Latest News

ബിഗ് ബോസില്‍ നിന്നും ഇറങ്ങിയ സമയത്ത് പെണ്ണ് കാണാന്‍ പോയ പെണ്‍കുട്ടികളില്‍ ഒരാള്‍; അബുദബിയില്‍ കുടുംബമായി താമസമാക്കി കുടുംബത്തിലെ അംഗം; ഇരുവരുടെയും കല്യാണം പറഞ്ഞുറപ്പിച്ച ശേഷം മുടങ്ങിയത്; വധുവായി എത്തുന്ന പെണ്‍കുട്ടിയുടെ വിശേഷങ്ങള്‍ ഷിയാസ് കരിം പങ്ക് വക്കുമ്പോള്‍

Malayalilife
ബിഗ് ബോസില്‍ നിന്നും ഇറങ്ങിയ സമയത്ത് പെണ്ണ് കാണാന്‍ പോയ പെണ്‍കുട്ടികളില്‍ ഒരാള്‍; അബുദബിയില്‍ കുടുംബമായി താമസമാക്കി കുടുംബത്തിലെ അംഗം; ഇരുവരുടെയും കല്യാണം പറഞ്ഞുറപ്പിച്ച ശേഷം മുടങ്ങിയത്; വധുവായി എത്തുന്ന പെണ്‍കുട്ടിയുടെ വിശേഷങ്ങള്‍ ഷിയാസ് കരിം പങ്ക് വക്കുമ്പോള്‍

നടനും മോഡലുമായ ഷിയാസ് കരീം വിവാഹിതനാവാന്‍ ഒരുങ്ങുകയാണെന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവരുന്നത്. നേരത്തെ ഷിയാസിന്റെ വിവാഹനിശ്ചയം വരെ നടത്തിയെങ്കിലും അത് മുടങ്ങി പോവുകയായിരുന്നു. പിന്നിട് നാളുകള്‍ക്ക് ശേഷം ഇക്കഴിഞ്ഞ ദിവസം തന്റെ സേവ് ദി ഡേറ്റ് വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചതോടെ ഷിയാസിന്റെ വിവാഹമാണ് സോഷ്യല്‍മീഡിയയിലടക്കം ചര്‍്ച്ചയാകുന്നത്.

നവംബര്‍ 25 നാണ് വിവാഹം. താരത്തിന്റെ കൂട്ടുകാരി കൂടിയായ ദര്‍ഫയാണ് വധു. വധുവിനെക്കുറിച്ചും വിവാഹത്തെക്കുറിച്ചും ഷിയാസ് പങ്ക് വച്ചതിങ്ങനെയാണ്.തന്റെ ഏറ്റവും മോശം സമയത്ത് തനിക്ക് താങ്ങായും തണലായും നിന്ന പെണ്‍കുട്ടിയാണ് ദര്‍ഫയെന്നും ഷിയാസ് പറഞ്ഞു. മനോരമ ഓണ്‍ലൈനിനോടാണ് പ്രതികരണം. 

ബിഗ് ബോസില്‍ നിന്നും ഇറങ്ങിയതിന് പിന്നാലെ താന്‍ പെണ്ണ് കാണാന്‍ പോയ കുട്ടികളില്‍ ഒരാളാണ് ദര്‍ഫയെന്ന് ഷിയാസ് പറയുന്നു. അന്ന് ദര്‍ഫയ്ക്ക് പ്രായം കുറവാണെന്ന തോന്നല്‍ എനിക്കുണ്ടായി. അതിനാല്‍ ആ ആലോചന വിവാഹത്തിലേക്ക് എത്തിയിരുന്നില്ല. അതേസമയം തങ്ങള്‍ നല്ല സുഹൃത്തുക്കളായി തുടര്‍ന്നുവെന്ന് പറഞ്ഞു. വിഷമ ഘട്ടത്തില്‍ താന്‍ ദര്‍ഫയുമായി എപ്പോഴും സംസാരിച്ചിരുന്നു. അവരും അവരുടെ കാര്യങ്ങള്‍ താനുമായി പങ്കുവെച്ചു. അങ്ങനെയാണ് എന്നാല്‍ ഒരുമിച്ച് മുന്നോട്ട് പോയാലോ എന്ന് ഞങ്ങള്‍ പരസ്പരം ചോദിച്ചത്.

