സിനിമയിലെ കാസ്റ്റിങ് കൗച്ച് പലപ്പോഴും ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. കാസ്റ്റിങ് കൗച്ച് അനുഭവങ്ങള്‍ തുറന്നുപറഞ്ഞ് പല പ്രമുഖ നടിമാരും തരംഗത്തെത്തിയിട്ടുണ്ട്. കരിയറിന്റെ തുടക്കത്തില്‍ തനിക്കും ഇങ്ങനെയൊരു സാഹചര്യത്തിലൂടെ കടന്നുപോകേണ്ടിവന്നിട്ടുണ്ടെന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താര. ഒരു അഭിമുഖത്തിനിടെയാണ് കാസ്റ്റിങ് കൗച്ചിനേക്കുറിച്ച് നയന്‍താര തുറന്നുപറഞ്ഞത്.
തന്റെ കരിയറിന്റെ തുടക്കത്തിലായിരുന്നു സംഭവം. ഒരു സിനിമയില്‍ പ്രധാനപ്പെട്ട വേഷം തരാമെന്നും അതിന് ചില വിട്ടുവീഴ്ചകള്‍ ചെയ്യണമെന്നും തന്നോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് നയന്‍താര പറഞ്ഞു. എന്നാല്‍ സ്വന്തം കഴിവില്‍ വിശ്വാസമുണ്ടെന്ന് ഉറപ്പിച്ച് പറഞ്ഞ് ആ സിനിമ ഉപേക്ഷിക്കുകയായിരുന്നുന്നെന്നും താരം വ്യക്തമാക്കി.
സത്യന്‍ അന്തിക്കാട് ചിത്രം 'മനസ്സിനക്കരെ' യിലൂടെയാണ് നയന്‍താര തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. പിന്നീട് തമിഴിലും, തെലുങ്കിലും തിളങ്ങിയ താരം ഷാരൂഖ് ഖാനെ നായകനാക്കി അറ്റ്ലി സംവിധാനം ചെയ്യുന്ന ജവാനിലൂടെ ബോളിവുഡിലും അരങ്ങേറ്റം കുറിക്കുകയാണ്. നിലവില്‍ മക്കള്‍ക്കായി സിനിമയില്‍ നിന്ന് ചെറിയ ഇടവേള എടുത്തിരിക്കുകയാണ് താരം.