ആരാധക പ്രതീക്ഷകൾ വാനോളമുയർത്തി ഷാരൂഖ് ഖാൻ ചിത്രം ജവാന്റെ ട്രെയിലർ പുറത്തുവന്നു. ഷാറൂഖ് ഖാൻ, നയൻതാര, വിജയ് സേതുപതി എന്നിവർ പ്രധാനവേഷത്തിൽ എത്തുന്ന സിനിമയുടെ ട്രെയിലറാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്. ഹിന്ദിയെ കൂടാതെ തമിഴ്, തെലുങ്ക് ഭാഷകളിൽ റിലീസിനെത്തുന്ന ജവാൻ ഒരു ആക്ഷൻ പാക്ക്ഡ് ചിത്രമായിരിക്കുമെന്നാണ് ട്രെയിലർ നൽകുന്ന സൂചന. മാസ്, ത്രില്ലിങ് രംഗങ്ങളോടെയാണ് സംവിധായകൻ ആറ്റ്ലി ട്രെയിലർ ഒരുക്കിയിരിക്കുന്നത്.
ഒരു ട്രെയിൻ ഹൈജാക്ക് രംഗത്തോടെയാണ് ട്രെയിലർ ആരംഭിക്കുന്നത്. ഷാറൂഖിനൊപ്പം വിജയ് സേതുപതി, നയൻതാര, ദീപിക പദുകോൺ എന്നിവരും ട്രെയിലറിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. ഇരട്ട വേഷത്തിലാണ് ചിത്രത്തിൽ ഷാറൂഖ് ഖാൻ എത്തുന്നതെന്നുള്ള സൂചനയും ട്രെയിലർ നൽകുന്നുണ്ട്. വില്ലനായ വിജയ് സേതുപതിയേയും രണ്ട് ഗെറ്റപ്പുകളിൽ കാണാം. ജവാന്റെ ട്രെയിലർ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
റെഡ് ചില്ലീസ് എന്റർടെയ്ന്മെന്റിന്റെ ബാനറിൽ ഗൗരി ഖാൻ നിർമ്മിക്കുന്ന ചിത്രം ഷാറൂഖിന്റെ കരിയറിലെ ഏറ്റവും ചിലവേറിയ ചിത്രമാണ്. ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം കേരളത്തിലും തമിഴ്നാട്ടിലും വിതരണത്തിനെത്തിക്കുന്നത്. തമിഴ്നാട്ടിൽ റെഡ് ജയന്റ് മൂവീസും കേരളത്തിൽ ഡ്രീം ബിഗ് ഫിലിംസുമാണ് ഡിസ്ട്രിബ്യുഷൻ പാർട്ണേഴ്സ്. അനിരുദ്ധാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്.