അന്തരിച്ച നടി സൗന്ദര്യയുമായി നടന്‍ മോഹന്‍ ബാബുവിന് സ്വത്ത് തര്‍ക്കങ്ങള്‍ ഒന്നുമില്ലെന്ന് നടിയുടെ ഭര്‍ത്താവ് രഘു ജിഎസ്. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് നിര്‍ത്തണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടു. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വാര്‍ത്താ കുറിപ്പിലൂടെയാണ് പ്രതികരണം. നടി സൗന്ദര്യയുടെത് അപകടമരണമല്ലെന്നും കൊലപാതകമാണെന്നും ആരോപിച്ച് ആന്ധ്രാപ്രദേശിലെ ഖമ്മം ജില്ലയിലെ ചിട്ടിമല്ലു എന്ന വ്യക്തി പരാതി നല്‍കിയിരുന്നു.
'കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഹൈദരാബാദിലെ സ്വത്തുമായി ബന്ധപ്പെട്ട് ശ്രീ മോഹന്‍ ബാബു സാറിനെയും ശ്രീമതി സൗന്ദര്യയെയും കുറിച്ച് തെറ്റായ വാര്‍ത്ത പ്രചരിക്കുന്നുണ്ട്. സ്വത്തുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്.ആയതിനാല്‍ ഈ തെറ്റായ വാര്‍ത്തകള്‍ ഞാന്‍ നിഷേധിക്കാന്‍ ആഗ്രഹിക്കുന്നു. എന്റെ ഭാര്യ പരേതയായ ശ്രീമതി സൗന്ദര്യയില്‍ നിന്ന് മോഹന്‍ ബാബു സാര്‍ നിയമവിരുദ്ധമായി സമ്പാദിച്ച ഒരു സ്വത്തും ഇല്ലെന്ന് ഞാന്‍ സ്ഥിരീകരിക്കുന്നു. എന്റെ അറിവില്‍ അദ്ദേഹവുമായി ഞങ്ങള്‍ക്ക് ഒരു ഭൂമി ഇടപാടും ഉണ്ടായിരുന്നില്ല.''
കഴിഞ്ഞ 25 വര്‍ഷമായി എനിക്ക് മോഹന്‍ ബാബു സാറിനെ അറിയാം, അദ്ദേഹവുമായി ഞങ്ങള്‍ നല്ല സൗഹൃദം പങ്കിടുന്നു. തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് നിര്‍ത്താന്‍ നിങ്ങളോട് എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു'' എന്നാണ് രഘു ജിഎസ് പറയുന്നത്.
കിളിച്ചുണ്ടന്‍ മാമ്പഴമെന്ന ചിത്രത്തിലൂടെയാണ് നടി സൗന്ദര്യ മലയാളികള്‍ക്ക് പ്രിയങ്കരിയായത്.ഈ സൂപ്പര്‍ ചിത്രത്തിന്റെ വിജയ നെറുകയില്‍ നില്‍ക്കവേയാണ് നടി വിവാഹിതയായതും. ജി എസ് രഘു എന്ന സോഫ്റ്റ് വെയര്‍ എഞ്ചിനീയറാണ് സൗന്ദര്യയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. ആഘോഷമായി നടത്തിയ വിവാഹത്തിന്റെ സന്തോഷവും ആഹ്ലാദവും ഇരട്ടിയാക്കിയാണ് ഒരു വര്‍ഷം തികയും മുന്നേ താനൊരു അമ്മയാകാന്‍ പോവുകയാണെന്ന സന്തോഷ വാര്‍ത്തയും എത്തിയത്. മൂന്നുമാസം തികയാത്തതിനാല്‍ തന്നെ ആ വാര്‍ത്ത പതുക്കെ പുറത്തു വിടാന്‍ ഇരിക്കുകയായിരുന്നു ബന്ധുക്കള്‍. ഗര്‍ഭിണിയായതിന്റെ അസ്വസ്ഥതകള്‍ക്കിടയിലും നേരത്തെ ചുമതലയേറ്റ തെരഞ്ഞെടുപ്പ് പരിപാടികള്‍ക്കായി ഓടി നടക്കുന്നതിനിടെയാണ് നടിയെ തേടി മരണമെത്തിയത്.
