വിനീത് ശ്രീനിവാസന്‍ നായകനായ മുകുന്ദനുണ്ണി അസോസിയേറ്റ്‌സ് എന്ന ചിത്രത്തിനെക്കുറിച്ച് നടത്തിയ അഭിപ്രായപ്രകടനത്തിന് പിന്നാലെ സമൂഹമാദ്ധ്യമം വഴി തന്നെ അപമാനിക്കാനുള്ള ശ്രമം നടക്കുന്നതായി ഇടവേള ബാബു. തന്നെയും താര സംഘടനയായ അമ്മയെയും അപമാനിക്കാന്‍ സജീവ ശ്രമം നടക്കുന്നതായി അദ്ദേഹം പറഞ്ഞു.
താന്‍ നടത്തിയ പരാമര്‍ശത്തിന്റെ ഒരു ഭാഗം ഉപയോഗിച്ചാണ് അപമാനിക്കുന്നതെന്നും ഇന്‍സ്റ്റാഗ്രാം യൂട്യൂബ് അടക്കമുള്ള മാധ്യമങ്ങളിലൂടെയാണ് അസഭ്യം ഉള്‍ക്കൊള്ളുന്ന വീഡിയോകള്‍ പ്രചരിക്കുന്നതെന്നും ബാബു പറഞ്ഞു. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കൊച്ചി സൈബര്‍ സെല്ലിന് ഇടവേള ബാബു പരാതി നല്‍കിയിട്ടുണ്ട്.
തനിക്കെതിരെ അപകീര്‍ത്തിപരമായ ഉള്ളടക്കമുള്ള വീഡിയോകള്‍ അടക്കം പങ്കുവെച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇടവേള ബാബു കൊച്ചി സൈബര്‍ സെല്ലിന് പരാതി നല്‍കിയിരുന്നു.
വിനീത് ശ്രീനിവാസന്റെ സഹ-സംവിധായകനായിരുന്ന അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്ത ചിത്രമായിരുന്നു മുകുന്ദനുണ്ണി അസോസിയേറ്റ്‌സ്. വിനീത് ശ്രീനിവാസന്‍ ആദ്യമായി നെഗറ്റീവ് ഷേഡിലുള്ള അഭിഭാഷക വേഷം അവതരിപ്പിച്ച ചിത്രം വ്യത്യസ്തമായ ആഖ്യാനശൈലി മൂലം പ്രേക്ഷക പ്രശംസ നേടിയെടുത്തിരുന്നു. ചിത്രത്തെക്കുറിച്ച് ഇടവേള ബാബു നടത്തിയ പരാമര്‍ശത്തിന് പിന്നാലെ നിരവധി ട്രോളുകള്‍ സോഷ്യല്‍മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
ചിത്രം ഉടനീളം നെഗറ്റീവ് ആണെന്നും ഇത്തരത്തിലുള്ള സിനിമയ്ക്ക് എങ്ങനെ സെന്‍സറിംഗ് ലഭിച്ചു എന്നും അദ്ദേഹം പറഞ്ഞിരുന്നു. കൂടാതെ ക്‌ളൈമാക്‌സില്‍ നായികയുടെ ഡയലോഗിനെക്കുറിച്ചും അദ്ദേഹം പരാമാര്‍ശം നടത്തി.
ആ സിനിമ ഇവിടെ ഓടി. ആര്‍ക്കാണ് ഇവിടെ മൂല്യച്യുതി സംഭവിച്ചത്? സിനിമക്കാര്‍ക്കോ അതോ പ്രേക്ഷകര്‍ക്കോ? നിര്‍മ്മാതാവിന് ലാഭം കിട്ടിയ സിനിമയാണ് അത്. അങ്ങനെ ഒരു സിനിമയെപ്പറ്റി എനിക്കൊന്നും ചിന്തിക്കാന്‍ പറ്റില്ല. എനിക്ക് അത്ഭുതം തോന്നിയത് പ്രേക്ഷകര്‍ എങ്ങോട്ടേക്കാണ് പോകുന്നതെന്ന് ഓര്‍ത്താണെന്നും ഇടവേള ബാബു പറഞ്ഞിരുന്നു.