സിനിമ പ്രമോഷന് താമസിച്ച് എത്തിയ നടന്‍ സൂര്യയോട് ദേഷ്യപ്പെട്ട് പാപ്പരാസി. മുംബൈയില്‍ വച്ചുനടന്ന കങ്കുവ സിനിമയുടെ പ്രമോഷനിടെയാണ് സംഭവമുണ്ടായത്. നടന്‍ എത്താന്‍ വൈകിയത് കാരണം പരിപാടി ഏറെ താമസിച്ചാണ് തുടങ്ങിയത്. ഇതാണ് മാധ്യമങ്ങളെ പ്രകോപിപ്പിച്ചത്. തുടര്‍ന്ന് താരം ക്ഷമാപണം നടത്തുകയായിരുന്നു.
വൈകി എത്തിയ താരത്തെ തടഞ്ഞു നിര്‍ത്തിക്കൊണ്ടാണ് പാപ്പരാസി ദേഷ്യപ്പെട്ട് സംസാരിച്ചത്. എന്നാല്‍ താരം ഇയാളോട് മറുത്തൊന്നും പറയാതെ രംഗം ശാന്തമാക്കാന്‍ ശ്രമിക്കുന്നതാണ് വിഡിയോയില്‍ കാണുന്നത്. പിന്നാലെ താരം വൈകാനുണ്ടായ കാരണം അറിയിച്ചു. ഫ്‌ലൈറ്റ് ലേറ്റായതാണ് താന്‍ വൈകാന്‍ കാരണമെന്നും അത് തന്റെ നിയന്ത്രണത്തില്‍ അല്ലെന്നുമാണ് താരം പറഞ്ഞത്. തുടര്‍ന്ന് ക്ഷമാപണവും നടത്തി.
വൈകിയതിന് ഞാന്‍ ക്ഷമ ചോദിക്കുന്നു. ഇത് മുംബൈ ട്രാഫിക് കാരണമല്ല മറിച്ച് എയര്‍ ട്രാഫിക് ആണ്. ഞങ്ങള്‍ മിക്ക ദിവസവും ഫ്‌ലൈറ്റില്‍ യാത്ര ചെയ്യുന്നു. ഒഴികഴിവുകള്‍ മാറ്റിനിര്‍ത്തി ഞാന്‍ ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നു. ഇത് എനിക്ക് നിയന്ത്രിക്കാന്‍ കഴിയുമായിരുന്നില്ല. സര്‍, നിങ്ങള്‍ക്ക് ഞങ്ങളോട് ഇപ്പോഴും സ്‌നേഹമുണ്ടെന്ന് ഞാന്‍ കരുതുന്നു.'- സൂര്യ പറഞ്ഞത്.
വന്‍ ബജറ്റിലാണ് കങ്കുവ ഒരുങ്ങുന്നത്. കങ്കുവയില്‍ ഇരട്ടവേഷത്തിലാണ് സൂര്യ എത്തുന്നത്. ബോബി ഡിയോളിന്റെയും ദിഷ പഠാനിയുടെയും തമിഴ് അരങ്ങേറ്റ ചിത്രം കൂടിയാണ് കങ്കുവ. വീരം, സിരുതൈ, അണ്ണാത്തെ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ ശിവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.