തന്റെ കോളേജ് കാലത്തെ പ്രണയകഥയെ കുറിച്ച് മനസ്സ് തുറന്ന് 'സര്‍വ്വം മായ' എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടി റിയ ഷിബു. ഒരു പ്രമുഖ വനിതാ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് റിയ തന്റെ ക്രഷ് കഥ പങ്കുവെച്ചത്. ഇഷ്ടം തുറന്നുപറയാതെ, തന്റെ ക്രഷിന് മറ്റൊരു പെണ്‍കുട്ടിയെ സെറ്റാക്കി കൊടുത്തുമെന്നാണ് നടി പറഞ്ഞത്.
'പെണ്‍കുട്ടികള്‍ക്കു പൊതുവേ പ്രായം കൂടിയവരോടാകും പ്രണയം തോന്നുക എന്നാണെന്റെ തോന്നല്‍. എനിക്കും കോളജില്‍ സീനിയര്‍ ചേട്ടനോട് ക്രഷ് ഉണ്ടായിരുന്നു. ഡെലൂലുവിനെപ്പോലെ ഞാനതു പറഞ്ഞില്ല. പകരം ആള്‍ക്ക് വേറൊരു പെണ്‍കുട്ടിയെ സെറ്റ് ആക്കിക്കൊടുത്തു,' റിയ വിവരിച്ചു. തന്നോട് ഇഷ്ടമാണെന്ന് തിരികെ കേള്‍ക്കാന്‍ വേണ്ടിയാണ് അങ്ങനെയൊരു നീക്കം നടത്തിയതെങ്കിലും, ഒടുവില്‍ ആ സീനിയര്‍ മറ്റേ പെണ്‍കുട്ടിയുമായി പ്രണയത്തിലാവുകയായിരുന്നുവെന്നും റിയ കൂട്ടിച്ചേര്‍ത്തു. 'ഒടുവില്‍ അവരു സെറ്റ് ആയി. എനിക്കു സത്യത്തില്‍ എന്തിന്റെ കുഴപ്പമായിരുന്നു? ദാറ്റ് ഈസ് മൈ ലവ് സ്റ്റോറി,' റിയ ഷിബു പറഞ്ഞു.
സര്‍വ്വം മായ' എന്ന ചിത്രത്തിലെ 'ഡെലൂലു' എന്ന കഥാപാത്രത്തിലൂടെയാണ് റിയ ഷിബു പ്രേക്ഷകരുടെ ശ്രദ്ധ നേടിയത്. ചിത്രത്തില്‍ നിവിന്‍ പോളിയുമായുള്ള റിയയുടെ കോമ്പിനേഷന്‍ വലിയ വിജയത്തിന് കാരണമായി. ക്രിസ്മസിന് റിലീസ് ചെയ്ത 'സര്‍വ്വം മായ' ബോക്‌സ് ഓഫീസില്‍ മികച്ച പ്രകടനം കാഴ്ചവെക്കുകയും ജനുവരിയിലും കുതിപ്പ് തുടരുകയുമാണ്. ആറ് വര്‍ഷത്തിന് ശേഷമുള്ള നിവിന്‍ പോളിയുടെ ശക്തമായ തിരിച്ചുവരവ് കൂടിയായി ഈ ചിത്രം വിലയിരുത്തപ്പെടുന്നു. ഇതിനോടകം 130 കോടി രൂപ നേടിയ ചിത്രം അധികം വൈകാതെ 150 കോടി ക്ലബ്ബില്‍ എത്തുമെന്നാണ് സിനിമാ വിദഗ്ദ്ധര്‍ പ്രവചിക്കുന്നത്.