ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനു പിന്നാലെ പുറത്തു വന്ന ആരോപണത്തില്‍ 'അമ്മ' മുന്‍ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിനെതിരെ എടുത്ത കേസിനു താല്‍ക്കാലിക സ്റ്റേ. ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ പരാതിയില്‍ നടക്കാവ് പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസാണ് ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുന്നത്.
കേസ് വീണ്ടും പരിഗണിക്കുന്ന നവംബര്‍ 18 വരെയാണ് ജസ്റ്റിസ് എ.ബദറുദീന്‍ സ്റ്റേ അനുവദിച്ചിരിക്കുന്നത്. ഹര്‍ജിയില്‍ എതിര്‍കക്ഷിയായ ജൂനിയര്‍ നടിക്ക് നോട്ടിസ് അയയ്ക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
കേസ് റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് ഇടവേള ബാബു ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. സിനിമയിലെ അവസരത്തിനും അമ്മയിലെ അംഗത്വത്തിനും അഡ്ജസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു എന്നായിരുന്നു ജൂനിയര്‍ നടിയുടെ പരാതി. അമ്മയിലെ അംഗത്വത്തിന് രണ്ടു ലക്ഷമാണ് ഫീസ് എന്നു പറഞ്ഞു.
എന്നാല്‍ അഡ്ജസ്റ്റ് ചെയ്താല്‍ രണ്ടു ലക്ഷം വേണ്ട, അംഗത്വവും കിട്ടും, കൂടുതല്‍ അവസരവും കിട്ടുമെന്ന് ഇടവേള ബാബു പറഞ്ഞെന്ന് നടി വെളിപ്പെടുത്തിയിരുന്നു. സംവിധായകന്‍ ഹരികുമാര്‍, നടന്‍ സുധീഷ് തുടങ്ങിയവര്‍ക്കെതിരെയും ജൂനിയര്‍ നടി ആരോപണം ഉന്നയിച്ചിരുന്നു. താന്‍ 'അഡ്ജസ്റ്റ്‌മെന്റി'നു തയാറാകാത്തതിനാല്‍ സിനിമയില്‍ അവസരങ്ങള്‍ ഇല്ലാതായെന്നും അവര്‍ വെളിപ്പെടുത്തിയിരുന്നു.