കര്‍ണാടക മുളബഗിലു സ്വദേശിനിയാണ് സൗന്ദര്യ. യഥാര്‍ത്ഥ പേര് സൗമ്യ സത്യനാരായണ എന്നായിരുന്നു. അച്ഛന്‍ സിനിമാ എഴുത്തുകാരനും നിര്‍മ്മാതാവും ഒക്കെയായിരുന്നു. ആ വഴിയാണ് 20-ാം വയസില്‍ സൗന്ദര്യയും സിനിമയിലേക്ക് എത്തിയത്. പിന്നീട് തെലുങ്കിലും തമിഴിലുമെല്ലാം മുന്‍നിര നായികയായി വളര്‍ന്നു. തെലുങ്ക് സിനിമയിലായിരുന്നു സജീവമെങ്കിലും മലയാളമടക്കമുള്ള മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും അവര്‍ തന്നെ അടയാളപ്പെടുത്തി. ഇതിനിടെ സാക്ഷാല്‍ അമിതാഭ് ബച്ചന്റെ നായികയായി ബോളിവുഡിലും എത്തി. തെലുഗു സിനിമയിലെ നിത്യഹരിത നായിക എന്നാണ് സൗന്ദര്യ അറിയപ്പെട്ടത്.
നിരവധി പുരസ്‌കാരങ്ങളും സൗന്ദര്യയ്ക്ക് അതിനോടകം ലഭിച്ചിരുന്നു. മൂന്ന് തവണ നന്ദി പുരസ്‌കാരങ്ങളും, രണ്ട് തവണ കര്‍ണാടക സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും സൗന്ദര്യ തന്റെ കരിയറില്‍ നേടിയിരുന്നു. അങ്ങനെ തിളങ്ങിനില്‍ക്കവേയാണ് കിളിച്ചുണ്ടന്‍ മാമ്പഴത്തിലേക്കും എത്തിയത്. 30-ാം വയസിലെ വിവാഹ ഒരുക്കങ്ങള്‍ക്കിടെയായിരുന്നു ആ ചിത്രം സൂപ്പര്‍ ഹിറ്റായി മാറിയതും. വിവാഹം കഴിഞ്ഞതിനു പിന്നാലെ സിനിമ വിട്ട് രാഷ്ട്രീയത്തിലേക്ക് ചുവടുവെക്കാനുള്ള ശ്രമത്തിലായിരുന്നു സൗന്ദര്യ. ഇതിന്റെ ഭാഗമായി തിരഞ്ഞെടുപ്പ് പ്രചരണത്തിലും സജീവമായിരുന്നു. 2004ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആന്ധ്രയിലെ കരീംനഗര്‍ മണ്ഡലത്തിലേക്ക് ബി.ജെ.പിയുടെ കേന്ദ്രമന്ത്രിയ്ക്കു വേണ്ടി പ്രചരണത്തിന് പോകവെയാണ് താരം സഞ്ചരിച്ചിരുന്ന ഹെലികോപ്ടര്‍ അപകടത്തില്‍ പെടുന്നത്.
