മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നവ്യ നായര്‍. മലയാള സിനിമയില്‍ തിളങ്ങി നിന്ന നവ്യ പിന്നീട് വിവാഹശേഷം സിനിമയില്‍ നിന്ന് മാറിനിന്നിരുന്നു. പിന്നീട് വികെ പ്രകാശ് സംവിധാനം ചെയ്ത ഒരുത്തി എന്ന സിനിമയിലൂടെ ഗംഭീര തിരിച്ചുവരവും നടത്തിയ നവ്യ തുടര്‍ന്ന് ഇനിയും സിനിമകള്‍ ചെയ്യുമെന്നും സ്റ്റേജ് ഷോകളില്‍ ഇനി നിറസാന്നിധ്യമാകുമെന്ന് അറിയിക്കുകയും ചെയ്തു. ഇപ്പോള്‍ താരം അഭിനയത്തില്‍ മാത്രമല്ല മറിച്ച് അധ്യാപനത്തിലേക്കും തിരഞ്ഞിരിക്കുകയാണ്.
താരം ഇപ്പോള്‍ സ്വന്തമായി ഒരു ഡാന്‍സ് സ്‌കൂള്‍ തുടങ്ങുകയാണ്. മാതംഗി സ്‌കൂള്‍ ഓഫ് ഡാന്‍സ് എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. കൊച്ചിയില്‍ തുടങ്ങുന്ന നൃത്ത വിദ്യാലയം ഈ മാസം മൂന്നു മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങും. കൊച്ചി പടമുകളില്‍ ലീഡര്‍ കെ കരുണാകരന്‍ റോഡില്‍ പ്രവര്‍ത്തനം തുടങ്ങുന്ന സ്ഥാപനം ലോക പ്രശസ്ത ഭരതനാട്യം നര്‍ത്തകി പ്രിയദര്‍ശിനി ഗോവിന്ദ് ആണ് ഉദ്ഘാടനം ചെയ്യുന്നത്. ഡിസംബര്‍ 3 നു രാവിലെ 8 മണിക്കാണ് ഉദ്ഘാടനം. മ
മാതംഗിയുടെ സഹകരണത്തോടെ പ്രിയദര്‍ശിനി ഗോവിന്ദിന്റെ നേതൃത്വത്തിലുള്ള ദ്വിദിന ശില്പശാലയ്ക്കും തുടക്കമാകും. മാതംഗിയുടെ വെബ്‌സൈറ്റ് സംവിധായകന്‍ സിബി മലയില്‍ സ്വിച്ച് ഓണ്‍ ചെയ്യും.ലോക പ്രശസ്ത നൃത്ത വിദ്യാലയമായ കലാക്ഷേത്രയുടെ മുന്‍ ഡയറക്ടര്‍ കൂടിയായ പ്രിയദര്‍ശിനി ഗോവിന്ദ് ആദ്യമായാണ് കൊച്ചിയില്‍ രണ്ടു ദിവസം നീണ്ടു നില്‍ക്കുന്ന ശില്പശാലയില്‍ പങ്കെടുക്കുന്നത്.
ലോകം അറിയപ്പെടുന്ന പ്രിയദര്‍ശിനി ഗോവിന്ദനോട് കുട്ടിക്കാലം മുതലേ സ്‌നേഹവും ആദരവുമുണ്ടെന്നു നവ്യ പറഞ്ഞു. മനസ്സില്‍ ആരാധന തോന്നിയിട്ടുള്ള കലാകാരിക്കൊപ്പം ഒരു നൃത്തശില്പശാലയ്ക്ക് ആതിഥേയത്വം വഹിക്കാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നുവെന്നും നവ്യ പറഞ്ഞു. ഇതിന്റെ സന്തോഷത്തില്‍ തന്നെയാണ് ഇപ്പോള്‍ താരവും താരത്തിന്റെ കുടുംബവും.