മമ്മൂട്ടി-രാഹുല്‍ സദാശിവന്‍ ചിത്രം 'ഭ്രമയുഗം' തിയേറ്ററുകളിലെത്തുമ്പോള്‍
പ്രതീക്ഷകള്‍ വെറുതെയായില്ല എന്ന് തെളിയിക്കുന്നതാണ് ലഭിക്കുന്ന പ്രതികരണങ്ങള്‍. ഇപ്പോളിതാഭ്രമയുഗം' കണ്ട അനുഭവം പങ്കവെച്ച് സംവിധായകന്‍ പ്രജേഷ് സെന്‍ കുറിച്ചതാണ് ശ്രദ്ധേയമാകുന്നത്. ഓരാ സീനിലും കണ്ണിമ വെട്ടാതെ നോക്കിയിരിക്കാന്‍ തോന്നുന്ന പ്രകടനമാണ് മമ്മൂട്ടി കാഴ്ച്ചവെച്ചതെന്നും ഏതോ ചുഴിയില്‍പ്പെടുത്തി ഭ്രമിപ്പിക്കുന്നൊരു ലോകത്തെത്തിക്കാന്‍ സിനിമയ്ക്ക് കഴിഞ്ഞുവെന്നും പ്രജേഷ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ കുറിച്ചു.
പണ്ടെങ്ങോ കേട്ട മുത്തശ്ശിക്കഥകളിലേക്ക് ഭ്രമിപ്പിച്ച് കൊണ്ടുപോയി. ഏതോ ചുഴിയില്‍പ്പെടുത്തി ഭ്രമിപ്പിക്കുന്നൊരു ലോകത്തെത്തിച്ചു കളഞ്ഞു. മമ്മൂക്ക എന്നത്തേയും പോലെ അത്ഭുതപ്പെടുത്തി. പുതിയ പരീക്ഷണങ്ങളുമായി ഓരോ സീനിലും കണ്ണിമ വെട്ടാതെ നോക്കിയിരിക്കാന്‍ തോന്നുന്ന പ്രകടനം. ഒരു ബ്ലാക്ക് ആന്റ് വൈറ്റ് ക്ലാസിക്. വിരലില്‍ എണ്ണാവുന്ന കഥാപാത്രങ്ങള്‍, പക്ഷെ ഒട്ടും ബോറടിപ്പിക്കാതെ ഓരോ നിമിഷവും ഉദ്വേഗം നിറച്ച് ആ മനയ്ക്കകത്ത് നമ്മളിങ്ങനെ ചുറ്റിത്തിരിക്കും.
അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ത്ഥ് എന്തൊരു പകര്‍ന്നാട്ടമാണ്. രാഹുല്‍ സദാശിവന്‍, ഹാറ്റ്‌സ് ഓഫ് മാന്‍. ഷഹനാദ് ജലാലിന്റെ മികച്ച ഛായാഗ്രഹണം. മികച്ച പശ്ചാത്തല സ്‌കോറും ആര്‍ട്ടും. സിനിമയുടെ ഓരോ ഘടകങ്ങളും അവിശ്വസനീയമാണ്. തിയേറ്ററുകളിലെ വിഷ്വല്‍ ട്രീറ്റ് കാണാതെ പോകരുത്, ഒരു ഓസ്‌കര്‍ ലെവല്‍ പടം, സംവിധായകന്‍ കുറിച്ചു.
മമ്മൂട്ടിയെയും 'ഭ്രമയുഗം' സിനിമയെയും അഭിനന്ദിച്ച് തമിഴ് സംവിധായകന്‍ വസന്ത ബാലന്‍. കൊടുംകാട്ടില്‍ മദയാന അലയുംപോലൊരു പ്രകടനമാണ് ചിത്രത്തില്‍ മമ്മൂട്ടി കാഴ്ചവച്ചിരിക്കുന്നതെന്ന് വസന്ത ബാലന്‍ പറയുന്നു.
ബിഗ് സ്‌ക്രീനിലെ മമ്മൂട്ടിയുടെ ശരീരഭാഷയും ശബ്ദവും.. അപ്പാ. കൊടുംകാട്ടില്‍ ഒരു മദയാന അലയുംപോലെ. ഒരു വീട്, മൂന്ന് കഥാപാത്രങ്ങള്‍, ആ സംഗീതം. രണ്ട് മണിക്കൂറിലധികം തിയറ്ററില്‍ ആഴങ്ങളിലേക്ക് നമ്മള്‍ പോകുന്നു', വസന്തബാലന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. വെയില്‍, അങ്ങാടി തെരു, കാവ്യ തലൈവന്‍, അനീതി തുടങ്ങിയവയാണ് വസന്തബാലന്റെ സിനിമകള്‍.
അതേസമയം തമിഴ് പ്രേക്ഷകരെയും ഞെട്ടിക്കുകയാണ് മമ്മൂട്ടിയുടെ 'ഭ്രമയുഗം'. തമിഴകത്തുള്ള പ്രേക്ഷകരും ചിത്രത്തെ ഇരുകയ്യും നീട്ടി സ്വീകരിച്ചുവെന്നാണ് പ്രതികരണങ്ങളില്‍ നിന്നും മനസ്സിലാകുന്നത്.
മമ്മൂട്ടിക്ക് അഭിനന്ദനവുമായി അനൂപ് മേനോനും കുറിപ്പ് പങ്ക് വച്ചു. ചുരുക്കം വാക്കുകള്‍ക്കൊപ്പം ഭ്രമയുഗത്തിലെ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ ചിത്രമാണ് സോഷ്യല്‍ മീഡിയയിലൂടെ അനൂപ് മേനോന്‍ പങ്കുവച്ചത്. 'ഏറ്റവും മികച്ചത്. അതില്‍ രണ്ട് അഭിപ്രായങ്ങളില്ല', എന്നാണ് ചിത്രത്തിനൊപ്പം അനൂപ് മേനോന്‍ കുറിച്ചത്.