അടുത്തിടെ നടന്ന ഫിലിംഫെയര്‍ അവാര്‍ഡ അവാര്‍ഡ് ഷോ ഹോസ്റ്റുചെയ്യുന്ന കരണ്‍ ജോഹറിനും ആയുഷ്മാന്‍ ഖുറാനയ്ക്കും നേരെ ദേഷ്യത്തോടെ ആക്രോശിക്കുന്ന രണ്‍ബീറിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയുടെ ശ്രദ്ധ നേടുന്നത്.
സഹായം ആവശ്യപ്പെട്ട് രണ്‍ബീറിനെ സമീപിക്കുന്ന കരണ്‍ ജോഹറിനെ വീഡിയോയില്‍ കാണാം. 'രണ്‍ബീറിന് മാത്രമേ അത് ചെയ്യാന്‍ കഴിയൂ, രണ്‍ബീര്‍ അത് ചെയ്യും, രണ്‍ബീര്‍ അത് ചെയ്യണം, രണ്‍ബീര്‍ ഞങ്ങളെ സഹായിക്കണം,' എന്ന കരണ്‍ ജോഹറിന്റെ വാക്കുകളില്‍ അസ്വസ്ഥതനായ രണ്‍ബീര്‍, 'എനിക്ക് കേള്‍ക്കാം, ഞാന്‍ ബധിരനല്ല,' എന്ന് ദേഷ്യത്തോടെ വിളിച്ചുപറയുന്നത് വീഡിയോയില്‍ കാണാം.
രണ്‍ബീറിന്റെ പ്രതികരണം പലരെയും ഞെട്ടിച്ചെങ്കിലും, അവാര്‍ഡ് നിശയില്‍ മൂവരും ചേര്‍ന്ന് ഒരുക്കിയ തിരക്കഥയുടെ ഭാഗമായിരുന്നു ഇത്. അനിമല്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് രണ്‍ബീറിന് മികച്ച നടനുള്ള അവാര്‍ഡും ലഭിച്ചിരുന്നു. ചടങ്ങില്‍ സംസാരിക്കവേ, ചിത്രത്തിന്റെ സംവിധായകന് സന്ദീപ് റെഡ്ഡി വംഗയോട് താരം നന്ദി പറഞ്ഞു. അന്തരിച്ച പിതാവ്, ഋഷി കപൂറിനെ അനുസ്മരിച്ച രണ്‍ബീര്‍, അവാര്‍ഡ് മകള്‍ രാഹയ്ക്ക് സമര്‍പ്പിക്കുന്നതായി പറഞ്ഞു.
മകള്‍ രാഹ ജനിച്ച് ഒരാഴ്ച കഴിഞ്ഞപ്പോഴെ താന്‍ അനിമലിന്റെ ഷൂട്ടിങ്ങ് തിരക്കുകളിലേക്ക് പോയിരുന്നെന്നും, ഷൂട്ടിങ്ങ് ഇടവേളകളില്‍ വീട്ടിലേക്ക് എത്തുന്ന ഏല്ലാ ദിവസവും ജീവിതത്തിലെ ഏറ്റവും സന്തോഷം നല്കിയ ദിവസമായിരുന്നെന്നും റണ്‍ബീര്‍ പറഞ്ഞു.