു. ഗൈനക്കോളജിസ്റ്റായ അമ്മയുടെ നിര്‍ദേശപ്രകാരമാണ് ഈ തീരുമാനമെടുത്തതെന്നും പ്രിയങ്ക പറയുന്നു.
സ്ത്രീകളില്‍ നിന്ന് അണ്ഡവും പുരുഷന്മാരില്‍ നിന്ന് ബീജവുമെല്ലാമെടുത്ത് ഫ്രീസ് ചെയ്ത് സൂക്ഷിക്കുന്നതിന് ഇന്ന് സൗകര്യങ്ങളുണ്ട്. ഭ്രൂണവും ഇത്തരത്തില്‍ സൂക്ഷിക്കാവുന്നതാണ്. ഇതെല്ലാം പിന്നീട് ഭാവിയില്‍ കുഞ്ഞുങ്ങള്‍ക്കായി ഉപയോഗിക്കാം. വന്ധ്യത ചികിത്സാമേഖലയിലും ഇത് നല്ലരീതിയില്‍ പ്രയോജനപ്പെടുത്താറുണ്ട്.
ആരോഗ്യമുള്ള സമയത്ത് തന്നെ അണ്ഡവും ബീജവുമെല്ലാം ശേഖരിച്ച് വച്ച് പിന്നീട് അതുപയോഗിച്ച് കുഞ്ഞുങ്ങളെ നേടുന്നവരുമുണ്ട്. അമ്മയാണ് ഈ നിര്‍ദേശം മുന്നോട്ട് വച്ചത്. എനിക്കത് ചെയ്തപ്പോള്‍ എന്തോ ഒരു സമാധാനം തോന്നി. എനിക്ക് കരിയറില്‍ ഒരുപാട് ചെയ്യാനുണ്ടായിരുന്നു. ഇതിന് ശേഷം എനിക്ക് കരിയറിലേക്ക് നല്ലതുപോലെ ഫോക്കസ് ചെയ്യാന്‍ സാധിച്ചു. എന്ന് മാത്രമല്ല ഞാന്‍ ആ സമയത്ത് എനിക്ക് കുഞ്ഞ് വേണം എന്ന് ആഗ്രഹം തോന്നുന്ന ഒരാളെ കണ്ടുമുട്ടുകയും ചെയ്തിരുന്നില്ല. അതും വലിയ ഉത്കണ്ഠ എന്നിലുണ്ടാക്കിയിരുന്നു. കാരണം പ്രായം മുന്നോട്ട് നീങ്ങുകയാണല്ലോ...'- നാല്‍പതുകാരിയായ പ്രിയങ്ക പറയുന്നു.
തനിക്ക് കുഞ്ഞുങ്ങളെ ഏറെ ഇഷ്ടമാണെന്നും കുഞ്ഞ് വേണമെന്ന് നേരത്തെ തന്നെ തീരുമാനിച്ചുറപ്പിച്ചത് ആണെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ക്കുന്നു. എനിക്ക് നിക്കുമായി ഡേറ്റ് ചെയ്യാന്‍ പ്രയാസം തോന്നിയത് തന്നെ നിക്ക് 25 വയസില്‍ കുഞ്ഞിനെ ആഗ്രഹിക്കുമോ എന്ന ശങ്കയിലാണ്. എനിക്കാണെങ്കില്‍ കുഞ്ഞ് വേണമെന്ന് തന്നെയായിരുന്നു. ഞാന്‍ യൂനിസെഫിന് വേണ്ടി കുട്ടികളുമൊത്ത് ഒരുപാട് പ്രവര്‍ത്തിച്ചിട്ടുണ്ട്. കുട്ടികളുടെ ആശുപത്രിയിലും ഞാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇത്തരം അനുഭവങ്ങളെല്ലാം എന്നെ കുഞ്ഞുങ്ങളോട് ഏറെ അടുപ്പിച്ചു. എനിക്ക് മുതിര്‍ന്നവര്‍ക്കൊപ്പം സമയം ചെലവിടുന്നതിനെക്കാള്‍ ഇഷ്ടം കുഞ്ഞുങ്ങള്‍ക്കൊപ്പം സമയം ചെലവിടുന്നതിനായി...'- പ്രിയങ്ക പറയുന്നു.
ബോളിവുഡില്‍ നിന്ന് ലഭിക്കുന്ന അവസരങ്ങളില്‍ താന്‍ സന്തുഷ്ടയായിരുന്നില്ലെന്നു് പ്രിയങ്ക ചോപ്ര പങ്ക് വച്ചു. ഞാന്‍ ബോളിവുഡില്‍ ഒരു മൂലയിലേക്ക് തള്ളപ്പെട്ടു. എന്നെ കാസ്റ്റ് ചെയ്യാത്ത ആളുകളുണ്ടായിരുന്നു. പലരുമായും എനിക്ക് അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നു. അത്തരമൊരു പൊളിടിക്‌സില്‍ ഞാന്‍ മടുത്തിരുന്നു. ബ്രേക്ക് ആവശ്യമാണെന്ന് തോന്നി. സംഗീതം എനിക്ക് ലോകത്തിന്റെ മറ്റൊരു കോണിലേക്ക് പോകാന്‍ അവസരം നല്‍കി. എനിക്ക് ഇഷ്ടമല്ലാതിരുന്നിട്ടും ഒരുപാട് കാലം ഞാന്‍ അഭിനയിച്ചിരുന്നു.
സംഗീതത്തിലേക്ക് തിരിഞ്ഞപ്പോള്‍ ഞാന്‍ അമേരിക്കയിലേക്ക് പോവുകയായിരുന്നു' പ്രിയങ്ക പറയുന്നു. ബോളിവുഡില്‍ കരിയറിന്റെ ഉയര്‍ച്ചയില്‍ നില്‍ക്കുമ്പോഴാണ് പ്രിയങ്ക ചോപ്ര ഹോളിവുഡിലേക്ക് എത്തുന്നത്. ഹോളിവുഡില്‍ സജീവമാണ് പ്രിയങ്ക. ബോളിവുഡില്‍ വല്ലപ്പോഴാണ് അഭിനയിക്കുന്നത്. ലവ് എഗൈന്‍ ആണ് റിലീസിന് ഒരുങ്ങുന്ന പ്രിയങ്കയുടെ ഹോളിവുഡ് ചിത്രം.
പ്രിയങ്കയുടെ ഹോളിവുഡിലേക്കുള്ള ചുവടുമാറ്റം സംഗീതത്തില്‍ മാത്രം ഒതുങ്ങിയില്ല. എബിസി സീരീസായ 'ക്വാണ്ടിക്കോ'യില്‍ ആണ് ആദ്യം താരം അഭിനയിച്ചത്. 'ലവ് എഗെയ്ന്‍' എന്ന സിനിമയിലും 'സിറ്റാഡല്‍' എന്ന വെബ് സീരീസുമാണ് പ്രിയങ്ക ചോപ്രയുടേതായി റിലീസിന് ഒരുങ്ങുന്നത്.