മമ്മൂട്ടി നായകനാകുന്ന രാജാ 2 എന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് സിനിമാ പ്രേമികൾ. മോഹൻലാൽ ചിത്രം ലൂസിഫർ റിലീസ് ചെയ്യുകയും തിയേറ്ററിൽ ഹിറ്റായി ഓടുകയും ചെയ്യുന്ന നേരം പോക്കിരിരാജയുടെ രണ്ടാം ഭാഗം തിയേറ്ററിൽ വരുന്ന ദിനമാണ് ആരാധകരുടെ മനസിൽ. എന്നാൽ സിനിമയുമായി ബന്ധപ്പെട്ട് നടന്ന വാർത്താ സമ്മേളനത്തിൽ മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് നടൻ മമ്മൂട്ടി പറഞ്ഞ ഉത്തരമാണ് ഇപ്പോൾ സമൂഹ മാധ്യമത്തിൽ തരംഗമാവുന്നത്. രാജ 2 പോലുള്ള സിനിമയുടെ ആവശ്യകത എന്തെന്നും മലയാളിയുടെ ആസ്വാദനിലവാരത്തെ ചോദ്യം ചെയ്യുകയാണോ ഉദ്ദേശമെന്നുമായിരുന്നു മാധ്യമപ്രവർത്തകൻ മമ്മൂട്ടിയോട് ചോദിച്ചത്. എന്നാൽ മമ്മൂട്ടി പറഞ്ഞ വാക്കുകൾക്ക് സദസിൽ നിറ കൈയടിയാണ് ലഭിച്ചത്.
മമ്മൂട്ടി മാധ്യമപ്രവർത്തകന് നൽകിയ മറുപടിയിങ്ങനെ
സിനിമയ്ക്ക് ദേശകാലാന്തരങ്ങളില്ല. മാനുഷിക വികാരങ്ങൾക്കോ മൂല്യങ്ങൾക്കോ കാലങ്ങൾക്കനുസരിച്ച് മാറ്റമുണ്ടാകുമെന്നും തോന്നുന്നില്ല. ഈ സിനിമ നന്മയുടെ ഭാഗത്തു നിൽക്കുന്ന ചിത്രമാണ്. തിന്മയെ നന്മ ജയിക്കുന്നതു തന്നെയാണ് കഥ. ഫ്രാഞ്ചൈസി ചിത്രങ്ങൾ ലോകസിനിമയിൽ എത്രയോ കാലങ്ങളായി വരുന്നുണ്ട്. അവഞ്ചേഴ്സിന്റെ പതിനാലാം ഭാഗമാണ് ഇപ്പോൾ പുറത്തു വരുന്നത്. അതെല്ലാം ഒരു ചോദ്യവും കൂടാതെ കാണുന്നുണ്ട്. പിന്നെ ഈ പാവം രാജയോടെന്തിനാ ഇങ്ങനെ?'
ഈ ഉത്തരമാണ് പൃഥ്വിരാജിനെപ്പോലും കൈയടിപ്പിച്ചത്. മമ്മൂട്ടിയുടെ ഈ മറുപടി ട്രോൾ രൂപത്തിലും ആളുകൾ പുറത്തിറക്കിയിരുന്നു. അതിലൊന്നാണ് 'ഇഷ്ടപ്പെട്ടു' എന്ന അടിക്കുറിപ്പോടെ പൃഥ്വി ട്വീറ്റ് ചെയ്തത്. പോക്കിരിരാജയുടെ രണ്ടാം ഭാഗത്തിൽ പൃഥിരാജ് എത്താത്തതിന്റെ കാരണവും മമ്മൂട്ടി വിശദീകരിക്കുകയുണ്ടായി. 'പോക്കരിരാജയിൽ എന്റെ സഹോദരനായെത്തിയത് പൃഥ്വിരാജ് ആണ്. എന്നാൽ അയാൾ വിവാഹം കഴിഞ്ഞ് ലണ്ടനിലായതിനാൽ മധുരരാജയുടെ കഥ നടക്കുന്ന സഥലത്ത് എത്തിപ്പെടാൻ കഴിഞ്ഞില്ല.' അതുകൊണ്ട് തന്നെ അദ്ദേഹത്തെ ഉൾപ്പെടുത്താൻ കഴിഞ്ഞില്ലെന്നും തമാശരൂപേണ മമ്മൂട്ടി പറഞ്ഞു.