തെന്നിന്ത്യയുടെ ഇഷ്ട നായികമാരില്‍ ഒരാളാണ് സാമന്ത. നടിയുടെ പുതിയ ചിത്രം 'ശാകുന്തളം'ത്തിനായി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഇതിന്റെ പ്രചാരണത്തിനായി കഴിഞ്ഞ ദിവസം സാമന്ത കേരളത്തിലും എത്തിയിരുന്നു. പ്രോമോഷനിടെ നടി പങ്ക് വച്ച വിശേഷങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.
കേരളവുമായി വളരെ അടുത്ത ബന്ധമാണുള്ള ആളാണ് സാമന്ത. ആലപ്പുഴ സ്വദേശിനിയാണ് സാമന്തയുടെ അമ്മ. ഇപ്പോഴിതാ കേരളത്തിനോടും മലയാളത്തിനോടുമുള്ള താല്‍പര്യത്തെ കുറിച്ച് പറയുകയാണ് സാമന്ത. അമ്മ മലയാളി ആണെങ്കിലും തനിക്ക് മലയാളം സംസാരിക്കാന്‍ അറിയില്ലെന്ന് താരം വ്യക്തമാക്കി. ആരാധകരോട് മലയാളത്തില്‍ സംസാരിക്കാന്‍ അതിയായ ആഗ്രഹമുണ്ടെന്നും നടി പറഞ്ഞു.
'അമ്മ ആലപ്പുഴ സ്വദേശിയാണ്. അമ്മയോട് മലയാളം പഠിപ്പിച്ചു തരണമെന്ന് പറഞ്ഞെങ്കിലും അത് ചെയ്തില്ല. ഒരുപാട് മലയാള സിനിമകള്‍ കാണാറുണ്ട്. സബ്‌ടൈറ്റില്‍ ഉപയോഗിച്ചാണ് കാണാറുള്ളത്. മലയാളത്തിലെ അഭിനേതാക്കളോട് ആരാധനയാണ്. സൂപ്പര്‍ ഡിലെക്‌സ് എന്ന ചിത്രത്തില്‍ ഫഹദിന്റെ അഭിനയം നേരിട്ടു കണ്ടപ്പോള്‍ അത്ഭുതം തോന്നി- സാമന്ത പറഞ്ഞു.മലയാളത്തില്‍ സിനിമ ചെയ്യാന്‍ ഒരു അവസരം ലഭിച്ചാല്‍ എന്തായാലും ഭാഷ പഠിക്കുമെന്നും സാമന്ത കൂട്ടിച്ചേര്‍ത്തു. കൂടാതെ ഫഹദ് ഫാസിലിനൊപ്പം ഒരു മുഴുനീള ചിത്രം ചെയ്യാന്‍ താത്പര്യമുണ്ടെന്നും വ്യക്തമാക്കി.
2008ല്‍ പുറത്തിറങ്ങിയ ദിലീപ് ചിത്രം ക്രേസി ഗോപാലനില്‍ നായികയാകേണ്ടിയിരുന്നത് തെന്നിന്ത്യന്‍ സൂപ്പര്‍താരം സാമന്തയായിരുന്നുവെന്ന തരത്തിലെ ചര്‍ച്ചകള്‍ സമൂഹമാദ്ധ്യമങ്ങളില്‍ കഴിഞ്ഞദിവസങ്ങളില്‍ സജീവമായിരുന്നു. സ്‌ക്രീന്‍ ടെസ്റ്റില്‍ സാമന്ത പങ്കെടുത്തിരുന്നെങ്കിലും പിന്നീട് ഒഴിവാക്കുകയായിരുന്നുവെന്നായിരുന്നു വാര്‍ത്തകള്‍. ദിലീപും ക്രേസി ഗോപാലന്റെ സംവിധായകനുമായ ദീപു കരുണാകരനും അഭിമുഖങ്ങളില്‍ പറഞ്ഞ കാര്യങ്ങളുടെ വീഡിയോ വൈറലായതിന് പിന്നാലെയായിരുന്നു സാമന്തയെ ചുറ്റിപ്പറ്റിയുള്ള വാര്‍ത്തകള്‍ പ്രചരിച്ചത്. ഈ വിഷയത്തിലും സാമന്തപ്രതികരിച്ചു.
