കേരളത്തില്‍ ബംബര്‍ ഹിറ്റിലേക്ക് കുതിക്കുന്ന പ്രേമലുവിന്റെ തെലുങ്ക് വിതരണം ഏറ്റെടുത്ത് സംവിധായകന് എസ് എസ് രാജമൗലിയുടെ മകന് കാര്‍ത്തികേയ. റെക്കോര്‍ഡ് തുകയ്ക്കാണ് ചിത്രത്തിന്റെ വിതരണം കാര്‍ത്തികേയ വാങ്ങിയത്.
ചിത്രം തെലുങ്കിലേക്ക് ഡബ് ചെയ്ത് മാര്‍ച്ച് എട്ടിന് റിലീസ് ചെയ്യും. അമ്പത് കോടി ക്ലബ്ബും കഴിഞ്ഞ് കുതിക്കുന്ന പ്രേമലു ഡബ്ബ്ഡ് വേര്‍ഷന്‍ കൂടി എത്തുന്നതോടെ റെക്കോര്‍ഡ് കളക്ഷന്‍ നേടുമെന്നാണ് വിലയിരുത്തല്‍.
ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ചിത്രത്തില്‍ നസ്ളിനും മമിത ബൈജുവുമാണ് പ്രധാന താരങ്ങള്‍. ഹൈദരാബാദിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങിയ ചിത്രത്തില്‍ അഖില ഭാര്ഗവന്, സംഗീത് പ്രതാപ്, അല്‍ത്താഫ് സലിം, മീനാക്ഷി രവീന്ദ്രന് എന്നിവരാണ് മറ്റു താരങ്ങള്‍. ഗിരീഷ് എ.ഡിയും കിരണ്‍ ജോസിയും ചേര്‍ന്നാണ് രചന. വിഷ്ണു വിജയ് സംഗീത സംവിധാനം നിര്‍വഹിക്കുന്നു.
മൂന്ന് കോടി ബജറ്റില്‍ ഒരുങ്ങിയ റൊമാന്റിക് എന്റര്ടെയ്നര് ചിത്രമാണ് പ്രേമലു. യുവാക്കളും കുടുംബ പ്രേക്ഷകരും ചിത്രം ഒരുപോലെ സ്വീകരിച്ചു എന്നതാണ് സിനിമയുടെ ഏറ്റവും വലിയ വിജയം.ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ഫഹദ് ഫാസില്‍ ,ദിലീഷ് പോത്തന്, ശ്യാം പുഷ്കരന് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.