അവളുടെ ഉമ്മ എനിക്ക് ആ കാലം മുതല്‍ തന്നെ എന്റെ സ്വന്തം ഉമ്മയെ പോലെയാണ്. ഏതൊരു വിഷമത്തിലും ഞാന്‍ ദര്‍ഫയുടെ ഉമ്മയെ വിളിക്കുമായിരുന്നു. അവര്‍ ആയിരുന്നു എന്റെ ആശ്വാസം.ഞാന്‍ ഒരുപാടു പ്രശ്‌നത്തിലൂടെ കടന്നുപോയ കാലത്ത് ദര്‍ഫയുമായി സംസാരിക്കുമായിരുന്നു. അവള്‍ തന്ന കരുതലായിരുന്നു എന്റെ ശക്തി. കഴിഞ്ഞ റംസാന്‍ മാസമാണ് ഞങ്ങള്‍ കൂടുതല്‍ അടുത്തത്. അവളുടെ വിഷമം എന്നോടും, എന്റെ വിഷമം അവളോടും പറഞ്ഞിരിക്കുന്ന സമയത്താണ് 'എന്നാല്‍ നമുക്ക് ഒരുമിച്ച് ജീവിച്ചാലോ' എന്ന ചോദ്യം ഞങ്ങള്‍ക്കിടയില്‍ ഉണ്ടാകുന്നത്. പിന്നീട് വീട്ടില്‍ പറഞ്ഞപ്പോള്‍ ഇരു കൂട്ടര്‍ക്കും വലിയ സന്തോഷമായി. 

ദര്‍ഫ അബുദാബിയിലാണ്. എമിറേറ്റ്‌സ് എന്‍ബിഡിയിലാണ് ജോലി. അവര്‍ കുടുംബമായി അവിടെയാണ് താമസം. നവംബര്‍ 25നാണു വിവാഹം. പെരുമ്പാവൂരുള്ള ഓഡിറ്റോറിയമാണ് വേദി. ഒരുപാടു പേരെ ക്ഷണിച്ചിട്ടുണ്ട്. വലിയ കല്യാണമായിരിക്കും. വിവാഹശേഷം ഞങ്ങള്‍ ഗള്‍ഫിലേക്ക്‌പോകും. ബിസിനസിന്റെ ഭാഗമായി ഞാന്‍ എപ്പോഴും ഗള്‍ഫിലാണ്. ജിം തുടങ്ങിയത് നന്നായി പോകുന്നു. ഇപ്പോള്‍ കൂടുതല്‍ ബിസിനസ് പ്ലാനുകള്‍ ഉണ്ട്. എല്ലാം നന്നായി നടക്കും എന്നാണ് പ്രതീക്ഷ. ദര്‍ഫയുടെ ജോലി അബുദാബിയിലായതുകൊണ്ട് ഞാനും ഇനി കൂടുതല്‍ സമയം അവിടെയായിരിക്കും. ഭാവിയെക്കുറിച്ച് ആലോചിക്കുമ്പോള്‍ വലിയ സന്തോഷവും സമാധാനവുമാണ് ഇപ്പോള്‍ തോന്നുന്നത്. 

ജീവിതത്തില്‍ വളരെ ഉയര്‍ന്നു പറന്നുകൊണ്ടിരിക്കുന്ന സമയത്തായിരുന്നു അനാവശ്യ വിവാദങ്ങളും പ്രശ്‌നങ്ങളും ഉണ്ടായത്. അന്ന് ഞാന്‍ തളര്‍ന്നുപോയി. ചെയ്യാത്ത തെറ്റിനു കുറ്റക്കാരനെപ്പോലെ നില്‍ക്കേണ്ടി വരുന്നത് സഹിക്കാവുന്നതിനും അപ്പുറമായിരുന്നു. എന്റെ ഉമ്മയും കുടുംബവുമെല്ലാം ടിവിയും ഫോണുമെല്ലാം നോക്കുമ്പോള്‍, ഞാന്‍ ഒരു സ്ത്രീയെ പീഡിപ്പിച്ചു എന്ന വാര്‍ത്തയല്ലേ കാണുന്നത്. അതാണ് എനിക്ക് കൂടുതല്‍ സങ്കടമുണ്ടാക്കിയത്. 

