Latest News

ലൈംഗിക പീഡന കേസില്‍ നടന്‍ ഇടവേള ബാബു അറസ്റ്റില്‍; മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ വിട്ടയയ്ക്കും; ലൈംഗിക ശേഷി പരിശോധിക്കും 

Malayalilife
 ലൈംഗിക പീഡന കേസില്‍ നടന്‍ ഇടവേള ബാബു അറസ്റ്റില്‍; മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ വിട്ടയയ്ക്കും; ലൈംഗിക ശേഷി പരിശോധിക്കും 

ലൈംഗിക പീഡന പരാതിയില്‍ നടന്‍ ഇടവേള ബാബുവിനെ അറസ്റ്റുചെയ്തു. മുകേഷിന് പിന്നാലെയാണ് ഇടവേള ബാബുവിന്റെ അറസ്റ്റ്. ആലുവ സ്വദേശിയായ നടിയുടെ പരാതിയില്‍, ചോദ്യം ചെയ്യലിനുശേഷമാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ നടപടി. നേരത്തെ മുന്‍കൂര്‍ ജാമ്യം ലഭിച്ചതിനാല്‍ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിടും. ജാമ്യനടപടികള്‍ക്ക് ശേഷം എറണാകുളം ജനറല്‍ ആശുപത്രിയിലെ വൈദ്യപരിശോധനയ്ക്ക് ശേഷമാകും വിട്ടയക്കുക. 

അമ്മ സംഘടനയില്‍ അംഗത്വം വാഗ്ദാനം ചെയ്ത് ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി മോശമായി പെരുമാറിയെന്നും ജൂനിയര്‍ ആര്‍ട്ടിസ്റ്റിനോട് ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നതുമടക്കം രണ്ട് പരാതികളാണ് ഇടവേള ബാബുവിനെതിരേ ഉള്ളത്. കേസില്‍ നേരത്തെ അഡീഷണല്‍ സെഷന്‍സ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. അതേസമയം ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അന്വേഷണം വിപുലീകരിച്ചിരിക്കുകയാണ് പ്രത്യേക അന്വേഷണ സംഘം. അമ്മ സംഘടനയിലെ മുന്‍ ഭാരവാഹികളുടെ മൊഴിയെടുക്കുമെന്നാണ് വിവരം. 

ആലുവ സ്വദേശിയായ നടിയുടെ പരാതിയില്‍ എറണാകുളം നോര്‍ത്ത് പോലീസ് ആണ് കേസെടുത്തിരിക്കുന്നത്. ഇടവേള ബാബുവും ലൈംഗിക ചുവയോടെ സംസാരിച്ചുവെന്ന ജൂനിയര്‍ ആര്‍ട്ടിസ്റ്റായ യുവതിയുടെ പരാതിയുമുണ്ട്. ഈ പരാതിയില്‍ കോഴിക്കോട് നടക്കാവ് പോലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഈ കേസുകള്‍ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. ഇടവേള ബാബുവിന്റെ ഫ്ലാറ്റില്‍ പോലീസ് പരിശോധന നടത്തിയിരുന്നു. ഇവിടെനിന്ന് രേഖകള്‍ പിടിച്ചെടുത്തുവെന്നാണ് അന്വേഷണസംഘത്തില്‍നിന്നും ലഭിക്കുന്ന വിവരം. പരാതിക്കാരിയെ ഫ്ലാറ്റിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. കഴിഞ്ഞ ദിവസം നടനും എം എല്‍ എയുമായ മുകേഷിനെതിരായ ലൈംഗിക പീഡനപരാതിയില്‍ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടയച്ചിരുന്നു. 

ഓഗസ്റ്റ് 28ന് എറണാകുളം ടൗണ്‍ നോര്‍ത്ത് സ്റ്റേഷനിലാണ് ഇടവേള ബാബുവിനെതിരെ കേസെടുത്തത്. അമ്മയില്‍ അംഗത്വം നേടാനായി വിളിച്ചപ്പോള്‍ അപേക്ഷ പൂരിപ്പിക്കാന്‍ നടിയോട് ഫ്ലാറ്റിലേക്ക് വരാന്‍ ആവശ്യപ്പെട്ടെന്നും, പൂരിപ്പിച്ചുകൊണ്ടിരുന്നപ്പോള്‍ കഴുത്തില്‍ ചുംബിച്ചെന്നുമാണ് പരാതി. പീഡനം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ അനുസരിച്ചാണ് കേസ്. തെളിഞ്ഞാല്‍ ചുരുങ്ങിയത് 10 വര്‍ഷംവരെ തടവും പിഴയും ശിക്ഷ ലഭിക്കും.

Read more topics: # ഇടവേള ബാബു
Malayalam Actor Edavela Babu Arrested

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക