കാസര്‍കോട്: സിനിമ-ടെലിവിഷന്‍ താരം ഷിയാസ് കരീമിനെതിരെ പീഡന പരാതി. പരാതിയില്‍ പൊലീസ് കേസെടുത്തു. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നാണ് യുവതി നല്‍കിയ പരാതിയില്‍ പറയുന്നത്. കാസര്‍കോട് ചന്തേര പൊലീസാണ് കേസെടുത്തിരിക്കുന്നത്. ഹോസ്ദുര്‍ഗ് താലൂക്കിലെ തീരദേശ സ്വദേശിനിയായ യുവതിയാണ് പരാതിക്കാരി.
പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. കേരളത്തിലെ അറിയപ്പെടുന്ന മോഡലും സോഷ്യല്‍ മീഡിയ താരവുമാണ് ഷിയാസ് കരീം. ബിഗ് ബോസ് അടക്കമുള്ള റിയാലിറ്റി ഷോകളിലും പങ്കെടുത്തിട്ടുണ്ട്. വര്‍ഷങ്ങളായി എറണാകുളത്തെ ജിമ്മില്‍ ട്രെയിനറായ യുവതി ആ സമയത്താണ് നടനെ പരിചയപ്പെടുന്നത്. വിവാഹ വാഗ്ദാനം നല്‍കി തൃക്കരിപ്പൂരിന് അടുത്ത് ചെറുവത്തൂര്‍ ദേശീയ പാതയോരത്തെ ഹോട്ടലില്‍ വച്ച് പീഡിപ്പിച്ചെന്നാണ് പരാതി. കൂടാതെ 11 ലക്ഷത്തില്‍ കൂടുതല്‍ രൂപ തട്ടിയെടുത്തെന്നും പരാതിയില്‍ പറയുന്നു.
കേസില്‍ എറണാകുളത്തേക്കു കൂടി അന്വേഷണം വ്യാപിപ്പിക്കാനുള്ള നീക്കത്തിലാണ് പൊലീസ്. ഇന്‍സ്പെക്ടര്‍ ജി.പി.മനുരാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
ബിഗ് ബോസ് മലയാളത്തിന്റെ അരങ്ങേറ്റ സീസണില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളില്‍ ഒരാളായാണ് ഷിയാസ് കരീം എത്തുന്നത്. ഇത് വഴി ഫൈനലിസ്റ്റുകളില്‍ ഒരാളാകാനും അദ്ദേഹത്തിന് സാധിച്ചിരുന്നു. മോഡലിംഗിലൂടെയാണ് മിനി സ്‌ക്രീനിലേക്കും ബിഗ് സ്‌ക്രീനിലേക്കും ഷിയാസ് കരീം എത്തുന്നത്. ഫ്‌ളവേഴ്‌സ് ചാനലിലെ സ്റ്റാര്‍ മാജികിലും പങ്കെടുത്തിരുന്നു. തന്റെ ഫിറ്റ്നസ് വീഡിയോകളുമായി സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. പെരുമ്പാവൂരുകാരനായ ഷിയാസ് ഇന്ത്യയിലെ മുന്‍നിര ഡിസൈനേഴ്‌സിന് വേണ്ടി മോഡലായിട്ടുണ്ട്. ബള്‍ഗേറിയയില്‍ നടന്ന 'മിസ്റ്റര്‍ ഗ്രാന്‍ഡ് സീ വേള്‍ഡ് 2018' - ല്‍ ആദ്യ അഞ്ച് പേരില്‍ ഒരാളായിരുന്നു.
മിസ്റ്റര്‍ ഫോട്ടോ മോഡല്‍ 2018, പോപ്പുലാരിറ്റി മോഡല്‍ 2018 എന്നിങ്ങനെ നിരവധി അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്. വിവിധ ഫാഷന്‍ ഷോകളില്‍ ജഡ്ജായും ഫാഷന്‍ ഗ്രൂമറായും ഷിയാസ് എത്തിയിട്ടുണ്ട്. ക്യാപ്റ്റന്‍, വീരം, സാല്‍മണ്‍ എന്നീ ചിത്രങ്ങളിലും ഷിയാസ് കരീം അഭിനയിച്ചിട്ടുണ്ട്.