'ഒരുപാട് ഓഡിഷനുകളില്‍ നിന്ന് റിജക്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ അതൊക്കെ മറന്നുപോയി. കരിയറിന്റെ തുടക്കത്തില്‍ റിജക്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന കാര്യം ഓര്‍ക്കുന്നുണ്ട്' എന്നായിരുന്നു സാമന്തയുടെ പ്രതികരണം. മലയാളി താരങ്ങള്‍ക്കൊപ്പം അഭിനയിക്കുന്നത് ആക്ടിംഗ് സ്‌കൂളില്‍ പോകുന്നത് പോലെയാണെന്നും സാമന്ത പറഞ്ഞു. സാധാരണ ഗതിയില്‍ അഭിനേതാക്കള്‍ക്ക് ഒരു റിഥം ഉണ്ട്. ഈ സീനില്‍ സാമന്ത ഇതാണ് ചെയ്യുന്നതെന്ന് പറയാന്‍ കഴിയും. എന്നാല്‍ മലയാളി ആക്ടേഴ്സ് സര്‍പ്രൈസ് നല്‍കും. ഫഹദ് ഫാസില്‍ ഇതായിരിക്കും ചെയ്യുകയെന്ന് നാം വിചാരിക്കും. എന്നാല്‍ അദ്ദേഹം അതായിരിക്കില്ല ചെയ്യുക. മിക്ക മലയാളി താരങ്ങള്‍ക്കും അഭിനയത്തില്‍ ആ എഡ്ജ് ഉണ്ട്. അത് വളരെ പ്രചോദനം നല്‍കുന്നതാണെന്നും സാമന്ത വ്യക്തമാക്കി.
ശാകുന്തളം' എന്ന ചിത്രം ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. കാളിദാസന്റെ 'അഭിജഞാന ശാകുന്തളം' ആസ്പദമാക്കിയുള്ള സിനിമ സംവിധാനം െചയ്യുന്നത് ഗുണശേഖര്‍ ആണ്. മലയാളി താരം ദേവ് മോഹനാണ് സിനിമയില്‍ ദുഷ്യന്തനായി എത്തുന്നത്. ഏപ്രില്‍ 14നാണ് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.
സച്ചിന്‍ ഖേദേക്കര്‍ കബീര്‍ ബേദി, മധുബാല, ഗൗതമി, അനന്യ നാഗല്ല, ജിഷു സെന്‍ഗുപ്ത എന്നിവരടങ്ങുന്ന ഒരു മികച്ച താരനിരയും ചിത്രത്തിലുണ്ട്. ഐക്കണ്‍ സ്റ്റാര്‍ അല്ലു അര്‍ജുന്റെ മകള്‍ അല്ലു അര്‍ഹയും ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്യുന്നു എന്നതാണ് താരനിരയിലെ മറ്റൊരു ആകര്‍ഷണം. തെലുങ്കിന് പുറമേ മലയാളം, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളില്‍ ചിത്രം മൊഴിമാറിയെത്തും.
അതേസമയം വിജയ് വേരകൊണ്ട ചിത്രം ' ഖുശി', യാണ് താരത്തിന്റേതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രം. മജിലി', 'ടക്ക് ജഗദീഷ്' തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ ശിവ നിര്‍വാണ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ' ഹൃദയം' എന്ന സിനിമയിലൂടെ ശ്രദ്ധേയനായ ഹിഷാം അബ്ദുള്‍ വഹാബ് ആണ് ഖുശിയ്ക്കായി സംഗീതം ഒരുക്കുന്നത്.