ആ പരാതി പറഞ്ഞ സ്ത്രീ എന്നെ പറ്റിക്കുകയായിരുന്നു. അവരുടെ മകനെ ആങ്ങളയാണെന്നു കള്ളം പറഞ്ഞാണ് എനിക്ക് പരിചയപ്പെടുത്തിയത്. ഞാന്‍ ചോദ്യം ചെയ്യാന്‍ തുടങ്ങിയപ്പോഴാണ് ആ ബന്ധം വഷളായത്. മുന്‍പ് കാമുകിയായിരുന്ന ആള്‍, ബന്ധം അവസാനിപ്പിച്ചപ്പോള്‍ കുടുക്കാന്‍ നോക്കിയതാണെന്നു എന്നോട് അടുപ്പമുള്ളവര്‍ക്കൊക്കെ മനസ്സിലായി. അവര്‍ എന്നെ പേടിപ്പിച്ച് പണം തട്ടാനായിരുന്നു ആദ്യം ശ്രമിച്ചത്. അത് നടക്കാതെ വന്നപ്പോഴാണ് കേസ് കൊടുത്തത്. ഇപ്പോള്‍ എല്ലാം കലങ്ങി തെളിഞ്ഞതില്‍ സന്തോഷമുണ്ട്.

അന്ന് ചില മാധ്യമങ്ങള്‍ സത്യം അറിയാതെ എന്നെ വേട്ടയാടി. ഒരുപാടു സ്‌നേഹം ഉണ്ടായിരുന്നു എന്ന് ഞാന്‍ കരുതിയിരുന്നവരും ആ കൂട്ടത്തില്‍ ഉണ്ടായിരുന്നു. തെളിഞ്ഞു കത്തുന്ന വഴിവിളക്കുകളുള്ള പാതയിലൂടെ നടക്കുമ്പോള്‍ പെട്ടെന്ന് അതെല്ലാം കെട്ടുപോയതുപോലുള്ള അവസ്ഥയായിരുന്നു അത്. ഇപ്പോള്‍ വിവാഹത്തെക്കുറിച്ചുള്ള കാര്യങ്ങള്‍ പുറത്തു വന്നപ്പോള്‍ ഒരുപാടു പേര്‍ വിളിക്കുന്നു. ഏതോ ഒരു പഞ്ചായത്തിലെ ഏതോ ഒരു ഷിയാസ് കരീമായിരുന്നെങ്കില്‍ ആരും ശ്രദ്ധിക്കുക പോലും ഇല്ലല്ലോ. അതുകൊണ്ട് എനിക്ക് എന്റെ യാത്രയില്‍ ആത്മവിശ്വാസമുണ്ട്. 

വിവാഹക്കാര്യം രഹസ്യമാക്കി വച്ചത് എന്തുകൊണ്ടാണെന്ന് ചിലരൊക്കെ ചോദിക്കുന്നുണ്ട്. ആരെയും പേടിയില്ല എനിക്ക്. സാധാരണ ആളുകളൊക്കെ കല്യാണത്തിന്റെ ഒരു ആഴ്ച മുന്‍പല്ലേ സേവ് ദി ഡേറ്റ് വിഡിയോയും ചിത്രങ്ങളുമൊക്കെ പുറത്തുവിടുക. അത്രയേ ഞാനും ചെയ്തുള്ളു. പിന്നെ എനിക്കും ദര്‍ഫയ്ക്കും മുന്‍പ് നിശ്ചയിച്ച കല്യാണം മുടങ്ങിയ ചരിത്രമുണ്ട്. അപ്പോള്‍ വീട്ടുകാരും ഞങ്ങളും ഒരുമിച്ചെടുത്ത തീരുമാനമാണ് വിവാഹത്തിനോട് അടുപ്പിച്ച് വിവരം എല്ലാവരെയും അറിയിക്കാം എന്നത്. ഷിയാസ് പറയുന്നു.

 

Read more topics: # ഷിയാസ് കരീം
shiyas kareem wedding dharfa

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES