2025ലെ കുംഭമേളയില്‍ മാല വിറ്റ് ഉപജീവനം നടത്തിയിരുന്ന മോനി ബോണ്‍സ്ലെ, അഥവാ മൊണാലിസ, ഇപ്പോള്‍ തെലുങ്ക് ചലച്ചിത്ര ലോകത്തേക്ക് കടക്കുന്നു. ക്യാമറക്കണ്ണുകളില്‍ പതിഞ്ഞതിലൂടെ രാജ്യമെങ്ങും ശ്രദ്ധിക്കപ്പെട്ട മൊണാലിസ, ഒരു കാലത്ത് 100 രൂപയ്ക്ക് മാലകള്‍ വിറ്റ് ജീവിച്ചിരുന്നെങ്കില്‍, ഇന്ന് ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങുന്ന അഭിനേത്രിയായി മാറിയിരിക്കുകയാണ്.
'ലൈഫ്' എന്ന് പേരിട്ടിരിക്കുന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് മൊണാലിസയുടെ അരങ്ങേറ്റം. ഈ ചിത്രത്തിന്റെ പൂജ ചടങ്ങുകള്‍ നവംബറില്‍ നടന്നിരുന്നു. 2026-ല്‍ ചിത്രീകരണം ആരംഭിക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സായി ചരണ്‍ നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ശ്രീനുവാണ്.
ഹിന്ദി ആല്‍ബങ്ങളിലൂടെയാണ് മൊണാലിസ അഭിനയ ജീവിതം ആരംഭിച്ചത്. തുടര്‍ന്ന് ഏതാനും സിനിമകളിലും താരം കരാര്‍ ഒപ്പുവച്ചിട്ടുണ്ട്. കൂടാതെ, പി.കെ. ബിനു വര്‍ഗ്ഗീസ് സംവിധാനം ചെയ്യുന്ന 'നാഗമ്മ' എന്ന മലയാള ചിത്രത്തില്‍ കൈലാഷിന്റെ നായികയായും മൊണാലിസ അഭിനയിക്കുന്നുണ്ട്. ഒരു പുതിയ ആല്‍ബം ജനുവരി 5-ന് റിലീസ് ചെയ്യാനും ഒരുങ്ങുകയാണ്.
തെലുങ്ക് സിനിമയിലെ അരങ്ങേറ്റം തന്റെ ജീവിതത്തിലെ പുതിയൊരു അധ്യായമാണെന്ന് മൊണാലിസ പറഞ്ഞു. 'എന്റെ ജീവിതത്തില്‍ പുതിയൊരു അധ്യായം ആരംഭിക്കുന്നതിന്റെ ത്രില്ലിലാണ് ഞാന്‍. ഉടന്‍ തന്നെ ഞാന്‍ തെലുങ്ക് പഠിക്കും. പ്രേക്ഷകരുമായി സംവദിക്കാന്‍ കഠിനമായി പരിശ്രമിക്കുകയും ചെയ്യും,' ലോഞ്ചിനിടെ താരം വ്യക്തമാക്കി. ഒരു ആല്‍ബത്തിന് ഒന്നോ രണ്ടോ ലക്ഷം രൂപ വരെയാണ് ഇന്ന് മൊണാലിസയുടെ പ്രതിഫലം. മധ്യപ്രദേശിലെ ഇന്‍ഡോര്‍ സ്വദേശിനിയായ മൊണാലിസയെ കുംഭമേളയില്‍ വെച്ച് മാധ്യമങ്ങള്‍ 'ബ്രൗണ്‍ ബ്യൂട്ടി' എന്ന് വിശേഷിപ്പിച്ചിരുന്നു. സ്വന്തമായി ഒരു വീട് വയ്ക്കണമെന്നതാണ് ഈ താരത്തിന്റെ ഏറ്റവും വലിയ ആഗ്രഹം.
മൊണാലിസയുടെ പുതിയ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാവുകയും വ്യാപകമായ അഭിനന്ദനങ്ങള്‍ നേടുകയും ചെയ്യുന്നുണ്ട്. മൊണാലിസയുടെ കഥ മഹാകുംഭമേള നടക്കുന്ന പ്രയാഗ് രാജില്‍ രുദ്രാക്ഷമാല വില്‍ക്കാനെത്തിയ 16-കാരിയാണ് മോണി ബോസ്ലെ. മോണി ബോസ്ലെയുടെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ കണ്ണടച്ചുതുറക്കും വേഗത്തിലാണ് ഈ 16-കാരി വൈറലായത്. മോണി ബോസ്ലെയെ സാമൂഹികമാധ്യമങ്ങളില്‍ 'മൊണാലിസ' എന്നാണ് വിശേഷിപ്പിച്ചത്. ചാരക്കണ്ണുകളും ചിരിയും സുന്ദരമാണെന്നും അഭിപ്രായങ്ങളുയര്‍ന്നു. 'ബ്രൗണ്‍ ബ്യൂട്ടി' എന്നും ഈ 16-കാരിയെ വിശേഷിപ്പിച്ചു.
സാമൂഹികമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ മോണി ബോസ്ലെയ്ക്കൊപ്പം ഫോട്ടോയെടുക്കാനും ഇവരുടെ ദൃശ്യം പകര്‍ത്താനും നിരവധി പേരാണ് ഇവരെ തിരഞ്ഞെത്തുന്നത്. പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ഉപജീവനമാര്‍ഗമായ മാല വില്‍പ്പനയെയും ഈ ആരാധകശല്യം ബാധിച്ചു. മാല വില്‍ക്കുന്ന സ്റ്റാള്‍ മൊണാലിസയെ കാണാനെത്തുന്നവരെ കൊണ്ട് നിറഞ്ഞതോടെയാണ് കുടുംബം പൊറുതിമുട്ടിയത്. വരുന്നവരെല്ലാം മോണി ബോസ്ലെയുടെ ചിത്രം പകര്‍ത്താനാണ് ശ്രമിക്കുന്നത്.
അതിനിടെ, തന്നെ വളഞ്ഞ ആരാധകരില്‍നിന്ന് ഓടിരക്ഷപ്പെടുന്ന മോണി ബോസ്ലെയുടെ ദൃശ്യങ്ങളും സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. ചിത്രം പകര്‍ത്താനെത്തിയവരില്‍നിന്ന് രക്ഷപ്പെടാനായി പെണ്‍കുട്ടി മുഖവും തലയും ഷാള്‍ കൊണ്ട് മറക്കുന്നതും ഓടിരക്ഷപ്പെടുന്ന ഇവരെ കുടുംബാംഗങ്ങള്‍ സുരക്ഷിതയാക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.അതേസമയം, മോണി ബോസ്ലെയെ കാണാനെത്തുന്നവരുടെ തിരക്കും ശല്യവും വര്‍ധിച്ചതോടെ പെണ്‍കുട്ടിയെ ഇവരുടെ അച്ഛന്‍ നാട്ടിലേക്ക് തിരിച്ചയതായും റിപ്പോര്‍ട്ടുകളുണ്ട്.