ഗായകന്‍ കെ.ജെ. യേശുദാസും എം.ജി. ശ്രീകുമാറും പാടി അനശ്വരമാക്കിയ 'പടകാളി' എന്ന ഗാനം തന്റേതായ ശൈലിയില്‍ ആലപിച്ച്, പഴയ ഗാനങ്ങള്‍ 'നശിപ്പിക്കുന്നു' എന്ന വിമര്‍ശനത്തിന് മറുപടി നല്‍കി ഗായിക ഗൗരി ലക്ഷ്മി. സാമൂഹിക മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധ നേടിയ ഈ പ്രതികരണം ഇപ്പോള്‍ വൈറലായിരിക്കുകയാണ്.
സംഗീതത്തെ ആസ്വദിക്കുന്നവര്‍ എന്ന അവകാശവാദത്തോടെ ഒരാള്‍ അയച്ച, 'ദയവ് ചെയ്ത് ലെജന്‍ഡ്‌സ് പാടി വച്ചിരിക്കുന്ന പാട്ട് ഇങ്ങനെ പാടി നശിപ്പിക്കരുത്. ഞങ്ങളും സംഗീതം ആസ്വദിക്കുന്നവരാണ്. പക്ഷേ ഇതൊക്കെ കാണുമ്പോള്‍... ഉള്ള വില കളയരുത്' എന്ന കമന്റിനാണ് ഗൗരി പാട്ടിലൂടെ മറുപടി നല്‍കിയത്. യോദ്ധ സിനിമയിലെ പടകാളി എന്ന പ്രശസ്ത ഗാനം തന്റേതായ രീതിയില്‍ ആലപിച്ചുകൊണ്ട്, കമന്റ് സ്‌ക്രീനില്‍ കാണിച്ചുകൊണ്ടാണ് ഗൗരിയുടെ മറുപടി.
1992-ല്‍ പുറത്തിറങ്ങിയ യോദ്ധ എന്ന ചിത്രത്തിലെ ഈ ഗാനത്തിന് സംഗീതം നല്‍കിയത് എ.ആര്‍. റഹ്മാനും വരികളെഴുതിയത് ബിച്ചു തിരുമലയുമാണ്. കെ.ജെ. യേശുദാസും എം.ജി. ശ്രീകുമാറും ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. വീഡിയോ ചിത്രീകരിച്ചിരിക്കുന്നതിലും കൗതുകം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. സംഗീതത്തിന്റെ പ്രകാശനത്തിന് അതിരുകളില്ലെന്ന് വിശ്വസിക്കുന്ന ഗായികയും മ്യൂസിക് പ്രൊഡ്യൂസറുമാണ് ഗൗരി ലക്ഷ്മി. ക്ലാസിക്കുകളും പ്രശസ്തമായ പഴയ ഗാനങ്ങളുമൊക്കെ തന്റേതായ ശൈലിയില്‍ അവതരിപ്പിച്ച് വലിയ കൈയ്യടിയും വിമര്‍ശനങ്ങളും ഒരേ സമയം ഏറ്റുവാങ്ങിയ വ്യക്തിയാണ് അവര്‍.
13-ാം വയസ്സില്‍ സംഗീത സംവിധായികയായി സിനിമയില്‍ അരങ്ങേറ്റം കുറിച്ച ഗൗരി, മോഹന്‍ലാല്‍ നായകനായ റോഷന്‍ ആന്‍ഡ്രൂസ് ചിത്രം കാസനോവയിലെ 'സഖിയേ' എന്ന ഗാനത്തിന് ഈണം നല്‍കി. ഗൗരിക്ക് 15 വയസ്സുള്ളപ്പോഴാണ് ഈ ചിത്രം പുറത്തിറങ്ങിയത്. 'ഏഴ് സുന്ദര രാത്രികള്‍' എന്ന ചിത്രത്തിലൂടെയാണ് ഗൗരി ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്ക് കടന്നുവന്നത്. തൃപ്പൂണിത്തുറ ആര്‍.എല്‍.വി. കോളേജില്‍ നിന്ന് സംഗീതത്തില്‍ ബി.എ.യും കേരള സര്‍വകലാശാലയില്‍ നിന്ന് എം.എ.യും ലണ്ടനിലെ ട്രിനിറ്റി കോളേജില്‍ നിന്ന് പെര്‍ഫോമേഴ്സ് സര്‍ട്ടിഫിക്കറ്റും നേടിയിട്ടുണ്ട്.