മോഹന്‍ലാലിനോടൊപ്പമുള്ള തന്റെ ഫാന്‍ ബോയ് നിമിഷത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ബോളിവുഡ് താരം വിവേക് ഒബ്റോയ്. ആദ്യ ചിത്രമായ കമ്പനിയില്‍ മോഹന്‍ലാലിനൊപ്പം അഭിനയിക്കുമ്പോള്‍ അദ്ദേഹത്തിന്റെ അഭിനയചാരുത കണ്ട് ഡയലോഗ് പറയാന്‍ മറന്നുപോയ സംഭവമാണ് വിവേക് ഒബ്റോയ് ഈ അടുത്തു നടന്നൊരു സ്വകാര്യ ചടങ്ങില്‍ വെളിപ്പെടുത്തിയത്.
''മാളിലൊക്കെ പോകുന്ന സമയത്ത് 'ബോബി' എന്ന് പിന്നില്‍ നിന്നും ആരെങ്കിലും വിളിക്കും. അപ്പോഴെ മനസ്സിലാകും അതൊരു മലയാളി ആണെന്ന്. തിരിഞ്ഞ് നോക്കിയിട്ട് 'സുഖമാണോ?' എന്നു തിരിച്ചു ചോദിക്കും. മോഹന്‍ലാല്‍ സാറുമൊത്തുള്ള അനുഭവം പറയാം. 'കമ്പനി' എന്ന സിനിമ ചെയ്യുമ്പോള്‍ എനിക്ക് 24 വയസ്സാണ്. 24 വയസ്സുള്ള കുട്ടി ലാലേട്ടനുമായി ഒരു സീനില്‍ അഭിനയിക്കാനിരിക്കുകയാണ്. ലാലേട്ടന്‍ ഷോട്ടിന് മുന്‍പ് വളരെ നോര്‍മല്‍ ആയാണ് ഇരിക്കുന്നത്.
ആക്ഷന്‍ പറഞ്ഞപ്പോള്‍ പെട്ടെന്ന് അദ്ദേഹം മുന്നിലിരുന്ന ഒരു ഗ്ലാസ് പേപ്പര്‍ വെയിറ്റ് കയ്യിലെടുത്തു. അതെടുത്ത് കളിച്ചുകൊണ്ട് ഡയലോഗ് പറഞ്ഞുതുടങ്ങി. പിന്നെ എന്റെ മുന്നില്‍ ഞാന്‍ കണ്ടത് ഒരു ജീനിയസ് പെര്‍ഫോമന്‍സ് ആണ്. അതിനു ശേഷം ആ സീനില്‍ ഡയലോഗ് പറയേണ്ടത് ഞാനാണ്. കാമറ എന്നിലേക്ക് തിരിഞ്ഞപ്പോഴും ഞാന്‍ ഒരു ഫാന്‍ ബോയ് പോലെ അദ്ദേഹത്തെ നോക്കി ഇങ്ങനെ ഇരിക്കുകയാണ്. അദ്ദേഹം എങ്ങനെയായിരിക്കും അത് ചെയ്തത് എന്നാണ് എന്റെ ചിന്ത. അപ്പോള്‍ സംവിധായകന്‍ രാം ഗോപാല്‍ വര്‍മ ഒരു ശാസനപോലെ എന്നോട് ചോദിച്ചു 'നിനക്ക് എന്തു പറ്റി? നിന്റെ ഡയലോഗ് പറയാതെ ഇരിക്കുന്നതെന്താണ്?' ഞാന്‍ പറഞ്ഞു, 'സോറി സര്‍, ഞാന്‍ ഈ നിമിഷം ആസ്വദിക്കുകയായിരുന്നു'.
ലൂസിഫര്‍ ചെയ്യുന്നതിന് മുന്‍പ് മോഹന്‍ലാല്‍ സര്‍ എന്നെ വിളിച്ചു, 'രാജു ആണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്. നീ ഹിന്ദിയില്‍ തുടക്കം കുറിച്ചത് എന്നോടൊപ്പമാണ്, മലയാളത്തിലും തുടക്കം കുറിക്കുന്നത് എന്നോടൊപ്പം ആകട്ടെ'. അത് കേട്ടപ്പോള്‍ എനിക്ക് ഒരുപാട് സന്തോഷം തോന്നി. ഇപ്പോഴും ദുബായില്‍ മാളിലൂടെ ഒക്കെ നടക്കുമ്പോള്‍ ഒരു മലയാളി എങ്കിലും എന്നെ ബോബി എന്ന് വിളിച്ച് അടുത്തുവരാറുണ്ട്', വിവേക് ഒബ്‌റോയ് പറഞ്ഞു.
ലൂസിഫറില്‍ ബോബി എന്ന വില്ലന്‍ കഥാപാത്രത്തെയാണ് വിവേക് ഒബ്‌റോയ് അവതരിപ്പിച്ചത്. ചിത്രത്തിലെ നടന്റെ പ്രകടനം ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന്‍ റിലീസിനൊരുങ്ങുകയാണ്. ചിത്രം മാര്‍ച്ച് 27 ന് പുറത്തിറങ്ങും.