നടന്‍ നാഗചൈതന്യയുടെയും നടി ശോഭിത ധൂലിപാലയുടെയും വിവാഹനിശ്ചയം കഴിഞ്ഞദിവസം നടന്നിരുന്നു. ഇതിനിടെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട പേര് നാഗചൈതന്യയുടെ മുന്‍ഭാര്യയും നടിയുമായ സാമന്തയുടെതാണ്. നിരവധിപ്പേര്‍ നാഗചൈതന്യയെ വിമര്‍ശിക്കുകയും സാമന്തയെ പിന്തുണച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു. ഇപ്പോഴിതാ സാമന്തയോട് ഒരു ആരാധകന്‍ വിവാഹാഭ്യര്‍ത്ഥന നടത്തുന്നതും അതിന് താരം മറുപടി നല്‍കിയതുമാണ് സമൂഹമാദ്ധ്യമങ്ങളില്‍ ശ്രദ്ധനേടുന്നത്.
സാമന്ത വിഷമിക്കേണ്ട, ഞാന്‍ എപ്പോഴും കൂടെയുണ്ടാകുമെന്ന് അവരോട് പറയാനുള്ള യാത്രയില്‍' എന്ന കുറിപ്പോടെ തുടങ്ങുന്ന വീഡിയോ ആണ് മുകേഷ് ചിന്ത എന്ന ആരാധകന്‍ തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. ബാഗ് പാക്ക് ചെയ്ത് വിമാനത്തില്‍ കയറി സാമന്തയുടെ വീട്ടിലെത്തി വിവാഹാഭ്യര്‍ത്ഥന നടത്തുന്നതിന്റെ വീഡിയോ ഗ്രാഫിക്സിന്റെ സഹായത്തോടെയാണ് നിര്‍മിച്ചിരിക്കുന്നത്.
നോക്കൂ, ഞാന്‍ എപ്പോഴും കൂടെയുണ്ടാകും. നമ്മള്‍ രണ്ടുപേരും നല്ല ജോഡിയായിരിക്കും. നിങ്ങള്‍ക്ക് ഇഷ്ടമാണെങ്കില്‍ ഞാന്‍ വിവാഹത്തിന് തയ്യാറാണ്. എനിക്ക് വെറും രണ്ട് വര്‍ഷം തരൂ, ഞാന്‍ സാമ്പത്തിക ഭദ്രത കൈവരിച്ചിട്ട് തിരികെ നിങ്ങളുടെ അടുത്തേയ്ക്ക് തന്നെ വരാം. ഈ ഹൃദയം എന്റെ വാഗ്ദാനമായി സ്വീകരിക്കൂ, ദയവായി എന്നെ വിവാഹം ചെയ്യൂ'- എന്നാണ് വീഡിയോയില്‍ പറയുന്നത്.
രസകരമായ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഏറെ വൈറലായിരുന്നു. വീഡിയോയ്ക്ക് ഇതുവരെ നാല് ലക്ഷത്തിലധികം ലൈക്കുകളും രണ്ടായിരത്തിലധികം കമന്റുകളുമാണ് ലഭിച്ചത്. വീഡിയോ ഹിറ്റായതിന് പിന്നാലെ പ്രതികരണവുമായി സാമന്ത തന്നെ രംഗത്തെത്തിയിരിക്കുകയാണിപ്പോള്‍. 'പുറകിലെ ജിം എന്നെ ഏകദേശം അനുനയിപ്പിച്ചു' എന്നാണ് താരം കമന്റ് ചെയ്തിരിക്കുന്നത്. നടിയുടെ കമന്റിനും ഒരു ലക്ഷത്തിലധികം ലൈക്ക് ലഭിച്ചിട്ടുണ്ട്.