ജൂനിയര്‍ നടിയെ ബലാത്സംഗം ചെയ്തുവെന്ന കേസില്‍ നടന്‍ ബാബുരാജിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചു. ജസ്റ്റിസ് സി.എസ്.ഡയസിന്റെ ബെഞ്ചാണ് ബാബുരാജിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിച്ചത്.
കര്‍ശന ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. അന്വേഷണവുമായി സഹകരിക്കാനും പത്തു ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ കീഴടങ്ങാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. പരാതി നല്‍കാനുള്ള കാലതാമസം പരിഗണിച്ചുകൊണ്ടാണ് ജാമ്യം അനുവദിച്ചത്.
സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് ജൂനിയര്‍ നടിയെ പീഡിപ്പിച്ചു എന്നായിരുന്നു ബാബുരാജിനെതിരായ കേസ്. ബാബുരാജിന്റെ ആലുവയിലെ വീട്ടില്‍വെച്ചും ഇടുക്കി കമ്പിലൈനിലെ റിസോര്‍ട്ടില്‍വെച്ചും പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ പരാതി. അടിമാലി പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതിനെതിരെ ബാബുരാജ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
ബാബുരാജിന്റെ മുന്‍ റിസോര്‍ട്ടിലെ ജീവനക്കാരി കൂടിയായിരുന്നു പരാതിക്കാരി. നേരത്തേ പോലീസ് പെണ്‍കുട്ടിയുടെ മൊഴിയെടുത്തിരുന്നു. തുടര്‍ന്ന് അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് നടന്‍ മുന്‍കൂര്‍ ജാമ്യവുമായി ഹൈക്കോടതിയെ സമീപിച്ചത്. ബലം പ്രയോഗിച്ച് പരാതിക്കാരിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടില്ലെന്നും ഇത്രയും കാലം പരാതിയുമായി വന്നില്ലെന്നുമായിരുന്നു ബാബുരാജ് ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടിയത്.
2019 മുതല്‍ 2023 മുതല്‍ പരാതിക്കാരി അയച്ച വാട്‌സാപ് സന്ദേശങ്ങള്‍ ഉള്‍പ്പെടെ തെളിവായി ഹാജരാക്കാന്‍ തയ്യാറാണെന്നും ബാബുരാജ് കോടതിയെ അറിയിച്ചിരുന്നു. ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയുള്ള സാഹചര്യം മുതലെടുക്കാനുള്ള ശ്രമമാണ് യുവതി നടത്തുന്നതെന്നും അന്വേഷണവുമായി സഹരിക്കാന്‍ തയാറാണെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ബാബുരാജ് വ്യക്തമാക്കിയിരുന്നു.
ബാബുരാജിനെ കൂടാതെ നടനും എം എല്‍ എയുമായ മുകേഷ്, ജയസൂര്യ, മണിയന്‍ പിള്ള രാജു തുടങ്ങിയവര്‍ക്കെതിരെയായിരുന്നു ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് വന്നതിന് പിന്നാലെ ആരോപണം ഉയര്‍ന്നത്. ആലുവ സ്വദേശിയായ നടിയായിരുന്നു ഇവര്‍ക്കെതിരെ രംഗത്തെത്തിയത്. നടിയുടെ പരാതിയില്‍ ഈ നടന്‍മാര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.