സ്റ്റാര്‍ സിംഗറിലൂടെ ശ്രദ്ധ നേടിയ ഗായിക കല്‍പന ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന വാര്‍ത്തയാണ് തമിഴ് മാധ്യമങ്ങളിലൂടെ ഇന്നലെ മലയാളികളിലേക്കും എത്തിയത്. എന്നാല്‍ വൈകുന്നേരമായപ്പോഴേക്കും കല്‍പ്പനയുടെ മകള്‍ ദയാ പ്രസാദിന്റെ വെളിപ്പെടുത്തല്‍ എത്തി. താന്‍ കല്‍പനയുടെയും പ്രസാദിന്റെയും മകളാണെന്ന് പറഞ്ഞു തുടങ്ങിയ ദയ തന്റെ അമ്മ ഒരു ഗായിക എന്നതിലുപരി എല്‍എല്‍ബിയ്ക്ക് പഠിക്കുകയും ഒപ്പം പിഎച്ച്ഡിയും ചെയ്യുന്നുണ്ടെന്നാണ് വെളിപ്പെടുത്തിയത്. ഇതു കാരണം തന്നെ, ഇതിന്റെ സമ്മര്‍ദ്ദം കാരണം കുറച്ചുകാലമായി ഇന്‍സോംമ്‌നിയ എന്ന അവസ്ഥയിലാണ് അമ്മയുള്ളത്. ഇന്‍സോംനിയ എന്നു വച്ചാല്‍ ഉറക്കമില്ലാത്ത അവസ്ഥ അല്ലെങ്കില്‍ ഉറങ്ങാന്‍ കഴിയാത്ത അവസ്ഥ ആണ്. ഡോക്ടറെ കണ്ടപ്പോള്‍ ഉറങ്ങാനുള്ള മരുന്ന് നല്‍കുകയും ചെയ്തു.
അങ്ങനെയാണ് മുന്നോട്ടു പോയിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം മരുന്ന് കഴിച്ചപ്പോള്‍ അത് ഓവര്‍ഡോസായി മാറി. ഇതോടെയാണ് തുടര്‍ച്ചയായി മണിക്കൂറുകളോളം അമ്മ ഉറങ്ങിപ്പോയതെന്നും മകള്‍ വെളിപ്പെടുത്തിയിരുന്നു. അല്ലാതെ അത് ആത്മഹത്യാ ശ്രമം അല്ലെന്നുമാണ് മകള്‍ പറഞ്ഞത്. എന്നാല്‍ പിന്നാലെയാണ് ബോധം തെളിഞ്ഞ കല്‍പന പൊലീസിന് മൊഴി നല്‍കിയത്. അതു മകളില്‍ നിന്നും തികച്ചും വ്യത്യസ്തമായ മൊഴിയാണ്. അതിങ്ങനെയാണ് : രണ്ടാം തീയതിയാണ് താന്‍ എറണാകുളത്തുനിന്നും ഹൈദരാബാദ് കെഎച്ച്ബിപിയിലുള്ള നിസാംപേട്ടിലെ വീട്ടിലേക്ക് മടങ്ങിയെത്തിയത്. തുടര്‍ന്ന് മകള്‍ ദയയും വീട്ടില്‍ ഉണ്ടായിരുന്നു. എന്നാല്‍ മൂന്നാം തീയതി മകളുമായി വലിയ വഴക്ക് ഉണ്ടായി. മകളുടെ വിദ്യാഭ്യാസത്തെ ചൊല്ലിയുള്ളതായിരുന്നു ആ വഴക്ക്.
മകളെ ഹൈദരാബാദില്‍ തന്നെ പഠിപ്പിക്കണം എന്നായിരുന്നു കല്‍പ്പന ആഗ്രഹിച്ചത്. എന്നാല്‍ മകളുടെ ആഗ്രഹം മറ്റൊന്നും. ഇതംഗീകരിച്ചു കൊടുക്കാന്‍ കല്‍പ്പന തയ്യാറായതുമില്ല. തുടര്‍ന്നാണ് ഇരുവരും തമ്മില്‍ വഴക്കുണ്ടായതും. തുടര്‍ന്ന് മുറിയിലേക്ക് കയറിയ കല്‍പ്പനയ്ക്ക് സമാധാനം നഷ്ടപ്പെട്ട അവസ്ഥയായിരുന്നു. അങ്ങനെയാണ് ഡോക്ടര്‍ ഉറങ്ങാന്‍ നല്‍കിയ ഗുളികകളില്‍ എട്ടെണ്ണം ഒരുമിച്ചെടുത്ത് കഴിച്ചത്. എന്നിട്ടും ഉറക്കം കിട്ടാതെ വന്നപ്പോള്‍ പത്തു ഗുളികകള്‍ കൂടി എടുത്തങ്ങ് കഴിഞ്ഞു. ഇതോടെ ബോധം നഷ്ടപ്പെട്ട അവസ്ഥയിലാണ് രണ്ടു ദിവസത്തോളം കിടന്ന കിടപ്പിലായത്. മകള്‍ വീട്ടില്‍ നിന്നും പോവുകയും ചെയ്തു. അമ്മയോട് പിണങ്ങി ഇരിക്കുകയായിരുന്നതിനാല്‍ ഫോണില്‍ പോലും ബന്ധപ്പെടാന്‍ മകളും ശ്രമിച്ചില്ല.
തുടര്‍ന്ന് രണ്ടു ദിവസമായും ഗായിക വാതില്‍ തുറക്കാത്തത് ശ്രദ്ധയില്‍ പ്പെട്ടതോടെയാണ് സെക്യൂരിറ്റി ജീവനക്കാരന്‍ അയല്‍ക്കാരെ വിവരം അറിയിച്ചതും അവര്‍ പൊലീസിനെ ബന്ധപ്പെട്ടതും. പൊലീസുകാര്‍ വീട്ടിലെത്തി കാണുമ്പോഴും ബോധമില്ലാത്ത അവസ്ഥയില്‍ കട്ടിലില്‍ കിടക്കുകയായിരുന്നു കല്‍പ്പന. തുടര്‍ന്ന് ആശുപത്രിയിലേക്ക് എത്തിക്കുമ്പോഴും അവര്‍ വീല്‍ച്ചെയറിലിരുന്ന് ഉറങ്ങുന്നത് കാണാമായിരുന്നു. അതുകൊണ്ടുതന്നെ, ഓവര്‍ഡോസ് മരുന്ന് കഴിച്ചതാണ് അമ്മയുടെ അഗാധമായ ഉറക്കത്തിന് കാരണമായതെന്നത് സത്യമാണെന്നു വേണം ആരാധകരും മനസിലാക്കുവാന്‍.