നിത്യ മേനോനും മലയാളത്തിലെ പ്രമുഖ നടനും വിവാഹിതരാകുന്നു എന്ന വാര്‍ത്ത ഇന്നലെ ദേശീയ മാധ്യമങ്ങളും നിരവധി മലയാള മാധ്യമങ്ങളും ആഘോഷമാക്കിയിരുന്നു. എന്നാല്‍ പ്രചരിച്ചത് വസ്തുതാ വിരുദ്ധമായ കാര്യമാണെന്ന് നടി വ്യക്തമാക്കി.ഇത്തരം വാര്‍ത്തകള്‍ നല്‍കുമ്പോള്‍ വസ്തുത ഉറപ്പാക്കി നല്‍കണം എന്നും നിത്യ മേനോന്‍ പറഞ്ഞു.
പ്രമുഖനടനുമായി താരം വിവാഹിതയാവാന്‍ പോകുന്നുവെന്നും സിനിമയിലെത്തിയ കാലം മുതലുള്ള അടുപ്പമാണ് ഇരുവരെയും പ്രണയത്തിലെത്തിച്ചതെന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചത്. എന്നാല്‍, താന്‍ ഇപ്പോള്‍ ജോലിയുടെ തിരക്കിലാണെന്നും വിവാഹം തീരുമാനിക്കുമ്പോള്‍ എല്ലാവരെയും അറിയിക്കുമെന്നുമാണ് നടി പറയുന്നത്.
അതേസമയം, വിവാഹ വാര്‍ത്തകളുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ കൊണ്ട് പിടിച്ചു ചര്‍ച്ചകള്‍ നടക്കുകയാണ്. നിത്യ വിവാഹിതയാവുന്നു, വരന്‍ പ്രമുഖ നടന്‍എന്ന പേരു മാത്രം വച്ച് പുറത്തു വന്ന വ്യാജവാര്‍ത്തയ്ക്ക് താഴെ മലയാളികള്‍ അവരുടെ ഭാവനയ്ക്ക് ഇണങ്ങുന്ന രീതിയില്‍ നിത്യയ്ക്ക് അനുയോജ്യരായ വരന്‍മാരെ നിര്‍ദ്ദേശിക്കുകയാണ്. അതില്‍ ഇടവേള ബാബു മുതല്‍ ആറാട്ട് അണ്ണന്‍ വരെയുണ്ട്. യുവനടന്മാര്‍ക്കിടയില്‍ അവിവാഹിതനായി തുടരുന്ന ഉണ്ണി മുകുന്ദന്റെ പേര് വരെ ചില വിരുതന്മാര്‍ നിത്യയ്ക്ക് വരനായി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഏതാപ്പോ മലയാള സിനിമേലേ കെട്ടാത്ത പ്രമുഖന്‍, മലയാളസിനിമയില്‍ ഇനി കെട്ടാന്‍ ബാക്കിയുള്ള പ്രമുഖനായിട്ട് ഇടവേള ബാബു മാത്രമല്ലേ ഉള്ളൂ?, ഒരു നിമിഷം ആറാട്ട് അണ്ണന്‍ സന്തോഷ് വര്‍ക്കി ആയിരിക്കുമോ എന്ന് ഒരു ശങ്ക വന്നു പോയി എന്നിങ്ങനെ പോവുന്നു കമന്റുകള്‍.
വിജയ് സേതുപതി നായകനാകുന്ന 19(1) (എ) ആണ് നിത്യയുടെ പുതിയ റിലീസ് ചിത്രം. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല.ധനുഷ് നായകനാകുന്ന തിരുചിത്രമ്പലം എന്ന ചിത്രത്തിലും നിത്യാമേനനാണ് നായിക. മലയാളത്തില്‍ കോളാമ്പിയാണ് താരം അവസാനമായി അഭിനയിച്ച ചിത്രം.
തെന്നിന്ത്യന്‍ താരമായ നിത്യ മേനോന്‍ വളരെ ചുരുക്കം ചിത്രങ്ങള്‍ക്കൊണ്ട് മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ്. കന്നട, തെലുങ്ക്, തമിഴ്, ഹിന്ദി ചിത്രങ്ങളിലും നിത്യ ശ്രദ്ധേയമായ വേഷമണിഞ്ഞിട്ടുണ്ട്. ബാലതാരമായി 1988ലാണ് നിത്യ സിനിമയില്‍ ചുവടുവെപ്പ് നടത്തുന്നത്. ആകാശഗോപുരം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ നടി കേരള കഫേ, എയ്ഞ്ചല്‍ ജോണ്‍, അപൂര്‍വ്വ രാഗം, അന്‍വര്‍, ഉറുമി, തത്സമയം ഒരു പെണ്‍കുട്ടി, ഉസ്താദ് ഹോട്ടല്‍, ബാംഗ്ലൂര്‍ ഡെയ്സ് തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിയിട്ടുണ്ട്. പിന്നണി ഗായിക കൂടിയാണ് നടി.