Latest News

പേര് വിളിക്കുന്നത് കാത്ത് നില്‍ക്കുമ്പോള്‍ വിറയ്ക്കുകയായിരുന്നു; ബോധം കെട്ട് വീഴുമെന്ന് തോന്നി; ആ നിമിഷം എനിക്ക് വലുതാണ്; ഒറ്റയ്ക്കല്ല എന്ന് തിരിച്ചറിഞ്ഞ നിമിഷമാണത്; സ്റ്റേജില്‍ നിന്നിറങ്ങിയതും പൊട്ടിക്കരഞ്ഞു; ഓരോ നിമിഷവും പല വികാരങ്ങളിലൂടെയാണ് കടന്നുപോകുന്നത്; മലയാള സിനിമയില്‍ നിന്ന് ഇടവേളയെടുക്കാന്‍ തീരുമാനിച്ചിരുന്നു; മനസ് തുറന്ന് ഭാവന

Malayalilife
 പേര് വിളിക്കുന്നത് കാത്ത് നില്‍ക്കുമ്പോള്‍ വിറയ്ക്കുകയായിരുന്നു; ബോധം കെട്ട് വീഴുമെന്ന് തോന്നി; ആ നിമിഷം എനിക്ക് വലുതാണ്; ഒറ്റയ്ക്കല്ല എന്ന് തിരിച്ചറിഞ്ഞ നിമിഷമാണത്; സ്റ്റേജില്‍ നിന്നിറങ്ങിയതും  പൊട്ടിക്കരഞ്ഞു; ഓരോ നിമിഷവും പല വികാരങ്ങളിലൂടെയാണ് കടന്നുപോകുന്നത്; മലയാള സിനിമയില്‍ നിന്ന് ഇടവേളയെടുക്കാന്‍ തീരുമാനിച്ചിരുന്നു; മനസ് തുറന്ന് ഭാവന

വലിയ ആത്മവിശ്വാസം നല്‍കിയ സംഭവമാണ് ഐഎഫ്എഫ്കെ വേദിയിലെത്തിയതെന്ന് നടി ഭാവനയുടെ വാക്കുകള്‍. ക്ഷണം ലഭിച്ചപ്പോള്‍ വരില്ലെന്നാണ് താന്‍ ആദ്യം പറഞ്ഞതെന്നും എന്നാല്‍ പോകണമെന്ന് സുഹൃത്തുക്കളും വേണ്ടപ്പെട്ടവരും നിര്‍ബന്ധിച്ചുവെന്നും വേദിയിലെത്തിയപ്പോള്‍ ലഭിച്ച സ്നേഹവും പിന്തുണയുമെല്ലാം തന്നെ വികാരഭരിതയാക്കിയെന്നും ധൈര്യവും ആത്മവിശ്വാസവും ലഭിച്ചുവെന്നും ഭാവന പറയുന്നു

ആ സംഭവം എനിക്ക് വലിയ ആത്മവിശ്വാസമാണ് നല്‍കിയത്. കാരണം, ഞാനൊരു കൊക്കൂണിന് ഉള്ളിലായിരുന്നു. അദൃശ്യമായൊരു ചുമരിന് പിന്നിലെന്നത് പോലെ ജീവിക്കുകയായിരുന്നു. അടുത്ത സുഹൃത്തുക്കളോടു മാത്രമായിരുന്നു സംസാരിച്ചിരുന്നത്. ഐഎഫ്എഫ്കെയിലേക്ക് ക്ഷണിച്ചപ്പോള്‍ വരുന്നില്ലെന്നാണ് ആദ്യം പറഞ്ഞത്. നീ വന്നേ പറ്റൂവെന്ന് അവര്‍ പറഞ്ഞു. നിങ്ങള്‍ക്ക് എന്നെ നിര്‍ബന്ധിക്കാനാകില്ലെന്ന് ഞാന്‍ പറഞ്ഞു. പക്ഷെ അദ്ദേഹത്തെപ്പോലൊരു മുതിര്‍ന്ന സംവിധായകന്‍ വിളിക്കുമ്പോള്‍ എനിക്ക് നിരസിക്കാനും സാധിക്കില്ലായിരുന്നു.

ഞാന്‍ വല്ലാതെ ധര്‍മസങ്കടത്തിലായിരുന്നു. എങ്ങനെയാണ് ആ തീരുമാനത്തിലെത്തിയതെന്ന് അറിയില്ല. വല്ലാത്ത ഉത്കണ്ഠയും ആശങ്കയുമെല്ലാം ഉണ്ടായിരുന്നു. ആയിരം പേരോട് ചോദിച്ചു. എല്ലാവരും പോകണമെന്ന് പറഞ്ഞു. പക്ഷെ എനിക്കത് എളുപ്പമല്ല. പോകാന്‍ പറ്റുമെന്ന് തോന്നുന്നില്ലെന്ന് പറഞ്ഞു. പക്ഷെ ആ നല്ല മനസുകള്‍ എന്നെ പ്രോത്സാഹിപ്പിച്ചു. പലരും വിളിച്ച് പോകണമെന്ന് പറഞ്ഞു.