2004 ഏപ്രില്‍ 17നാണ്് ബംഗ്ലൂരുവിന് സമീപത്തു വച്ച് ഹെലികോപ്ടര്‍ ലാന്റ് ചെയ്യാനുള്ള ശ്രമങ്ങള്‍ക്കിടെ തകര്‍ന്നത്. സൗന്ദര്യയും ചേട്ടന്‍ അമര്‍നാഥും മലയാളി പൈലറ്റ് ജോയ് ഫിലിഫ്സും ബിജെപി നേതാവ് രമേഷ് കാദമും അടക്കം നാലു പേരും ആ അപകടത്തില്‍ കത്തിക്കരിഞ്ഞിരുന്നു. മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ പോലും സാധിക്കാത്ത വിധത്തിലാണ് ലഭിച്ചത്. പിന്നാലെയാണ് താരം മരിക്കുമ്പോള്‍ മൂന്നുമാസം ഗര്‍ഭിണിയായിരുന്നുവെന്ന വാര്‍ത്തയും പുറത്തു വന്നത്.
അതേ സമയം, സൗന്ദര്യയുടെ മരണം നേരത്തെ ഒരു ജോത്സ്യന്‍ പ്രവചിച്ചതായി നടിയുടെ അച്ഛന്‍ സത്യനാരായണന്‍ പറഞ്ഞിരുന്നു. ജാതകപ്രകാരം സൗന്ദര്യയുടെ മരണം ചെറു പ്രായത്തില്‍ സംഭവിക്കും എന്നായിരുന്നുവത്രെ ആ ജോത്സ്യന്റെ പ്രവചനം.
നടിയുടെ മരണത്തിനു പിന്നാലെ സൗന്ദര്യ സമ്പാദിച്ച സ്വത്തുക്കളുടെ പേരിലും പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. നൂറ് കോടിക്ക് മുകളിലുള്ള സ്വത്തുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ താരത്തിന്റെ മരണ ശേഷം ചേട്ടന്‍ അമര്‍നാഥിന്റെ ഭാര്യ നിര്‍മലയും മകനും സൗന്ദര്യയുടെ സ്വത്തില്‍ അവകാശ വാദം ഉന്നയിച്ച് രംഗത്ത് വന്നു. സൗന്ദര്യ വില്‍പ്പത്രം എഴുതിയിരുന്നെന്ന് അവകാശപ്പെട്ടാണ് ഇവര്‍ സ്വത്തില്‍ വലിയൊരു ഭാഗം ആവശ്യപ്പെട്ടത്. എന്നാല്‍ സൗന്ദര്യ വില്‍പത്രം എഴുതിയിരുന്നില്ല. 31 വയസില്‍ സൗന്ദര്യക്ക് വില്‍പ്പത്രം എഴുതേണ്ട ആവശ്യമില്ലായിരുന്നെന്നുമാണ് സൗന്ദര്യയുടെ അമ്മ മഞ്ജുളയും ഭര്‍ത്താവ് രഘുവും കോടതിയില്‍ വാദിച്ചത്.
ഇതിനിടെ സൗന്ദര്യ മാതാപിതാക്കളുടെ പേരില്‍ ഹൈദരാബാദിലെ ഷംഷബാദില്‍ ആറ് ഏക്കര്‍ സ്ഥലം വാങ്ങിയിരുന്നു. കോടികള്‍ വില മതിക്കുന്ന ഈ സ്ഥലം പക്ഷെ ഇന്ന് സൗന്ദര്യയുടെ മാതാപിതാക്കളുടെ കൈവശമില്ല. തെലുങ്ക് നടന്‍ മോഹന്‍ ബാബുവാണ് ഉടമസ്ഥന്‍. അത് എങ്ങനെയാണ് സംഭവിച്ചതെന്ന് പലരും ചോദിച്ചിരുന്നു. മാതാപിതാക്കള്‍ വിറ്റതാകാം എന്നാണ് കരുതപ്പെടുന്നത്. നടന്‍, നിര്‍മ്മാതാവ് തുടങ്ങിയ മേഖലകളിലെല്ലാം കരുത്തനായ മോഹന്‍ബാബു ഈ സ്ഥലത്തിനു വേണ്ടി സൗന്ദര്യയെ കൊലപ്പെടുത്തിയെന്നാണ് ഇപ്പോള്‍ പുറത്തുവന്ന ആരോപണങ്ങള്‍.