മുകേഷിന്റെ ഫോണ്‍ വിളിയിലെ ഗൂഢാലോചന വാദം പൊളിഞ്ഞു. മുകേഷ് എംഎല്‍എയെ വിളിച്ച ഒറ്റപ്പാലം സ്വദേശിയായ വിദ്യാര്‍ത്ഥിയെ കണ്ടെത്തിയതോടെയാണ് ഇത്. കൊല്ലത്തുള്ള കൂട്ടുകാരന്റെ ഓണ്‍ലൈന്‍ പഠനത്തിനായി സഹായം അഭ്യര്‍ത്ഥിച്ചാണ് കുട്ടി മുകേഷിനെ ഫോണില്‍ വിളിച്ചത്. കുട്ടി മുകേഷിനെ വിളിച്ച കാര്യം ബന്ധുക്കള്‍ മാധ്യമങ്ങളോട് സ്ഥിരീകരിച്ചു.
സിനിമ നടന് ആയതിനാല്‍ ആണ് ഫോണ്‍ റെക്കോര്‍ഡ് ചെയ്തത്. കുട്ടി ബാലസംഘം നേതാവ് ആണെന്നും വ്യക്തമായി. സിപിഎം നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കുട്ടികളുടെ കൂട്ടായ്മയാണ് ബാലസംഘം. കുട്ടിയുടെ അച്ഛന് സിഐടിയു പ്രവര്‍ത്തകനാണ്. പ്രശ്നം പരിഹരിച്ചതായി ഒറ്റപ്പാലം മുന്‍ എംഎല്‍എ എം ഹംസ പറഞ്ഞു. ഇതോടെ മുകേഷിന്റെ ചതി വാദം പൊളിഞ്ഞു. തന്നെ കുടുക്കാന്‍ മറ്റു രാഷ്ട്രീയക്കാര്‍ നടത്തിയ ഗൂഢാലോചനയാണ് ഫോണ്‍ വിളി എന്നായിരുന്നു മുകേഷ് വിശദീകരിക്കാന്‍ ശ്രമിച്ചത്. പൊലീസില്‍ പരാതി കൊടുക്കുമെന്നും അറിയിച്ചിരുന്നു. കുട്ടിയെ ഇപ്പോള്‍ സ്വന്തം വീട്ടില്‍ നിന്ന് ബന്ധുവീട്ടിലേക്ക് മാറ്റിയിരിക്കുകയാണ്.
അതിനിടെ രാവിലെ സ്ഥലം എം പിയും കോണ്‍ഗ്രസ് നേതാവുമായ വി കെ ശ്രീകണ്ഠന് കുട്ടിയുടെ വീട് സന്ദര്‍ശിച്ചു. ഒറ്റപ്പാലം എം എല്‍ എയായ പ്രേംകുമാറും ഇപ്പോള്‍ വീട്ടിലെത്തിയിട്ടുണ്ട്. മുകേഷിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബാലവകാശ കമ്മിഷനില്‍ പരാതി നല്കി. മുകേഷ് നടത്തിയത് സത്യാപ്രതിജ്ഞാ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി.
മുകേഷ് എംഎല്‍എയെ ഫോണില്‍ വിളിച്ച ഒറ്റപ്പാലത്തെ വിദ്യാര്‍ത്ഥിയെ കണ്ടെത്താന്‍ സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചിരുന്നു. മുകേഷിനെ ഫോണ്‍ വിളിച്ച വ്യക്തിയെ കണ്ടെത്തുന്നതിനായി എല്ലാ രാഷ്ട്രീയ പാര്‍ട്ടിക്കാരും അന്വേഷണം നടത്തിയിരുന്നു.
ഞായറാഴ്ച രാവിലെ മുതലാണ് വിദ്യാര്‍ത്ഥിയോട് എംഎല്‍എ കയര്‍ക്കുന്ന ഓഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. 'ഹലോ സര്, ഞാന്‍ പാലക്കാട്ടുനിന്നാണെ'ന്ന് പറഞ്ഞാണ് വിദ്യാര്‍ത്ഥി വിളിച്ചത്. 'ആറു പ്രാവശ്യമൊക്കെ വിളിക്കുകയെന്നുപറഞ്ഞാല്, മീറ്റിങ്ങില്‍ ഇരിക്കുകയല്ലേ എന്ന് പ്രതികരിച്ചാണ് മുകേഷ് തുടങ്ങിയത്. പാലക്കാട് എംഎല്‍എ എന്നയാള്‍ ജീവനോടെയില്ലേ, എന്ത് അത്യാവശ്യകാര്യമായാലും അവിടെ പറഞ്ഞാല്‍ മതിയല്ലോ. എന്തിനാണ് തന്നെ വിളിച്ചത് -മുകേഷ് ചോദിക്കുന്നു.
സാറിന്റെ നമ്പര്‍ കൂട്ടുകാരന് തന്നതാണെന്നു പറഞ്ഞപ്പോള്‍ അവന്റെ ചെവിക്കുറ്റി നോക്കിയടിക്കണം. പാലക്കാട് ഒറ്റപ്പാലമാണ് വീടെന്ന് കുട്ടി പറഞ്ഞപ്പോള്‍ അവിടത്തെ എംഎല്‍എയെ കണ്ടുപിടിക്ക്, മേലാല്‍ തന്നെ വിളിക്കരുതെന്ന് പറഞ്ഞാണ് മുകേഷ് ഫോണ്‍ കട്ട് ചെയ്തത്.
അതേസമയം, ഓഡിയോ വൈറലായതോടെ തനിക്കെതിരെയുള്ള ആസൂത്രിത നീക്കമാണ് ഫോണ്‍വിളിക്കു പിന്നിലെന്ന ആരോപണവുമായി മുകേഷ് രംഗത്തെത്തി. തെരഞ്ഞെടുപ്പിന് ശേഷം തന്നെ പ്രകോപിപ്പിക്കാന്‍ ആസൂത്രിതമായ ഇത്തരം വിളികള്‍ വരുന്നുണ്ട്. എന്നെ വിളിച്ചയാള്‍ നിഷ്കളങ്കനാണെങ്കില്‍ എന്തിന് റെക്കോഡ് ചെയ്തു. സംഭവം ആസൂത്രിതമാണെന്നാണ് ഇത് വ്യക്തമാക്കുന്നത്. ചൂരല്‍ വെച്ച് അടിക്കുമെന്ന് പറഞ്ഞത് രക്ഷാകര്‍ത്താവിന്റെ സ്നേഹത്തോടെയാണെന്നും മുകേഷ് പറഞ്ഞു.