മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനായ നടനാണ് ദാവീദ് ജോണ്‍. ഒരേസമയം നാല് സീരിയലില്‍ വരെ അഭിനയിച്ച് കയ്യടി നേടാന്‍ ദാവീദിന് സാധിച്ചിട്ടുണ്ട്. നായകനായും വില്ലനായും സഹനടനായുമെല്ലാം ദാവീദ് മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രശംസ നേടിയിട്ടുണ്ട്. അമ്മയറിയാതെയിലെ ടോണിയും പ്രിയപ്പെട്ടവളിലെ റോയിയും മിസിസ് ഹിറ്റ്‌ലറിലെ അവിനാശും മഞ്ഞില്‍ വിരിഞ്ഞ പൂവിലെ സേതുപതിയുമെല്ലാം എത്തിയ ദാവീദ് ഇപ്പോള്‍ ഇഷ്ടം മാത്രത്തിലെ ആകാശായും പ്രേക്ഷകരുടെ മനസില്‍ നിറഞ്ഞു നില്‍ക്കുകയാണ്. മിനിസ്‌ക്രീനില്‍ വില്ലനായി തിളങ്ങുന്ന നടന്‍ ഇതാദ്യമായി സോഷ്യല്‍ മീഡിയയില്‍ തന്റെ അമ്മയെ കുറിച്ച് പറഞ്ഞ് കണ്ണുനിറഞ്ഞിരിക്കുകയാണ്. നടന്റെ വാക്കുകള്‍ ഇങ്ങനെയാണ്:
മാര്‍ച്ച് 4, എന്റെ അമ്മച്ചി വിട പറഞ്ഞിട്ട് മൂന്നു വര്‍ഷം തികയുന്ന ദിവസം. ജീവിതത്തിന്റെ അവസാന നാളുകള്‍ വരെ മറ്റൊരാളെ ആശ്രയിക്കാതെ ജീവിക്കാന്‍ ശ്രമിച്ച എന്റെ അമ്മച്ചി. അമ്മച്ചിയെ ഞാന്‍ കണ്ടിട്ടുള്ളത് കരുത്തയായ ഒരു സ്ത്രീ ആയിട്ടാരുന്നു. ക്ഷീണം എന്നൊരു വാക്ക് അമ്മച്ചിയില്‍ നിന്ന് അവസാന കാലങ്ങളിലെ കേട്ടിട്ടുള്ളൂ. കുടുംബത്തെ, ബന്ധുക്കളെ, സഹോദരങ്ങളെ, ഇഷ്ടമുള്ള കൂട്ടുകാരെ ഒക്കെ ഏറെ സ്നേഹിച്ച വ്യക്തി.
കുഞ്ഞുന്നാളില്‍ ആര്യാസ് റെസ്റ്റോറന്റില്‍ നിന്ന് എനിക്ക് മസാല ദോശ വാങ്ങി തന്നിട്ട് അമ്മച്ചി നോക്കിയിരിക്കും. അമ്മച്ചിക്ക് വേണ്ടേ എന്ന് ഞാന്‍ ചോദിച്ചാല്‍ എനിക്ക് വിശക്കുന്നില്ലടാ മോന്‍ കഴിച്ചോ എന്ന് പറയും. അപ്പൊ ഞാന്‍ ഓര്‍ക്കും ശരിയായിരിക്കും അമ്മച്ചി പറഞ്ഞതെന്ന്. പക്ഷെ അല്പം വളര്‍ന്നു തുടങ്ങിയപ്പോ എനിക്ക് മനസ്സിലായി 2 മസാല ദോശ വാങ്ങാന്‍ ഉള്ള സാമ്പത്തികം അന്ന് അമ്മച്ചിയുടെ കയ്യില്‍ ഇല്ലായിരുന്നു. അതുകൊണ്ട് ഇഷ്ടമുണ്ടായിട്ടും, കൊതിയുണ്ടായിട്ടും അമ്മച്ചി ഒരു നുള്ള് പോലും എന്റെ പ്ലേറ്റില്‍ നിന്ന് എടുത്തു കഴിക്കാതെ ഞാന്‍ വയറു നിറച്ചു കഴിക്കുന്നത് നോക്കി ഇരിക്കുകയായിരുന്നു എന്ന്. പിന്നെ പിന്നെ ഞാന്‍ കഴിക്കുന്നതിന്റെ പകുതി അമ്മച്ചിയെ കഴിപ്പിക്കും.
വളര്‍ന്നു സ്വന്തം വരുമാനം ആയപ്പോള്‍ അമ്മച്ചിയുടെ ഇഷ്ടം ചോദിച്ചു ഞാന്‍ വാങ്ങിക്കൊടുക്കും. (അപ്പനും ) അപ്പോഴും വില കൂടുതല്‍ വരുന്നതൊന്നും അമ്മച്ചി പറയില്ല. എന്റെ മക്കള്‍ക്ക് കെഎഫ്സി വാങ്ങിയാലും, പിസ വാങ്ങിയാലും, ബിരിയാണി, കേക്ക്, പേസ്ട്രി, ചോക്ലേറ്റ് എന്ത് വാങ്ങിയാലും ഞാന്‍ എന്റെ അപ്പനും, അമ്മയ്ക്കും, ഭാര്യക്കും കൂട്ടിയെ വാങ്ങൂ. ആ ശീലം എന്റെ അമ്മച്ചി പട്ടിണി ഇരുന്നു എന്നെ ഊട്ടിയതിന്റെ വേദനയില്‍ നിന്ന് ഉണ്ടായതാ.
നന്ദി അമ്മച്ചി. അദ്ധ്വാനിക്കാന്‍ പഠിപ്പിച്ചതിന് ക്ഷീണം എന്ന വാക്കിനെ മറക്കാന്‍ പഠിപ്പിച്ചതിന്, നമ്മുടെ ഇഷ്ടങ്ങളെ മാറ്റി വെച്ച് കുടുംബത്തിന്റെ ഇഷ്ടങ്ങളെ സ്നേഹിക്കാന്‍ പഠിപ്പിച്ചതിന്. പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിച്ചതിന്, മൂത്തവരെ ബഹുമാനിക്കാന്‍ പഠിപ്പിച്ചതിന് എന്നില്‍ എന്തെങ്കിലും നന്മകള്‍ ഉണ്ടങ്കില്‍ അതെല്ലാം എനിക്ക് തന്നതിന്. ഇനിയൊരു ജന്മം ഉണ്ടെങ്കില്‍ അന്നും എനിക്ക് എന്റെ അമ്മച്ചിടെ മകനായി ജനിച്ചാല്‍ മതി. അമ്മച്ചിയെ കുറേകൂടി സ്നേഹിക്കുന്ന, മനസ്സിലാക്കുന്ന മകനായി എന്നുമായിരുന്നു ദാവീദിന്റെ കുറിപ്പ്.