ഇപ്പോഴും അറിയില്ല, ഞാന്‍ എങ്ങനെയാണ് അവിടെ എത്തിയതെന്ന്. പാല്‍പ്പറ്റേഷന്‍ നിയന്ത്രണാതീതമായിരുന്നു. ബോധരഹിതയാകുമെന്ന് വരെ കരുതി. അവര്‍ ഞാന്‍ വരുന്ന കാര്യം പുറത്ത് വിട്ടിരുന്നില്ല. വളരെ കുറച്ച് പേര്‍ക്ക് മാത്രമേ അറിയുമായിരുന്നുള്ളൂ. പ്രത്യേകിച്ചും പൊതുജനത്തിന്. ഒരു സീക്രട്ട് മിഷന്‍ പോലെയായിരുന്നു. അവര്‍ വേറെ പേരിലായിരുന്നു ടിക്കറ്റൊക്കെ ബുക്ക് ചെയ്തിരുന്നത്. റൂമര്‍ കേട്ട് പലരും എന്റെ സുഹൃത്തുക്കളെ വിളിച്ചു. അവള്‍ വരുന്നില്ലെന്ന് അവരും പറഞ്ഞു.

വേദിയിലെത്തി, പേര് വിളിക്കുന്നത് കാത്ത് പിന്നില്‍ നില്‍ക്കുമ്പോള്‍ ഞാന്‍ വിറയ്ക്കുകയായിരുന്നു. ബോധം കെട്ട് വീഴുമെന്ന് വരെ തോന്നി. എനിക്കിത് പറ്റുമെന്ന് തോന്നുന്നില്ലെന്ന് പറഞ്ഞു. ബീന പോള്‍ അവിടെ ഉണ്ടായിരുന്നു. ഞങ്ങള്‍ കൂടെയുണ്ടാകുമെന്ന് പറഞ്ഞു. എങ്കിലും എനിക്ക് ആശങ്കയായിരുന്നു. വലിയൊരു ആള്‍ക്കൂട്ടം അവിടെയുണ്ടെന്ന് ശബ്ദം കേട്ട് ഞാന്‍ മനസിലാക്കി. എന്റെ പേര് പറഞ്ഞതും ഞാന്‍ ബ്ലാങ്ക് ആയിപ്പോയി. സിനിമയിലൊക്കെ സംഭവിക്കുന്നത് പോലെ. സ്റ്റേജിലെത്തിയതും ഞാന്‍ അയാം ഒക്കെ മാസ്‌ക് എടുത്തണിഞ്ഞു.

ആ ജനക്കൂട്ടം, അവരുടെ കയ്യടികള്‍. അതേക്കുറിച്ച് സംസാരിക്കുമ്പോഴൊക്കെ എന്റെ കണ്ണുകള്‍ നിറയും. എല്ലാവരും എഴുന്നേറ്റ് നിന്നു. കയ്യടികളോടെ എന്നെ അവര്‍ വരവേറ്റു. എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. ഇത് ശരിക്കും സംഭവിക്കുന്നതാണോ? ആ നിമിഷം എനിക്ക് വളരെ വലുതാണ്. ഞാന്‍ ഒറ്റയ്ക്കല്ല എന്ന് തിരിച്ചറിഞ്ഞ നിമിഷമാണത്. ഒരുപാട് പേരുണ്ട് എന്റെ കൂടെ എന്ന് തിരിച്ചറിഞ്ഞു. ഞാനൊരു ഗുഹയ്ക്കുള്ളില്‍ ജീവിക്കുകയായിരുന്നു. സ്വയം സംരക്ഷിക്കുകയായിരുന്നു. അങ്ങനെയിരിക്കെയാണ് അതുപോലൊന്ന് സംഭവിക്കുന്നത്. ആ സംഭവം എനിക്ക് ഒരുപാട് ധൈര്യം നല്‍കി. അതില്‍ ഞാന്‍ അവരോട് കടപ്പെട്ടിരിക്കുന്നു.

