സിനിമയില്‍ അഭിനയിക്കാന്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ പരാതിയില്‍ നടന്‍ ബാബുരാജിനെതിരേ കേസെടുത്തു. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം അടിമാലി പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അടിമാലി സ്വദേശിനിയായ യുവതി ഡിഐജിക്ക് ഓണ്‍ലൈനായി നല്‍കിയ പരാതി അടിമാലി പൊലീസിന് കൈമാറുകയായിരുന്നു.
സിനിമയില്‍ അഭിനയിക്കാന്‍ അവസരം വാഗ്ദാനം ചെയ്ത് അടിമാലിയിലെ റിസോര്‍ട്ടിലും ആലുവയിലെ വസതിയിലും വച്ച് ബാബുരാജ് പീഡിപ്പിച്ചു എന്നാണ് പരാതി. യുവതിയുടെ മൊഴി ഓണ്‍ലൈനായി രേഖപ്പെടുത്തിയ ശേഷമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഉപദ്രവിക്കപ്പെട്ടതിന്റെ പിറ്റേദിവസം മാത്രമാണ് തനിക്ക് അവിടെ നിന്ന് രക്ഷപ്പെടാനായത് എന്നും തനിക്ക് അറിയാവുന്ന മറ്റു പെണ്‍കുട്ടികള്‍ക്കും ബാബുരാജില്‍ നിന്ന് സമാന അനുഭവം ഉണ്ടായിട്ടുണ്ടെന്നും ഇവര്‍ ആരോപിച്ചു.
യുവതി പറയുന്നത്: ഡിഗ്രി പഠനത്തിനുശേഷം ബാബുരാജിന്റെ മൂന്നാറിലെ റിസോര്‍ട്ടില്‍ റിസപ്ഷനിസ്റ്റായി ജോലി കിട്ടി. ബാബുരാജിന്റെ ജന്മദിന പാര്‍ട്ടി റിസോര്‍ട്ടില്‍ നടന്നപ്പോഴാണ് അദ്ദേഹത്തെ പരിചയപ്പെട്ടത്. അഭിനയിക്കാനുള്ള താല്‍പര്യം മനസ്സിലാക്കി 'കൂദാശ' എന്ന സിനിമയില്‍ ചെറിയൊരു വേഷം നല്‍കി.പുതിയൊരു സിനിമയുടെ ചര്‍ച്ചയ്ക്കെന്നു പറഞ്ഞ് 2019 ല്‍ ബാബുരാജ് ആലുവയിലെ വീട്ടിലേക്കു ക്ഷണിച്ചു.
സംവിധായകനും നിര്‍മാതാവും നടീനടന്മാരും അവിടെയുണ്ടെന്നു പറഞ്ഞു. ഒരു ദിവസം ആ വീട്ടിലെത്തിയപ്പോള്‍ ബാബുരാജും ഒരു ജീവനക്കാരനും മാത്രമേ ഉണ്ടായിരുന്നുള്ളൂ. മറ്റാരുമില്ലേയെന്നു ചോദിച്ചപ്പോള്‍ താഴത്തെ നിലയില്‍ കാത്തിരിക്കാന്‍ പറഞ്ഞു.പിന്നീടു മുറിയിലേക്ക് എത്തിയ അദ്ദേഹം എന്നെ പീഡനത്തിന് ഇരയാക്കി. പിറ്റേന്നാണ് പോകാന്‍ അനുവദിച്ചത്. പിന്നീടു ബാബുരാജിനെ കണ്ടിട്ടില്ല. ഇതിനിടെ, 'ബ്ലാക്ക് കോഫി' എന്ന ചിത്രത്തില്‍ അസിസ്റ്റന്റ് ഡയറക്ടറാക്കാം എന്നു പറഞ്ഞു വിളിച്ചെങ്കിലും ഞാന്‍ വിസമ്മതിച്ചു.
അതേ സമയം തനിക്കെതിരെയുള്ള ആരോപണങ്ങള്‍ ആസൂത്രിതമാണെന്നാണ് ബാബുരാജ് പറയുന്നത്. 2019 ല്‍ താന്‍ മൂന്നാറില്‍ ആണ് താമസം. ആലുവയില്‍ അല്ല. ആലുവയിലെ വീട് മോശം അവസ്ഥയിലായിരുന്നു. 2020 കോവിഡ് സമയത്താണ് ആ വീട് നന്നാക്കി അവിടെ താമസിക്കുന്നത്. അമ്മയുടെ അടുത്ത ജനറല്‍ സെക്രട്ടറി താന്‍ ആകുമെന്ന് കരുതിയാണ് വെളിപ്പെടുത്തല്‍. ആരോപണങ്ങള്‍ 100 ശതമാനം തെറ്റാണ്. ആരോപണങ്ങളില്‍ കഴമ്പില്ല. സംഘടനയുമായി ബന്ധപ്പെട്ടവരെ തളര്‍ത്തുകയാണ് ലക്ഷ്യം. ഇപ്പോള്‍ എന്തും വിളിച്ചുപറയാന്‍ പറ്റുന്ന സാഹചര്യമാണെന്നും ബാബുരാജ് പറഞ്ഞു.