ദുല്‍ഖര്‍ സല്‍മാന്‍ നായകനായ പട്ടം പോലെ എന്ന ചിത്രത്തിലൂടെ കരിയര്‍ ആരംഭിക്കുകയും ഇന്ന് പാന്‍ ഇന്ത്യന്‍ തലത്തില്‍ അറിയപ്പെടുകയും ചെയ്യുന്ന നടിയാണ് മാളവിക മോഹനന്‍. മാജീദ് മജീദി സംവിധാനം ചെയ്ത ബിയോണ്ട് ദി ക്ലൗഡ്സ് പോലുള്ള ഓഫ് ബീറ്റ് സിനിമകളും പേട്ട, മാസ്റ്റര്‍ പോലുള്ള കൊമേഴ്ഷ്യല്‍ സിനിമകളിലും ഒരുപോലെ ഭാഗമാകാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്.പ്രശസ്ത ഛായാഗ്രാഹകന്‍ കെ.യു മോഹനന്റെ മകള്‍ കൂടിയായ മാളവിക ഇന്ന് മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും സജീവമാണ്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ഹൃദയപൂര്‍വ്വം എന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പമെത്തിയ മാളവികയുടെ പ്രകടനം ശ്രദ്ധേയമായിരുന്നു.
ഇപ്പോള്‍ നടി താന്‍ കെ.യു. മോഹനന്റെ മകള്‍ എന്ന ലേബലിലല്ല, മറിച്ച് സ്വന്തം കഠിനാധ്വാനം കൊണ്ടാണ് താന്‍ സിനിമയില്‍ ഇടംപിടിച്ചതെന്ന് തുറന്നുപറയുകയാണ്. താനൊരു 'സ്റ്റാര്‍ കിഡ്' ആണെന്ന പൊതുധാരണ തിരുത്തിക്കൊണ്ട് ഫിലിം ഫെയറിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നത്.
സിനിമാ പശ്ചാത്തലമുള്ള കുടുംബമാണെങ്കിലും തന്റെ വളര്‍ച്ച സിനിമാ ലോകത്ത് നിന്നെല്ലാം വളരെ അകലെയായിരുന്നുവെന്ന് മാളവിക വ്യക്തമാക്കുന്നു. അച്ഛന്‍ ഒരു കലാകാരന്‍ എന്ന നിലയില്‍ സിനിമാട്ടോഗ്രാഫിയെ പ്രണയിച്ച് ജോലി ചെയ്തിരുന്നുവെങ്കിലും അത് തങ്ങളുടെ കുടുംബജീവിതത്തെ ബാധിച്ചിരുന്നില്ല. മൂന്നോ നാലോ തവണ മാത്രമാണ് താന്‍ അച്ഛന്റെ ഷൂട്ടിംഗ് സെറ്റുകള്‍ സന്ദര്‍ശിച്ചിട്ടുള്ളതെന്നും താരം വെളിപ്പെടുത്തി.
'ആളുകള്‍ കരുതുന്നത് ഞാന്‍ ചെറുപ്പം മുതലേ ഇന്‍ഡസ്ട്രിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു എന്നാണ്. എന്നാല്‍ സത്യം അതല്ല. വളര്‍ന്നുവരുമ്പോള്‍ സിനിമാക്കാരുമായി ഇടപഴകാന്‍ എനിക്ക് അവസരങ്ങള്‍ ഉണ്ടായിട്ടില്ല. അച്ഛന്‍ ഉപജീവനത്തിനായാണ് ജോലി ചെയ്തിരുന്നത്. ഒരു സ്റ്റാര്‍ കിഡ് ആയിരിക്കുന്ന അവസ്ഥയുമായി ഇതിനെ താരതമ്യം ചെയ്യാനാവില്ല,' മാളവിക പറഞ്ഞു. അഭിനയത്തിലേക്കല്ല, മറിച്ച് ഡോക്യുമെന്ററി ഫിലിം മേക്കിംഗിലേക്കായിരുന്നു തന്റെ ആദ്യകാല താല്‍പ്പര്യമെന്നും താരം കൂട്ടിച്ചേര്‍ത്തു.
ദുല്‍ഖര്‍ സല്‍മാന്‍ നായകനായ 'പട്ടം പോലെ' എന്ന ചിത്രത്തിലൂടെയാണ് മാളവിക സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും താരം സജീവമായി. സത്യന്‍ അന്തിക്കാട്-മോഹന്‍ലാല്‍ കൂട്ടുകെട്ടിലൊരുങ്ങിയ 'ഹൃദയപൂര്‍വ്വം', പ്രഭാസിനൊപ്പമുള്ള 'രാജാ സാബ്' എന്നിവ മാളവികയുടെ കരിയറിലെ ശ്രദ്ധേയമായ പ്രോജക്റ്റുകളാണ്.