ഓണചിത്രങ്ങളെല്ലാം തീയറ്ററില്‍ എത്തിക്കഴിഞ്ഞു. ഇക്കുറി മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും ചിത്രങ്ങള്‍ റിലീസിന് എത്തിയിട്ടില്ല. പകരം യുവതാരങ്ങളുടെ ചിത്രങ്ങളാണ് എത്തിയത്. ടൊവിനോ തോമസ് നായകനായ അജയന്റെ രണ്ടാം മോഷണം മികച്ച അഭിപ്രായം നേടി മുന്നേറുന്നുണ്ട്. അതുപോലെ തന്നെ ശ്രദ്ധേയമാണ് ആസിഫലി നായകനായ കിഷ്‌കിന്ധാ കണ്ഡവും. ഇതിനൊപ്പം പെപ്പെയുടെ കൊണ്ടലും റിലീസിന് എത്തിയിട്ടുണ്ട്. ഈ മൂന്ന് സിനിമകളുടെയും പ്രചരണത്തിനായി താരങ്ങള്‍ ഒരുമിച്ചെത്തിയത് ശ്രദ്ധ നേടിയിരുന്നു. ടൊവിനോ തോമസ്, ആസിഫ് അലി, ആന്റണി വര്‍ഗീസ് എന്നിവര്‍ നടത്തിയൊരു പ്രമോഷന്‍ വീഡിയോയാണ് വൈറലായത്.
ഇതിനെ വിമര്‍ശിച്ചു കൊണ്ട് നടിയും നിര്‍മാതാവുമായ ഷീലു എബ്രഹാമും രംഗത്തുവരികയുണ്ടായി. താരങ്ങള്‍ തങ്ങളുടേത് അടക്കമുള്ള സിനിമകള്‍ പറയാത്തതിലെ വിഷമം നടിയും നിര്‍മാതാവുമായ ഷീലു എബ്രഹാം പങ്കുവച്ചത് വൈറലായി. ഇപ്പോഴിതാ ഷീലുവിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ആസിഫ് അലി. ആ സിനിമകളുടെ പേര് വിട്ടു പോയതില്‍ വിഷമമുണ്ടെന്നും തെറ്റുണ്ടെന്നും ആസിഫ് പറഞ്ഞു. 'ഞങ്ങള്‍ മൂന്ന് പേരും ഏകദേശം ഒരേപ്രായക്കാരാണ്. മലയാള സിനിമയ്ക്ക് ഗംഭീരമായ തുടക്കം ലഭിച്ച വര്‍ഷമാണിത്. ഒരുപാട് നല്ല സിനിമകള്‍ വന്നു, തിയറ്ററുകളില്‍ വീണ്ടും സജീവമായി, അങ്ങനെ നില്‍ക്കുന്ന വേളയില്‍ നമ്മള്‍ പ്രതീക്ഷിക്കാത്ത സംഭവങ്ങള്‍ ഉണ്ടായി. അതിന്റെ ഒരു നെഗറ്റീവിറ്റി സിനിമാ മേഖലയില്‍ മൊത്തം വരുന്നു. തിയറ്ററുകളെ അത് ബാധിച്ചോ ഇല്ലയോ എന്ന് അറിയില്ല. പക്ഷേ ഓണം സീസണ്‍ എന്നത് എല്ലാ ബിസിനസും പോലെ സിനിമയ്ക്കും വളരെ പ്രധാനപ്പെട്ടൊരു സീസണ്‍ ആണ്.
ആ ഒരു സീസണ്‍ സജീവമാക്കണം എന്ന ഉദ്ദേശം മാത്രമായിരുന്നു ഞങ്ങള്‍ ഉണ്ടായത്. മൂന്ന് സ്ഥലങ്ങള്‍ നില്‍ക്കുന്നൊരു സമയത്താണ് ഞങ്ങള്‍ക്ക് ഇങ്ങനെ ഒരു തോന്നല്‍ വരുന്നത്. തീര്‍ച്ചയായും അതിലൊരു തെറ്റുണ്ട്. ബാക്കിയുള്ള സിനിമകള്‍ ഞങ്ങള്‍ പറഞ്ഞില്ല എന്നത് തെറ്റാണ്. അത് ഞങ്ങള്‍ക്ക് മനസിലായി', എന്ന് ആസിഫ് അലി പറയുന്നു. പക്ഷേ അതിന് പിന്നില്‍ ഉണ്ടായിരുന്ന ആഗ്രഹം ഭയങ്കര പോസിറ്റീവ് ആയിരുന്നു. ഞങ്ങളുടെ സിനിമയെ കുറിച്ചുള്ള ആവേശം പ്രേക്ഷകരോട് പങ്കുവയ്ക്കുക എന്ന ആഗ്രഹത്തോടെയാണ് വീഡിയോ ചെയ്തത്. മൂന്ന് സിനിമയ്ക്ക് വേണ്ടി ഞങ്ങള്‍ ഒരുമിച്ച് വരുക എന്നത് പ്രേക്ഷകര്‍ക്കും ഇഷ്ടമാകും എന്നൊക്കെ കരുതിയാണ് ചെയ്തത്. അതൊക്കെയെ ചിന്തിച്ചുള്ളൂ. സിനിമ കാണുക എന്നത് പ്രേക്ഷകരുടെ തീരുമാനമാണ്. നമുക്ക് മാര്‍ക്കറ്റ് ചെയ്യാനെ പറ്റുള്ളൂ. പേര് പറഞ്ഞില്ലെന്ന് വച്ച് ഒരു സിനിമയ്ക്കും മോശം സംഭവിക്കില്ല. പേര് വിട്ടു പോയതില്‍ വിഷമമുണ്ടായി. പക്ഷേ അതിന് പിന്നില്‍ നടന്ന കഥ ഇതാണ്', എന്നും ആസിഫ് അലി കൂട്ടിച്ചേര്‍ത്തു. താരങ്ങളുടെ പ്രമോഷനെ വിമര്‍ശിച്ച് ഇതാണ് പവര്‍ ഗ്രൂപ്പ് എന്ന് ആരോപിച്ചാണ് ബാഡ് ബോയ്സിന്റെ നിര്‍മാതാവ് ഷീലു എബ്രഹാം രംഗത്തുന്നിരുന്നത്.