മലയാള സിനിമ പ്രേമികൾക്ക് ഏറെ പ്രിയങ്കരനായ നടനും തിരക്കഥാകൃത്തും സംവിധായകനുമാണ് ശ്രീനിവാസൻ. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. മണിമുഴക്കം എന്ന ചിത്രത്തിലൂടെയാണ് താരം സിനിമ മേഖലയിലേക്ക് ചുവട് വച്ചത്. നർമ്മത്തിനു പുതിയ ഭാവം നൽകി കൊണ്ട് സ്വന്തം സിനിമകളിലുടെ സാധാരണക്കാരന്റെ പ്രശ്നങ്ങൾ താരം തുറന്ന് പറയാറുമുണ്ട്. നിലവിൽ അസുഖബാധിതനായി വിശ്രമത്തിലാണെങ്കിലും പുതിയ സിനിമയ്ക്ക് വേണ്ടി തിരക്കഥ എഴുതുന്ന തിരക്കിലാണ് താരം. എന്നാൽ ഇപ്പോൾ വിമലയെ ആദ്യം കാണുന്നതും ലളിതമായി വിവാഹം കഴിച്ചതിനെ കുറിച്ചുമൊക്കെ പറയുകയാണ് ശ്രീനിവാസൻ. രജിസ്റ്റർ ഓഫീസിൽ വച്ച് നടത്തിയ വിവാഹത്തെ പറ്റി വിമല ടീച്ചറും സംസാരിച്ചു..
അധ്യാപകനായി ജോലി ചെയ്തതിനെ കുറിച്ചാണ് ശ്രീനിവാസൻ സംസാരിച്ച് തുടങ്ങിയത്.. ‘അന്നത്തെ കാലത്ത് ഡിഗ്രി പാസായവർക്കുള്ള ആദ്യ ആശ്രയം പാരലൽ കോളേജിൽ പഠിപ്പിക്കുക എന്നതാണ്. കുറച്ച് നാൾ ഞാനും അധ്യാപകനായി. കതിരൂർ ഓവർ കോളേജിലാണ്. കൊട്ടിയോടിയിൽ നിന്ന് പൂക്കോട് ജംഗ്ഷൻ വരെ നടന്നാണ് അന്ന് കോളേജിലേക്ക് പോവുന്നത്.
ആ യാത്രയിലാണ് ആദ്യമായി വിമലയെ ഞാൻ കാണുന്നത്. വിമല അന്ന് കൂത്തുപറമ്പ് നിർമലഗിരി കോളേജിൽ പ്രീഡിഗ്രിയ്ക്ക് പഠിക്കുന്നു. വിമലയും ബസ് കയറുന്നത് അവിടുന്നാണ്. അങ്ങനെ പരസ്പരം കണ്ടു, സംസാരിച്ചു. വീട്ടിലെ സാഹചര്യം മോശമായിരുന്നത് കൊണ്ട് പ്രണയം, വിവാഹം തുടങ്ങിയ ചിന്തകളൊന്നും ഉണ്ടായിരുന്നില്ല. മിക്കവാറും ദിവസങ്ങളിൽ വിമലയെ കാണുകയും സംസാരിക്കുകയും ചെയ്യും. ആ സമയത്താണ് അഡയാർ ഫിലിം ഇൻസ്റ്റ്യൂട്ടിൽ നിന്ന് എന്നെ ഇന്റർവ്യൂവിന് വിളിക്കുന്നത്. അവിശ്വാസിയാണെങ്കിലും ഞാൻ വിമലയോട് ഇന്റർവ്യൂ പാസാകണമെന്ന് പ്രാർഥിക്കാൻ പറഞ്ഞു. നിങ്ങൾക്ക് കിട്ടാതിരിക്കാൻ വേണ്ടി ഞാൻ പ്രാർഥിക്കുമെന്നാണ് വിമലയുടെ മറുപടി.
പക്ഷേ വിമല പ്രാർഥിച്ചിട്ടുണ്ടാകണം. അതാണ് എനിക്ക് അവിടെ കിട്ടിയത്. പിന്നെ ഞങ്ങൾ കത്തിലൂടെ ആശയവിനിമയം നടത്തി. വീടും പറമ്പുമൊക്കെ ജപ്തി ചെയ്തതിന് ശേഷമായിരുന്നു ഞങ്ങളുടെ വിവാഹം. ഒരു തരത്തിൽ ജപ്തി ചെയ്തത് നന്നായെന്ന് ഞാൻ വിമലയോട് പറഞ്ഞിട്ടുണ്ട്. വീട് പോയതോടെ ഞങ്ങളൊരു വാടക വീട്ടിലേക്ക് മാറി.
പക്ഷേ അച്ഛൻ അവിടെ നിന്നില്ല. അദ്ദേഹം ഒരു ബന്ധുവീട്ടിൽ അഭയം തേടി. അല്ലെങ്കിൽ വിവാഹം കഴിഞ്ഞ് വന്ന ഞങ്ങളെ ചിലപ്പോൾ വീട്ടിൽ കയറ്റില്ലായിരുന്നു. വിമല ടീച്ചർ പറഞ്ഞതിങ്ങനെ, 1984 ജനുവരി പതിമൂന്നാം തീയ്യതി വെള്ളിയാഴ്ചയായിരുന്നു ഞങ്ങളുടെ കല്യാണം. അതിന് മൂന്ന് ദിവസം മുൻപാണ് ശ്രീനിയേട്ടൻ നാട്ടിൽ വരുന്നത്. ശ്രീനിയേട്ടൻ ഒരു സുഹൃത്തിനൊപ്പം വന്നാണ് ഈ വെള്ളിയാഴ്ചയാണ് വിവാഹമെന്ന് പറയുന്നത്. കതിരൂർ രജിസ്റ്റാർ ഓഫീസിൽ വച്ച്, രാവിലെയാണ് വിവാഹം. അതിന് മൂന്ന് ദിവസം മുൻപ് തലശ്ശേരിയിൽ പോയി സാരിയും അത്യാവശ്യമായ സാധനങ്ങളുമൊക്കെ വാങ്ങി. ശ്രീനിയേട്ടൻ അന്ന് ഷർട്ട് വാങ്ങുന്നില്ലെന്നാണ് പറഞ്ഞത്. അദ്ദേഹത്തിന്റെ കൈയ്യിൽ പൈസയില്ലെന്ന് അറിയാം. അങ്ങനെ കല്യാണ ദിവസം കൂത്തുപറമ്പിൽ പോയി ടാക്‌സി വിളിച്ച് കൊണ്ട് വന്നു. കല്യാണശേഷം നേരെ ശ്രീനിയേട്ടന്റെ വാടക വീട്ടിലേക്കാണ് പോയത്.