അടുത്തിടെ ഏറെ ചര്‍ച്ചയായ ഒന്നായിരുന്നു നവ്യ നായരുടെ 'പ്രീ- ലവ്ഡ്' എന്ന സംരംഭം. ഒരുവട്ടം മാത്രം ഉടുത്ത സാരികള്‍ വില്‍പ്പനയ്ക്ക് വയ്ക്കുകയായിരുന്നു നടി. കേരളത്തില്‍ അത്ര സുപരിചിതമല്ലാത്ത ഈ വിപണനം സമ്മിശ്ര അഭിപായങ്ങള്‍ നേടിയിരുന്നു.
ഒറ്റ തവണ ഉപയോഗിച്ച വസ്ത്രങ്ങള്‍ വില്‍ക്കാന്‍ ഒരുങ്ങുകയാണെന്ന്, നടി നവ്യ നായര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റില്‍ വിമര്‍ശനങ്ങള്‍ നിറഞ്ഞിരുന്നു. 'എത്ര പണം സമ്പാദിച്ചിട്ടും വീണ്ടും പണം സമ്പാദിക്കനുള്ള ആര്‍ത്തിയാണ്' എന്ന തരത്തിലായിരുന്നു കമന്റുകള്‍. എന്നാല്‍ ബോളിവുഡ് ഉള്‍പ്പെടെയുള്ള മറ്റുപല സിനിമ മേഖലകളിലും നടിമാര്‍ ഇത് സ്ഥിരമായ ചെയ്യാറുള്ളതിനാല്‍ നിരവധിപേര്‍ നവ്യയെ പിന്തുണച്ചും കമന്റിട്ടിരുന്നു.
ഇപ്പോഴിതാ വിമര്‍ശിച്ചവരുടെ വായടപ്പിക്കുന്ന രംഗങ്ങളാണ് ശ്രദ്ധ നേടുന്നത്. തന്റെ പ്രവര്‍ത്തിയിലൂടെയാണ് നവ്യ വിമര്‍ശകര്‍ക്ക് മറുപടി നല്‍കിയത്. സാരി വാങ്ങിയവരില്‍ നിന്ന് ലഭിച്ച പണം പാവപ്പെട്ടവര്‍ക്ക് സഹായം ചെയ്യാനാണ് താരം ചിലവഴിച്ചത്.
പത്തനാപുരം ഗാന്ധിഭവനിലെ അന്തേവാസികള്‍ക്ക് പുതിയ വസ്ത്രങ്ങള്‍ വാങ്ങാനാണ് നവ്യ ഈ തുക ചിലവഴിച്ചത്. കൈനിറയെ സമ്മാനങ്ങളുമായി കുടുംബത്തോടൊപ്പമെത്തിയാണ് നവ്യ ഗാന്ധിഭവനില്‍ എത്തിയത്. വസ്ത്രങ്ങള്‍ക്കൊപ്പം ഒരുലക്ഷം രൂപയും നവ്യ ഗാന്ധിഭവന്‍ സ്‌പെഷ്യല്‍ സ്‌കൂളിന് നല്‍കി.
പല സാഹചര്യങ്ങള്‍ കാണ്ടായിരിക്കാം ഈ അച്ഛനമ്മമാര്‍ ഇവിടെ എത്തിപ്പെട്ടിട്ടുണ്ടായിരിക്കുക. പൂര്‍ണമായിട്ട് ആരെയും കുറ്റം പറയാന്‍ സാധിക്കില്ല. എല്ലാ തെറ്റിനും ശരിക്കും അപ്പുറം നമുക്ക് മനസിലാക്കാന്‍ കഴിയാത്ത എന്തൊക്കൊയോ ഉണ്ട്. അതുകൊണ്ട് തന്നെ ആരെയും കുറ്റപ്പെടുത്തിയില്ലെങ്കിലും അഭിനന്ദിക്കാനും സ്‌നേഹിക്കാനും നമുക്ക് പറ്റുമല്ലോ. സാരിയുടെ കാര്യം പറഞ്ഞപ്പോള്‍ ആദ്യം ചിന്തിച്ചത് ജനങ്ങളുടെ അഭിപ്രായമാണ്. ഇവിടെ കൊണ്ടുവന്ന എല്ലാം എനിക്ക് എന്നോടുള്ള ഇഷ്ടം കൊണ്ട് ജനങ്ങള്‍ സമ്മാനിച്ചതാണ്. ഇനിയും അതില്‍ നിന്ന് എന്ത് കിട്ടിയാലും ഞാന്‍ ഇവിടെ കൊണ്ടുവരും,' നവ്യ നായര്‍ പറഞ്ഞു.