കണ്ണീര്‍ അടക്കിപ്പിടിച്ചാണ് അന്ന് ഞാന്‍ ആ വേദിയില്‍ നിന്നത്. രണ്ടോ മൂന്നോ വാക്കേ സംസാരിച്ചുള്ളൂ. സ്റ്റേജില്‍ നിന്നിറങ്ങിയതും ഞാന്‍ പൊട്ടിക്കരഞ്ഞു. മണിക്കൂറുകളോളം കരഞ്ഞു. എന്റെ ആദ്യ സിനിമയുടെ സംവിധായകന്‍ കമല്‍ സാര്‍ അവിടെയുണ്ടായിരുന്നു. അദ്ദേഹം എന്നെ ആശ്വസിപ്പിച്ചു കൊണ്ടിരിക്കുകയായിരുന്നു. മണിക്കൂറുകളോളം ഞാന്‍ കരഞ്ഞു. വര്‍ഷങ്ങളായി ഞാന്‍ കാത്തിരുന്ന, സ്നേഹവും കരുത്തും, പിന്തുണയുമെല്ലാം എന്നെ വികാരധീനയാക്കി. എനിക്ക് പോലും അറിയില്ലായിരുന്നു ആ സ്നേഹം ഞാന്‍ ആഗ്രഹിച്ചിരുന്നുവെന്ന്.

ആ രാത്രി മുഴുവന്‍ ഞാന്‍ കരയുകയായിരുന്നു. ഞാന്‍ ഹോട്ടലിലെത്തിയതും അമ്മയേയും നവീനേയും വിളിച്ചു. സുഹൃത്തുക്കളെ വിളിച്ചു. ഒരു വാക്കു പോലും പറഞ്ഞില്ല. കരയുക മാത്രമായിരുന്നു. വളരെ വൈകാരികമായിരുന്നു. ഇതുപോലൊരു സംഭവത്തിലൂടെ കടന്നു പോകേണ്ടി വരികയും, ശേഷം അതുപോലൊരു പിന്തുണയും സ്നേഹം ലഭിക്കുകയും ചെയ്യുന്നത് എളുപ്പമല്ല. ജനങ്ങളോട് ഞാന്‍ കടപ്പെട്ടിരിക്കുന്നുവെന്നും നടി പറഞ്ഞു.

മാത്രമല്ലതാന്‍ കടന്നുപോകുന്ന കടുത്ത വൈകാരിക സംഘര്‍ഷങ്ങളെയും 'നിശബ്ദമായ പോരാട്ട'ത്തെയും കുറിച്ച് തുറന്നുപറഞ്ഞു. പുതിയ ചിത്രമായ 'അനോമി'യുടെ പ്രചാരണത്തിന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിലാണ് ഒന്നരമാസത്തോളം വീടിന് പുറത്തിറങ്ങാതെ മാനസികമായി ഒറ്റപ്പെട്ട അവസ്ഥയിലൂടെയാണ് താന്‍ കടന്നുപോയതെന്ന് ഭാവന വെളിപ്പെടുത്തിയത്. 

 'പല വികാരങ്ങളിലൂടെയാണ് ഞാന്‍ കടന്നുപോകുന്നത്. ചില ദിവസങ്ങളില്‍ താന്‍ സാധാരണ നിലയിലായിരിക്കും, ചിലപ്പോള്‍ അങ്ങനെയാകാന്‍ ശ്രമിക്കുകയായിരിക്കും, മറ്റു ചിലപ്പോള്‍ തീര്‍ത്തും പ്രതികൂലമായ അവസ്ഥയിലായിരിക്കും,' ഭാവന പറഞ്ഞു. ചെറുപ്പത്തില്‍ തന്നെ സിനിമാമേഖലയിലെത്തിയതുകൊണ്ടാവാം, എപ്പോഴും ചിരിച്ചും സന്തോഷത്തോടെയും കാണപ്പെടണം എന്നൊരു ചിന്ത മനസ്സിലുണ്ടെന്നും, പ്രശ്‌നങ്ങളിലൂടെ കടന്നുപോകുമ്പോഴും ക്യാമറയ്ക്ക് മുന്നിലെത്തുമ്പോള്‍ സന്തോഷം അഭിനയിക്കാന്‍ താന്‍ കൂടുതല്‍ പരിശ്രമിക്കാറുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇത് സ്വഭാവികമായി സംഭവിക്കുന്നതാണെങ്കിലും, തനിക്കിത് ചെയ്യാന്‍ ആഗ്രഹമില്ലെന്നും ഭാവന വ്യക്തമാക്കി. 

