മോഹന്‍ലാലിനോടുള്ള ആരാധന തുറന്നുപറഞ്ഞ് തമിഴ് സൂപ്പര്‍താരം വിജയ് സേതുപതി. ചെന്നൈയില്‍ നടന്ന 'ജിയോ ഹോട്ട്സ്റ്റാര്‍ സൗത്ത് അണ്‍ബൗണ്ട്' എന്ന പരിപാടിക്കിടെയാണ് താരം തന്റെ ആരാധന തുറന്നു പറഞ്ഞത്. മോഹന്‍ലാല്‍, നാഗാര്‍ജുന എന്നിവര്‍ക്കൊപ്പം വേദി പങ്കിട്ട വിജയ് സേതുപതി, 'ഞാന്‍ മോഹന്‍ലാല്‍ സാറിന്റെ ഏറ്റവും വലിയ ആരാധകനാണ്. അദ്ദേഹത്തെ എനിക്കേറെ ഇഷ്ടമാണ്. എനിക്ക് ലഭിച്ച അദ്ദേഹത്തിന്റെ ഓട്ടോഗ്രാഫ് ഫ്രെയിം ചെയ്ത് എന്റെ ഓഫീസില്‍ സൂക്ഷിച്ചിട്ടുണ്ട്,' എന്ന് പറഞ്ഞു.
കൂടാതെ, അടുത്തിടെ രാജ്യത്തെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമായ ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ് നേടിയ മോഹന്‍ലാലിനെ വിജയ് സേതുപതിയും നാഗാര്‍ജുനയും ചേര്‍ന്ന് ചടങ്ങില്‍ ഷാള്‍ അണിയിച്ച് ആദരിക്കുകയും ചെയ്തു. സിനിമാ മേഖലയ്ക്ക് നല്‍കിയ സമഗ്ര സംഭാവനകളെ മാനിച്ച് മോഹന്‍ലാലിന് ലഭിച്ച ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരത്തില്‍ വിജയ് സേതുപതി അദ്ദേഹത്തെ ആദരിച്ചു.
മോഹന്‍ലാലിനെ ആദരിക്കാന്‍ ലഭിച്ചത് തനിക്ക് കിട്ടിയ 'വലിയ ഒരവസരമാണ്' എന്ന് വിജയ് സേതുപതി പറഞ്ഞു.
ഏറെ ബഹുമാനത്തോടെ താരം പൊന്നാട അണിയിച്ചപ്പോള്‍ തെലുങ്ക് നടന്‍ നാഗാര്‍ജുനയും അദ്ദേഹത്തിനൊപ്പം ചേര്‍ന്നു. മോഹന്‍ലാല്‍ അഭിനയിക്കുകയല്ല, ജീവിക്കുകയാണെന്നും, അദ്ദേഹത്തിന്റെ പ്രകടനം എത്ര അനായാസമാണെന്ന് മനസ്സിലാകുന്നില്ലെന്നും വിജയ് സേതുപതി പല അഭിമുഖങ്ങളിലും നേരത്തേയും പ്രശംസിച്ചിട്ടുണ്ട്. ഡേറ്റ് പ്രശ്നങ്ങള്‍ കാരണം മോഹന്‍ലാലിനൊപ്പം ഒരു സിനിമയില്‍ അഭിനയിക്കാന്‍ ലഭിച്ച അവസരം നഷ്ടമായതിലുള്ള വിഷമവും താരം പങ്കുവെച്ചു.