കമല്‍ സംവിധാനം ചെയ്ത നമ്മളിലൂടെ സിനിമയിലേക്കെത്തി തെന്നിന്ത്യയിലെ മുന്‍നിരനായികമാരില്‍ ഒരാളായി മാറിയ ആളാണ് ഭാവന. വളരെ ചെറിയ പ്രായത്തില്‍ തന്നെ മലയാളത്തില്‍ നായികയായി അരങ്ങേറിയ താരം അഭിനയപ്രാധാന്യമുള്ള ഒട്ടെറെ സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്. കന്നഡ നിര്‍മ്മാതാവ് നവീനുമായുള്ള വിവാഹത്തോടെ സിനിമയില്‍ നിന്നും മാറി നില്‍ക്കുന്ന ഭാവന ഒരിടവേളയ്ക്ക് ശേഷം തെന്നിന്ത്യന്‍ സിനിമയില്‍ സജീവമായിരിക്കയാണ്. എന്നാൽ ഇപ്പോൾ നടി ഭാവന മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നു. ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്!’ എന്ന ചിത്രത്തിലൂടെയാണ് നടിയുടെ തിരിച്ചുവരവ്. ഭാവനയുടെ തിരിച്ചുവരവ് നടന്‍ മമ്മൂട്ടിയാണ് അറിയിച്ചത്. മമ്മൂട്ടിയുടെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു പ്രഖ്യാപനം. സഹോദരി-സഹോദര ബന്ധമാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് പോസ്റ്റര്‍ നല്‍കുന്ന സൂചന.
നടി കുറച്ചുവര്‍ഷങ്ങളായി ലൈംഗീക അതിക്രമം നേരിട്ട ശേഷം മലയാള സിനിമയില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നു. കന്നഡ, തമിഴ് ഭാഷകളില്‍ സജീവമായി തുടര്‍ന്നു. നടി താന്‍ നേരിട്ട അതിക്രമങ്ങളേക്കുറിച്ച് ഈയിടെയാണ് പരസ്യമായി പ്രതികരിച്ച് രംഗത്തെത്തിയത്. നടി മാധ്യമ പ്രവര്‍ത്തക ബര്‍ഖാ ദത്തിന് നല്‍കിയ തത്സമയ അഭിമുഖത്തിനിടെ തന്റെ അഭിമാനം ചിതറിത്തെറിച്ചെന്നും അത് വീണ്ടെടുക്കുമെന്നും പ്രതികരിച്ചു. താന്‍ ഇരയല്ല അതിജീവിതയാണെന്നും ഭാവന പറയുകയുണ്ടായി.
സംവിധായകന്‍ ആഷിഖ് അബു ഭാവന മലയാള സിനിമയില്‍ തിരിച്ചെത്തുമെന്ന് പറഞ്ഞിരുന്നു. ഭാവന ഒരു കഥ കേട്ട് ഇഷ്ടപ്പെട്ടിട്ടുണ്ടെന്നായിരുന്നു ആഷിഖ് അബുവിന്റെ പ്രതികരണം. ആക്രമിക്കപ്പെട്ട് അഞ്ച് വര്‍ഷത്തിന് ശേഷം നേരിട്ട അനുഭവത്തേക്കുറിച്ച് ഭാവന ആദ്യമായി തുറഞ്ഞു പറഞ്ഞത് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ്.