കുടുംബാംഗങ്ങളെയും അടുത്ത സുഹൃത്തുക്കളെയും ഒഴികെ മറ്റാരെയും കാണാന്‍ താന്‍ തയ്യാറായിരുന്നില്ലെന്ന് ഭാവന വെളിപ്പെടുത്തി. 'ഒന്നര മാസം ഞാന്‍ എന്റെ സേഫ്റ്റി ബബിളിനുള്ളിലായിരുന്നു. ആളുകളെ കാണാനോ പുറത്തിറങ്ങാനോ തയ്യാറായില്ല. എന്നെ വിധിക്കില്ലെന്ന് ഉറപ്പുള്ളവരെ മാത്രമാണ് കണ്ടത്,' അവര്‍ പറഞ്ഞു. ഈ അഭിമുഖത്തിനായി തയ്യാറെടുക്കുമ്പോള്‍ പോലും തനിക്ക് നെഞ്ചിടിപ്പുണ്ടാവുകയും ഒരു നിമിഷം ശൂന്യമായിപ്പോവുകയും ചെയ്തുവെന്നും, ചിരിക്കണോ വേണ്ടയോ എന്ന് സംശയമുണ്ടായെന്നും ഭാവന ഓര്‍മിച്ചു.  

എന്നാല്‍, ഈ അവസ്ഥയില്‍ എന്നെന്നും തുടരാന്‍ സാധിക്കില്ലെന്ന് തനിക്കറിയാമെന്നും, തന്റെ സിനിമ പുറത്തിറങ്ങാനുണ്ടെന്നും, അതില്‍ തനിക്ക് വിശ്വാസമുണ്ടെന്നും, തന്റെ ടീമിനെ കൈവിടാന്‍ കഴിയില്ലെന്നും ഭാവന ഉറച്ച ശബ്ദത്തില്‍ കൂട്ടിച്ചേര്‍ത്തു. ഭാവന

മലയാള സിനിമയില്‍ നിന്ന് ഇടവേള എടുക്കണമെന്ന് പെട്ടെന്ന് തോന്നിയെന്നും, കന്നഡയിലാണ് താന്‍ സേഫ് എന്ന തോന്നല്‍ വന്നുവെന്നും ഭാവന പറഞ്ഞു. ഇടവേള എന്നത് തന്റെ മാത്രം തീരുമാനമായിരുന്നുവെന്നും മമ്മൂട്ടി, ആഷിഖ് അബു, പൃഥ്വിരാജ്, ജയസൂര്യ എന്നിവരുടെ സിനിമകള്‍ വന്നിട്ട് വരെ അഭിനയിക്കാന്‍ തയ്യാറായിരുന്നില്ലെന്നും ഭാവന കൂട്ടിച്ചേര്‍ത്തു.

മലയാള സിനിമയില്‍ നിന്ന് ഒരു ബ്രേക്ക് എടുക്കണമെന്ന് എനിക്ക് പെട്ടെന്ന് തോന്നി. കുറഞ്ഞപക്ഷം, ഞാന്‍ മലയാളത്തില്‍ അഭിനയിക്കുന്നതേയില്ലല്ലോ, അവിടെയുള്ള കാര്യങ്ങള്‍ എനിക്ക് അറിയേണ്ടതില്ലല്ലോ എന്ന ചിന്തയായിരുന്നു. ആ ഇടവേള എന്റെ മാത്രം തീരുമാനമായിരുന്നു. അപ്പോഴും മലയാള സിനിമയിലുള്ള എന്റെ സുഹൃത്തുക്കള്‍ എന്നെ വിളിക്കുകയും സിനിമകള്‍ ചെയ്യണമെന്ന് പറയുകയും ചെയ്തിരുന്നു. ആഷിഖ് അബു, പൃഥ്വിരാജ്, ജയസൂര്യ, ഒരു മമ്മൂക്ക സിനിമയോട് വരെ ഞാന്‍ നോ പറഞ്ഞു. എന്തിന് നോ പറഞ്ഞു എന്ന് ചോദിച്ചാല്‍, സത്യം പറഞ്ഞാല്‍ എനിക്ക് മറുപടിയില്ല.' ഭാവന പറയുന്നു.

'ആ സമയത്ത് ആ തീരുമാനത്തില്‍ ഞാന്‍ ഓക്കേ ആയിരുന്നു. കന്നടയിലാണ് സേഫ് എന്ന തോന്നല്‍ എനിക്ക് വന്നു. മലയാളം സിനിമ വീണ്ടും ചെയ്യുന്നതിനെ കുറിച്ച് എനിക്കൊരു പ്ലാനേ ഉണ്ടായിരുന്നില്ല. കന്നട സിനിമയില്‍ ഞാന്‍ തൃപ്തയായിരുന്നു, വര്‍ക്കിന് പോകുന്നു, തിരിച്ച് വീട്ടിലെത്തുന്നു, ഇഷ്ടമുള്ളത് കാണുന്നു എന്ന കംഫര്‍ട്ട് സോണിലായിരുന്നു ഞാന്‍.' ഭാവന കൂട്ടിച്ചേര്‍ത്തു.

Read more topics: # ഭാവന
bhavana about her movies and life

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES