സോഷ്യല്‍ മീഡിയയിലൂടെയുള്ള സൈബര്‍ ആക്രമണങ്ങളില്‍ പ്രതികരിച്ച് നടി നവ്യ നായര്‍. തനിക്ക് പിന്തുണ അറിയിച്ചു കൊണ്ട് എത്തിയ ഒരു ആരാധകന്റെ സ്റ്റോറി നവ്യ ഷെയര്‍ ചെയ്യുകയായിരുന്നു. നബീര്‍ ബേക്കര്‍ എന്ന ആളാണ് ഈ കുറിപ്പ് എഴുതിയിരിക്കുന്നത്. ജനാധിപത്യത്തിന്റെ നാലാം തൂണ് പൗരന്മാരെ മാനസികമായി കൊല്ലുകയാണെന്നും ഇര സ്ത്രീയാകുമ്പോള്‍ ഇത്തരം ആക്രമണങ്ങള്‍ പരിതാപകരമാണെന്നും കുറിപ്പില്‍ പറയുന്നു.
കുറിപ്പിലെ വാക്കുകള്‍ ഇങ്ങനെ, 'സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നു. ഇ ഡി ഉദ്യോഗസ്ഥര്‍ തന്നെ പുറത്തുവന്ന വാര്‍ത്ത നിഷേധിച്ചിട്ടുണ്ട്. എന്നാല്‍ മാദ്ധ്യമങ്ങള്‍ അത് പിന്തുടര്‍ന്നതോടെ ആ വാര്‍ത്ത മുങ്ങിപ്പോയി. ജനാധിപത്യത്തിന്റെ നാലാം തൂണ് പൗരന്മാരെ മാനസികമായി കൊല്ലുകയാണ്'- കുറിപ്പില്‍ പറയുന്നു.
'കാട്ടു തീ പോലെ വാര്‍ത്തകള്‍ പടരുന്നു. കടലിലേക്ക് കല്ലെറിയുമ്പോള്‍ അത് എത്ര ആഴത്തിലേക്കാണ് ചെന്ന് വീഴുക എന്ന് തിരിച്ചറിയണം. ഇരയുടെ പങ്കാളിയും മതാപിതാക്കളും കുട്ടികളുമൊക്കെ വേദനിപ്പിക്കപ്പെടുന്നതും ഇരയെ സൈബറിടത്തില്‍ അപമാനിക്കുന്നതുമൊക്കെ കാണുമ്പോള്‍ വിഷമം തോന്നും. പരിതാപകരമാണ്. പ്രത്യേകിച്ച് ഇര സ്ത്രീയാകുമ്പോള്‍. തിരുത്താന്‍ കഴിയാത്ത തെറ്റാണ് മാധ്യമ ഭീകരത'.
'നെല്ലും പതിരും തിരിക്കാത്ത വാര്‍ത്ത വരുന്ന നിമിഷത്തില്‍ ബന്ധുക്കളുടെ ഇടയിലും സുഹൃത്തുക്കളുടെ ഇടയിലും ഇര ഒറ്റപ്പെടുന്ന അവസ്ഥയാണുണ്ടാകുക. ഒരു വാര്‍ത്തയിലൂടെ ഇരയെ കീറിമുറിക്കുമ്പോള്‍ അത് അവരുടെ ചുറ്റിലുമുള്ളവരെ കൂടിയാണ് ബാധിക്കുന്നത്. അക്കാര്യം ഓര്‍ക്കേണ്ടതുണ്ട്'- കുറിപ്പില്‍ പറഞ്ഞു.
അതേസമയം, കള്ളപ്പണക്കേസില്‍ അറസ്റ്റിലായ ഐആര്‍എസ് ഉദ്യോഗസ്ഥന് സച്ചിന് സാവന്തില്‍ നിന്ന് നവ്യ നായര്‍ നിരവധി സമ്മാനങ്ങള്‍ കൈപ്പറ്റിയെന്ന വെളിപ്പെടുത്തല്‍ ഏറെ ചര്‍ച്ചയായിരുന്നു. വലിയ വിവാദമാണ് ഇതിന് പിന്നാലെ ഉയര്‍ന്നത്. അറസ്റ്റിലായ സച്ചിന് സാവന്തുമായി മുംബയില്‍ അയല്‍ക്കാരനായിരുന്ന പരിചയം മാത്രമാണുള്ളതെന്നായിരുന്നു നവ്യയും കുടുംബവും നല്കിയ വിശദീകരണം. സോഷ്യല്‍ മീഡിയയില്‍ അടക്കം നവ്യ വലിയ സൈബര്‍ ആക്രമണമാണ് നേരിട്ടത്.