തമിഴ് നടന് സൂര്യയ്ക്കും ഭാര്യയും നടിയുമായ ജ്യോതികയ്ക്കുമൊപ്പമുള്ള ചിത്രം പങ്കുവെച്ച് നടന് പൃഥ്വിരാജ്. ഭാര്യ സുപ്രിയയും ഒപ്പമുണ്ട്. എന്നും പ്രചോദനം നല്കുന്ന സുഹൃത്തുക്കള്‍ എന്ന അടിക്കുറിപ്പോടെ പൃഥ്വിരാജ് ചിത്രം പങ്കുവച്ചത്. ചിത്രം ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു
വൈകാതെ മറുപടിയുമായി സൂര്യ തന്നെ എത്തി. മനോഹരമായ വൈകുന്നേരമായിരുന്നു. നിങ്ങള്‍ രണ്ടുപേരും എത്ര മനോഹരമായ ദമ്പതികളാണ്. നമുക്ക് കൂടുതല്‍ ഓര്മകളുണ്ടാക്കാം.- സൂര്യ കുറിച്ചു.
സിനിമാതാരങ്ങള്‍ ഉള്‍പ്പടെ നിരവധി പേരും കമന്റുകളുമായി എത്തി. സൂര്യയേയും പൃഥ്വിരാജിനേയും ഒന്നിച്ച് സ്ക്രീനില്‍ കാണാനായി കാത്തിരിക്കുന്നു എന്നാണ് ആരാധകര്‍ കുറിക്കുന്നത്. എമ്പുരാനില്‍ സൂര്യ എത്തിയാല്‍ അടിപൊളിയായിരിക്കും എന്നാണ് മറ്റു ചിലരുടെ കമന്റുകള്‍. സൂര്യയുടെ അടുത്ത അഞ്ച് സിനിമകളുടെ കഥ പൃഥ്വിരാജ് അറിഞ്ഞിട്ടുണ്ടാകും എന്നു പറഞ്ഞുകൊണ്ടുള്ള രസികന്‍ കമന്റുകളും വരുന്നുണ്ട്.
സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് സൂര്യ ഇപ്പോള്‍ അഭിനയിക്കുന്നത്. സൂര്യയുടെ കരിയറിലെ നാല്‍പ്പത്തിരണ്ടാം ചിത്രമാണ് ഇത്. വലിയതോതില്‍ 3ഡി ടെക്നോളജിയിലാണ് ഈ ചിത്രം ഒരുങ്ങുന്നത്. ജ്യോതിക ഏറ്റവും ഒടുവില്‍ അഭിനയിച്ച് പൂര്‍ത്തിയാക്കിയത് ജിയോ ബേബി സംവിധാനം ചെയ്ത 'കാതല്‍' എന്ന മലയാള ചിത്രമാണ്. മമ്മൂട്ടി ആണ് ചിത്രത്തില്‍ നായകനായി എത്തുന്നത്.
മമ്മൂട്ടിയും ജ്യോതികയും ആദ്യമായി വെള്ളിത്തിരയില്‍ ഒന്നിക്കുന്നുവെന്ന പ്രത്യേകതകൊണ്ടുതന്നെ പ്രേക്ഷകരുടെ സജീവശ്രദ്ധയിലുള്ള ചിത്രമാണ് 'കാതല്‍'. രാജ്കുമാര് റാവു നായകനാകുന്ന 'ശ്രീ' എന്ന ബോളിവുഡ് ചിത്രത്തിലും ജ്യോതിക നീണ്ട ഇടവേളയ്ക്ക് ശേഷം അഭിനയിക്കുന്നുണ്ട്.
കാപ്പയാണ് പൃഥ്വിരാജിന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. 2023 ല്‍ ഒരുപിടി വലിയ ചിത്രങ്ങളുടെ ഭാഗമാകാന്‍ ഇരിക്കുകയാണ് പൃഥ്വി. വിലായത്ത് ബുദ്ധയാണ് ഇപ്പോള്‍ പൃഥ്വി ചെയ്യുന്ന ചിത്രം. അന്യഭാഷയില്‍ അടക്കം ഒരു പിടി പ്രൊജക്ടുകള്‍ താരത്തിനുണ്ട്. അതിനിടയില്‍ ബോളിവുഡിലെ പൃഥ്വിയുടെ ആദ്യ നിര്‍മ്മാണ സംരംഭമായ സെല്‍ഫി ഉടന്‍ പുറത്തിറങ്ങും. ഇതിന്റെ ട്രെയിലര്‍ അടുത്തിടെയാണ് ഇറങ്ങിയത്.