Latest News

ഗാര്‍മെന്റ് കമ്പനിയില്‍ ജോലിക്ക് കയറി തുടക്കം; 15 ദിവസത്തെ ശമ്പളമായി ആദ്യമായി ലഭിച്ചത് 750 രൂപ; അമ്മ 25,000 രൂപയുടെ കടം വീട്ടാന്‍ ബുദ്ധിമുട്ടുന്നത് കണ്ടാണ് അഭിനയത്തിലേക്ക് മാറിയത്; നടന്റെ മകനായിരുന്നിട്ടും അഭിനയം തന്റെ അജണ്ടയില്ലായിരുന്നുവെന്ന് തുറന്ന് പറഞ്ഞ് സൂര്യ

Malayalilife
 ഗാര്‍മെന്റ് കമ്പനിയില്‍ ജോലിക്ക് കയറി തുടക്കം; 15 ദിവസത്തെ ശമ്പളമായി ആദ്യമായി ലഭിച്ചത് 750 രൂപ; അമ്മ 25,000 രൂപയുടെ കടം വീട്ടാന്‍ ബുദ്ധിമുട്ടുന്നത് കണ്ടാണ് അഭിനയത്തിലേക്ക് മാറിയത്; നടന്റെ മകനായിരുന്നിട്ടും അഭിനയം തന്റെ അജണ്ടയില്ലായിരുന്നുവെന്ന് തുറന്ന് പറഞ്ഞ് സൂര്യ

തെന്നിന്ത്യയില്‍ ഏറ്റവും താരമൂല്യമുള്ള താരങ്ങളില്‍ ഒരാളാണ് സൂര്യ. എന്നാല്‍ നടനാകണമെന്ന് ആഗ്രഹിച്ച് സിനിമയില്‍ എത്തിയ ആളല്ല. നടന്‍ ശിവകുമാറിന്റെ പാത പിന്തുടര്‍ന്നാണ് സിനിമയിലേക്ക് ചുവടുവെച്ചെങ്കിലും തന്റെ മോഹങ്ങളില്‍ സിനിമ ഇല്ലായിരുന്നുവെന്ന കാര്യം നടന്‍ പങ്ക് വച്ചിരിക്കുകയാണ്.

നടന്‍ ശിവകുമാറിന്റെ മകനായി ജനിച്ച സൂര്യ തുടക്കക്കാലത്ത്, ഒരു ഗാര്‍മെന്റ് ഫാക്ടറിയില്‍ ജോലി ചെയ്തിരുന്നു. സ്വന്തമായി  ഒരു ഫാക്ടറി തുടങ്ങണം എന്ന ആഗ്രഹമായിരുന്നു അതിനു പിന്നില്‍. ഗാര്‍മെന്റ് ഫാക്ടറിയില്‍ ജോലി ചെയ്ത് കാര്യങ്ങള്‍ മനസ്സിലാക്കാനും പ്രവര്‍ത്തിപരിചയം നേടാനും സൂര്യ തീരുമാനിക്കുകയായിരുന്നു. വീട്ടിലെ സാമ്പത്തിക സാഹചര്യമാണ്  സൂര്യയെ ക്യാമറയെ അഭിമുഖീകരിക്കാന്‍ നിര്‍ബന്ധിതനാക്കിയത്. പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. സിനിമയില്‍ ചേരുക എന്നത് ആസൂത്രിതമല്ലാത്ത ഒരു തീരുമാനമായിരുന്നുവെന്നാണ് സൂര്യ പറയുക. 

അടുത്തിടെ പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ആണ് സൂര്യ ഇക്കാര്യം പങ്ക് വച്ചത്: ''ഇതൊരു നീണ്ട കഥയായിരിക്കും. എനിക്ക് എങ്ങനെ തോന്നിയെന്നും എന്തായിരുന്നു എനിക്കതെന്നും അവര്‍ (ആരാധകര്‍) അറിയണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ ഗാര്‍മെന്റ് ഇന്‍ഡസ്ട്രിയില്‍ ജോലി ചെയ്തു. ആദ്യത്തെ 15 ദിവസം ഞാന്‍ ഒരു ട്രെയിനി ആയിരുന്നു. ആ 15 ദിവസത്തെ എന്റെ ശമ്പളം 750 രൂപ. ആദ്യത്തെ ആറുമാസം ഞാന്‍ ഒരു നടന്റെ മകനാണെന്ന് അവര്‍ക്കറിയില്ലായിരുന്നു. അന്ന് 1200 രൂപയായിരുന്നു എന്റെ മാസശമ്പളം. ഏകദേശം മൂന്ന് വര്‍ഷത്തോളം ഞാന്‍ അവിടെ ജോലി ചെയ്തു. അപ്പോഴേക്കും എന്റെ ശമ്പളം 8,000 രൂപയായി ഉയര്‍ത്തിയിരുന്നു.

'വീട്ടില്‍ ഒരു പ്രശ്‌നം ഉണ്ടായിരുന്നു. ഒരു ദിവസം പ്രാതല്‍ വിളമ്പുമ്പോള്‍ അമ്മ എന്നോട് പറഞ്ഞു. 'ഞാന്‍ 25,000 രൂപ കടം വാങ്ങി, നിന്റെ അച്ഛന് അറിയില്ല'. ഞാന്‍ ഞെട്ടിപ്പോയി. 'അമ്മ എന്താണ് ഈ പറയുന്നത്? അച്ഛന്‍ ഒരു നടനാണ്. നിങ്ങള്‍ക്ക് 25,000 രൂപ കടം വാങ്ങാന്‍ കഴിയില്ല! അമ്മയുടെ സമ്പാദ്യം എവിടെ പോയി? നമ്മുടെ ബാങ്ക് ബാലന്‍സ് എന്താണ്?'. 'അത് ഒരിക്കലും ഒരു ലക്ഷത്തില്‍ കൂടുതലായിട്ടില്ല'എന്നായിരുന്നു അമ്മയുടെ മറുപടി..

'അച്ഛന്‍ എപ്പോഴും അങ്ങനെയായിരുന്നു, അദ്ദേഹം ഒരിക്കലും തന്റെ ശമ്പളം ചോദിച്ച് വാങ്ങിയില്ല. നിര്‍മ്മാതാക്കള്‍ പേയ്മെന്റ് ക്ലിയര്‍ ചെയ്യുന്നതുവരെ അദ്ദേഹം കാത്തിരിക്കുന്നു. അച്ഛന്‍ അധികം സിനിമകളോ പ്രൊജക്റ്റുകളോ ചെയ്യാത്ത സമയം കൂടിയായിരുന്നു അത്. ഏകദേശം 10 മാസത്തെ ഇടവേള എടുത്തിരുന്നു അഭിനയത്തില്‍ നിന്ന്. എന്റെ അമ്മ 25,000 രൂപയുടെ കടം വീട്ടാന്‍ ബുദ്ധിമുട്ടുന്നത് കണ്ടപ്പോള്‍, അത് എന്നെ വല്ലാതെ ബാധിച്ചു. ഞാന്‍ സ്വയം ചിന്തിച്ചു, ഞാന്‍ എന്താണ് ചെയ്യുന്നത്?

ആ നിമിഷം വരെ, സ്വന്തമായി ഒരു ഫാക്ടറി തുടങ്ങാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു. എന്റെ അച്ഛന്‍ ഒരു കോടി രൂപയെങ്കിലും ഫാക്ടറിയില്‍ നിക്ഷേപിക്കുമെന്ന് ഞാന്‍ മനസ്സില്‍ കരുതിയിരുന്നു. സ്വന്തമായി എന്തെങ്കിലും തുടങ്ങാനുള്ള എക്‌സ്പീരിയന്‍സ് ലഭിക്കാന്‍ വേണ്ടിയായിരുന്നു ഞാന്‍ ഫാക്ടറിയില്‍ ജോലി ചെയ്തിരുന്നത്. പക്ഷേ അമ്മയുമായുള്ള ആ സംഭാഷണം എല്ലാം മാറ്റിമറിച്ചു.''

അച്ഛന്‍ നടന്‍ ആയതിനാല്‍ തന്നെ തനിക്ക് അഭിനയിക്കാന്‍ ഒരുപാട് ഓഫറുകള്‍ ലഭിച്ചിരുന്നുവെന്ന് സൂര്യ ഓര്‍ത്തു. ''എനിക്ക് ധാരാളം ഓഫറുകള്‍ ലഭിച്ചിരുന്നു. പക്ഷേ, ഞാന്‍ ഒരിക്കലും സിനിമാ വ്യവസായത്തിന്റെ ഭാഗമാകാനോ ക്യാമറയില്‍ മുഖം കാണിക്കാനോ ആഗ്രഹിച്ചിരുന്നില്ല. ക്യാമറയെ അഭിമുഖീകരിക്കുന്നതിന് അഞ്ച് ദിവസം മുമ്പ് പോലും, ഞാന്‍ ഇത് ചെയ്യുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല.'

'ഞാന്‍ പണത്തിന് വേണ്ടിയാണ് ഈ ഇന്‍ഡസ്ട്രിയില്‍ വന്നത്. അമ്മയുടെ കടം വീട്ടുക എന്ന ഉദ്ദേശത്തോടെയാണ് ഞാന്‍ ഈ രംഗത്തേക്ക് വന്നത്. അങ്ങനെയാണ് ഞാന്‍ എന്റെ കരിയര്‍ ആരംഭിച്ചത്, അങ്ങനെയാണ് ഞാന്‍ സൂര്യയായത്.'

'ഞാന്‍ എന്റെ ആദ്യ ഷോട്ട് ചെയ്യുമ്പോള്‍, ആയിരക്കണക്കിന് ആളുകള്‍ സെറ്റിലുണ്ടായിരുന്നു. അവര്‍ക്ക് ഞാന്‍ ആരാണെന്ന് ഒരു സൂചനയും ഇല്ലായിരുന്നു, എന്നിട്ടും, എന്റെ ഷോട്ടിന് ശേഷം, അവര്‍ കയ്യടിക്കുന്നതു ഞാന്‍ കേട്ടു. അന്നുമുതല്‍, എനിക്ക് നിരുപാധികമായ സ്‌നേഹം ലഭിക്കുന്നു. തലമുറകള്‍ മാറി കാണും, പ്രേക്ഷകരും... പക്ഷേ ആ സ്‌നേഹത്തിനു മാറ്റമില്ല. അതുകൊണ്ട് അവര്‍ക്കുവേണ്ടിയാണ് ഞാന്‍ സിനിമകള്‍ ചെയ്യുന്നത്. ഇപ്പോള്‍, 49-ാം വയസ്സിലും ഞാന്‍ സിക്‌സ് പാക്ക് ആവശ്യപ്പെടുന്ന ഒരു സിനിമ ചെയ്തിട്ടുണ്ട്,' സൂര്യ പറഞ്ഞു.

പാന്‍-ഇന്ത്യ ചിത്രമായ കങ്കുവയുടെ റിലീസിനായി കാത്തിരിക്കുകയാണ് സൂര്യ ഇപ്പോള്‍. ചിത്രത്തില്‍ ബോബി ഡിയോള്‍, ദിഷ പടാനി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Read more topics: # സൂര്യ
surya chose film career

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES