റെയില്‍വെ സ്റ്റേഷനില്‍ ലത മങ്കേഷ്‌കറുടെ ഗാനം ആലപിക്കുന്ന വീഡിയോ വൈറലായതോടെ റാണു മണ്ഡല്‍ എന്ന തെരുവു ഗായിക സോഷ്യല്‍ മീഡിയിയലെ താരമായി മാറുകയായിരുന്നു. ഹിമേഷ് രേഷമിയയുടെ കൂടെ പാട്ടു റെക്കോഡ് ചെയ്തതോടെ പഴയ ആളല്ല റാണു. ജീവിതമാകെ മാറിയിരിക്കുന്നു. ഇപ്പോള്‍ റാണുവിന്റെ ഉപേക്ഷിച്ച് പോയ മകള്‍ തിരികേ എത്തിയത് ഏറെ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. എന്നാലിപ്പോള്‍ ആരോപണങ്ങള്‍ക്കെതിരെ റാണുവിന്റെ മകള്‍ എലിസബത്ത് സതി റായി പ്രതികരിച്ചിരിക്കയാണ്.
ബംഗാളിലെ കൃഷ്ണനഗര്‍ സ്വദേശിയാണ് റാണു. ചെറുപ്രായത്തില്‍ തന്നെ അമ്മയെ നഷ്ടപ്പെട്ട അവരെ വളര്‍ത്തിയത് ബന്ധുവായ ഒരു സ്ത്രീയാണ്. വിഡിയോ വൈറലായതിന് പിന്നാലെ റാണുവിനെ കാണുന്നത് തന്നെ പുത്തന്‍ ഗെറ്റപ്പിലാണ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത് മകളുമായുള്ള റാണുവിന്റെ പുനഃസമാഗമമാണ്. മകള്‍ സതിയുമായി ദീര്‍ഘനാളുകള്‍ക്ക് ശേഷം റാണു കണ്ടുമുട്ടി. എന്നാല്‍ അനാഥയായി കഴിഞ്ഞ അമ്മ പ്രശസ്തയായപ്പോള്‍ മാത്രം പ്രത്യക്ഷപ്പെട്ട മകള്‍ക്ക് നേരെ വലിയ വിമര്‍ശനമാണ് കേള്‍ക്കേണ്ടിവന്നത്. എന്നാലിപ്പോള്‍ തനിക്ക് നേരെ ഉണ്ടായ സോഷ്യല്‍ മീഡിയ ആക്രമണത്തില്‍ റാണുവിന്റെ മകള്‍ പ്രതികരണവുമായി എത്തിയിരിക്കയാണ്.
അമ്മ റെയില്‍വെ സ്റ്റേഷനിലിരുന്ന് പാടുന്ന കാര്യം തനിക്ക് അറിയില്ലായിരുന്നുവെന്നാണ് മകള്‍ പറയുന്നത്. തനിക്ക് അമ്മയെ നിത്യവും സന്ദര്‍ശിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നും ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് കൊല്‍ക്കത്തയ്ക്കടുത്ത് ധര്‍മതലയില്‍ പോയപ്പോള്‍ അമ്മ ഒരു ബസ്സ്റ്റാന്‍ഡില്‍ യാതൊരു ലക്ഷ്യവുമില്ലാതെ ഇരിക്കുന്നത് കണ്ടിരുന്നുവെന്നും സതി പറയുന്നു. അന്ന് താന്‍ 200 രൂപ നല്‍കി വീട്ടില്‍ പോകാന്‍ ആവശ്യപ്പെടുകയാണ് ഉണ്ടായതെന്നും സതി വ്യക്തമാക്കുന്നു. താന്‍ കഴിയുമ്പോഴെല്ലാം അമ്മയ്ക്കുവേണ്ടി അമ്മാവന്റെ അക്കൗണ്ടിലേയ്ക്ക് 500 രൂപ അയച്ചു കൊടുക്കാറുണ്ട്. ഭര്‍ത്താവുമായി പിരിഞ്ഞുകഴിയുകയാണെന്നും ഒരു ചെറിയ കട നടത്തിയാണ് ജീവിതം കഴിക്കുന്നതെന്നും തനിക്ക് ഒരു മകനുണ്ടെന്നും മകള്‍ പറയുന്നു.വിവാഹം കഴിഞ്ഞപ്പോള്‍ കൂട്ടുകുടുംബത്തിലായിരുന്നു താമസം. അപ്പോള്‍ അമ്മയെ കൂടെ കൂട്ടാന്‍ നിര്‍വാഹമുണ്ടായിരുന്നില്ല. പിന്നീട് തനിച്ചായപ്പോള്‍ അമ്മയെ കൂടെ കൂട്ടാന്‍ ശ്രമിച്ചതാണെന്നും എന്നാല്‍ അമ്മ സമ്മതിച്ചില്ലെന്നും മകള്‍ വ്യക്തമാക്കുന്നു. ഇതൊന്നും അറിയാതെയാണ് ആളുകള്‍ ഇപ്പോള്‍ തന്നെ കുറ്റപ്പെടുത്തുന്നതെന്നും സതി പറയുന്നു
ഇപ്പോള്‍ അമ്മയെ പരിചരിക്കുന്ന അമ്ര ശോഭൈ ഷൊയ്താന്‍ ക്ലബിലെ ഭാരവാഹികള്‍ തന്നെ ഭീഷണിപ്പെടുത്തുകയാണെന്നും അമ്മയെ സന്ദര്‍ശിക്കാനൊന്നും അവര്‍ തന്നെ അനുവദിക്കുന്ിലെന്നും സതി പറയുന്നു. അമ്മയുമായി ഫോണില്‍ സംസാരിക്കാന്‍ പോലും അവര്‍ അനുവദിക്കുന്നില്ലെന്നും അമ്മയെ വച്ച് പണമുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും സതി പറയുന്നു. അമ്മയുടെ അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിച്ചു എന്നാല്‍ നിത്യേനയുളള ആവശ്യങ്ങള്‍ക്കുള്ള പാത്രങ്ങള്‍ പോലുമില്ല അമ്മയ്ക്കില്ല. അമ്മയ്ക്ക് ദോഷമുണ്ടാകരുതെന്ന് കരുതിയാണ് താന്‍ ഒന്നും ചെയ്യാത്തതെന്നും സംഗീതത്തിലുള്ള അവരുടെ ശ്രദ്ധ നഷ്ടമാകരുതെന്നാണ് തന്റെ ആഗ്രഹമെന്നും സതി പറയുന്നു .